കാണാതായവർക്കായുള്ള തെരച്ചിൽ നിലച്ചു
അദീപ് ബേബി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 47 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇത്രയും പേരെ കണ്ടെത്താനുള്ളപ്പോഴും ദുരന്തഭൂമിയിൽ തെരച്ചിൽ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. പലവട്ടം തെരച്ചിൽ നടത്തിയതിനാൽ ഇനി തെരച്ചിൽ നടത്തിയിട്ടു കാര്യമില്ലെന്നാണു സർക്കാർ വാദം. ഒന്നര മാസത്തോളമായി തെരച്ചിൽ നിലച്ചിട്ട്. സൂചിപ്പാറ ചാലിയാർ ഭാഗത്ത് ഇനിയും തെരച്ചിൽ നടത്തണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടെങ്കിലും തെരച്ചിൽ പുനരാരംഭിച്ചിട്ടില്ല.
പ്രാർഥിക്കാനും ശേഷക്രിയകൾക്കായും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശേഷിക്കുന്ന എന്തെങ്കിലും ഭാഗം കണ്ടെത്തി നൽകണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. എൻഡിആർഎഫ്, സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷാസേന, വനം ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ക്ലബ് പ്രവർത്തകർ, വ്യോമസേന, പോലീസ് എന്നീ വിഭാഗങ്ങളും തദ്ദേശീയരുമാണ് തെരച്ചിൽ നടത്തിയിരുന്നത്.
സർക്കാർ ഇതര സഹായങ്ങൾ
ദുരന്തബാധിതരായ ജനങ്ങളെ കൈപിടിച്ചുയർത്താൻ നാടിന്റെ നാനാഭാഗത്തുനിന്ന് സഹായ വാഗ്ദാനങ്ങളുടെ പ്രവാഹമാണുണ്ടായത്. ദുരന്തവേളയിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം നാട്ടുകാരും സ്ഥാപനങ്ങളും പ്രവാസിസമൂഹവും സഹായിക്കാൻ മുന്നോട്ടു വന്നു. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിൽ (കെസിബിസി) 100 വീട്, രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ 100 വീട് എന്നിങ്ങനെ 800ലേറെ വീടുകൾ നിർമിച്ചു നൽകാൻ വിവിധ സ്ഥാപനങ്ങളും വ്യക്തികളും സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇതു കൂടാതെ ടൗണ്‍ഷിപ്പിലേക്ക് ആവശ്യമായ ആശുപത്രി, സ്കൂൾ, ഹെൽത്ത് സെന്റർ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിനുള്ള വാഗ്ദാനങ്ങളും ലഭ്യമായിട്ടുണ്ട്. ടൗണ്‍ഷിപ്പിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കിയശേഷം വാഗ്ദാനങ്ങൾ നൽകിയവരുമായി വിശദമായ ചർച്ചകൾ നടത്തി പ്രായോഗികമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്.
കെസിബിസി പുനരധിവാസത്തിനായി പദ്ധതികൾ തയാറാക്കി മുന്നോട്ടു പോകുന്നുണ്ട്. സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്തോ സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികൾ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ വീടുകൾ നിർമിച്ചുനൽകാനാണു പദ്ധതി തയാറാക്കുന്നത്. മറ്റു ജില്ലകളിൽ വന്നു താമസിക്കാൻ താത്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യവും ചെയ്തുകൊടുക്കും. സർക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിർമാണപ്രവൃത്തികൾ ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭങ്ങൾ, സാമൂഹ്യസുരക്ഷാ പദ്ധതികൾ, മാനസിക പിന്തുണ, ഒറ്റപ്പെട്ട വ്യക്തികളെയും കുട്ടികളെയും സംരക്ഷിക്കുക എന്നിവയാണു പദ്ധതികൾ. ദുരന്തത്തിൽ വീടും വരുമാനമാർഗവും നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും 9,500 രൂപ വീതം അടിയന്തര സാന്പത്തിക സഹായമായി കെസിബിസി ഇതിനോടകം നൽകിക്കഴിഞ്ഞു.
കേന്ദ്രസഹായം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാൻ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയിട്ടും ഫലമൊന്നും കണ്ടില്ല. ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾ വിശദമാക്കി കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച വേളയിലും അതിനുശേഷം അദ്ദേഹത്തെ നേരിൽക്കണ്ടും മുഖ്യമന്ത്രി സഹായാഭ്യർഥന നടത്തി. എന്നാൽ ഇതുവരെ അടിയന്തര സഹായം ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ ഗണത്തിൽപ്പെടുന്നതാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തം. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങൾക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിനു ലഭിച്ചില്ല.
ദേശീയ ദുരന്തനിവാരണ നിയമം, 2005ലെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്ക് തീവ്രദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അധികാരമുണ്ട്. പ്രസ്തുത അധികാരം വിനിയോഗിക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഇടപെടേണ്ടതുണ്ട്. അടിയന്തര സഹായം ലഭ്യമാകുന്നതിൽ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സംസ്ഥാന സർക്കാർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാന്പത്തികസഹായം ലഭ്യമാക്കുകയും ദുരിതബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നതിന് നടപടിയെടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്.
പ്രധാനമന്ത്രി നേരിട്ടു കണ്ടിട്ടും...
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു കണ്ടു മനസിലാക്കിയതാണ് ദുരന്തത്തിന്റെ വ്യാപ്തി. ചൂരൽമലയും മുണ്ടക്കൈയുമെല്ലാം പ്രധാനമന്ത്രി നടന്നു കണ്ടു; നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. ദുരിതാശ്വാസ ക്യാന്പിലെത്തി ആളുകളെ ആശ്വസിപ്പിച്ചു. പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തി സാന്ത്വനിപ്പിച്ചു. ഉറ്റവർ നഷ്ടമായ കുഞ്ഞുങ്ങളെ വാരിപ്പുണർന്ന് സ്നേഹം നൽകി.
എന്നാൽ, പ്രധാനമന്ത്രി സന്ദർശനം നടത്തി രണ്ടു മാസം പിന്നിട്ടിട്ടും കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല. 2000 കോടി രൂപയുടെ സഹായമാണു കേരളം ആവശ്യപ്പെട്ടത്. കേരളം നൽകിയ മെമ്മോറാണ്ടത്തിലെ അവ്യക്തതയാണു സഹായം വൈകാൻ കാരണമെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. ചെലവുകൾ പെരുപ്പിച്ചു കാണിച്ചത് സഹായം ലഭിക്കാൻ തിരിച്ചടിയായിട്ടുണ്ടെന്നും വിമർശനമുണ്ട്. ദുരന്തം ഉണ്ടായതിനുശേഷം സംസ്ഥാനത്തിന് 145.60 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സ്ഥിരം പുനരധിവാസത്തിനടക്കം 2,000 കോടി രൂപയിലധികം ആവശ്യമാണെന്നിരിക്കെയാണു കേന്ദ്രസർക്കാരിന്റെ അവഗണന.
ഏറെ പ്രതീക്ഷയോടെയാണു പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ദുരന്തം അതിജീവിച്ചവർ നോക്കിക്കണ്ടത്. അന്നുതന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും സംസ്ഥാന സർക്കാർ മെമ്മോറാണ്ടം നൽകണമെന്ന നിർദേശം മാത്രമാണ് അന്നു പ്രധാനമന്ത്രിയിൽനിന്നുണ്ടായത്. അടിയന്തര സഹായധനം നൽകാൻ മെമ്മോറാണ്ടത്തിന്റെ ആവശ്യമില്ലെന്ന വസ്തുതപോലും വയനാടിന്റെ കാര്യത്തിൽ കേന്ദ്രം പരിഗണിച്ചില്ല. രാജ്യം കേരളത്തോടൊപ്പമുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുപോലും തങ്ങളെ വഞ്ചിക്കാനായിരുന്നെന്ന് ദുരന്തത്തെ അതിജീവിച്ചവർ ആരോപിച്ചുതുടങ്ങിയിരിക്കുന്നു.
വയനാടിന് ചെയ്യാനുള്ളതൊക്കെ ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം കൊച്ചിയിൽ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിലെ വാഗ്ദാനങ്ങൾ പാഴായെന്ന പ്രചാരണം ഉപേക്ഷിക്കണമെന്നും വയനാടിന് കേന്ദ്രസർക്കാരിന്റെ കരുതലും സഹായവും ലഭിക്കുമെന്നുമാണ് നിർമല നൽകിയ ഉറപ്പ്. എന്തൊക്കെയാണോ ചെയ്യേണ്ടത് അതൊക്കെ ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ, വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുന്നതിലുള്ള കാലതാമസം ദുരിതബാധിതരെ നിരാശരാക്കുന്നുവെന്നതാണ് യാഥാർഥ്യം.
ഹൈക്കോടതി ഇടപെടൽ
മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് വളരെ പ്രാധാന്യമുള്ളതാണ്. കേരളം സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ വെളിച്ചത്തിൽ, ദുരന്തബാധിതരായ ആളുകളുടെ വായ്പകൾ ദുരന്തനിവാരണ നിയമം സെക്ഷൻ 13 അനുസരിച്ച് എഴുതിത്തള്ളുന്നതു സംബന്ധിച്ചും വിവിധങ്ങളായ മറ്റ് ആവശ്യങ്ങൾ മെമ്മോറാണ്ടത്തിൽ ഉന്നയിച്ചതു സംബന്ധിച്ചും കേന്ദ്രസർക്കാരിനോടു വിശദമായ മറുപടി നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാരിനോട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്നും അധിക സഹായം നൽകുന്നതു സംബന്ധിച്ച് അടിയന്തര തീരുമാനം കൈക്കൊണ്ട് കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന് ഇതു പ്രതീക്ഷ നൽകുന്നതാണ്.
അതിജീവനത്തിനൊരുങ്ങി വയനാട്
അതിജീവനത്തിനായി വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തയാറെടുത്തുകഴിഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം തകർന്ന വയനാടിന്റെ വിനോദസഞ്ചാര മേഖലയെ പൂർവാധികം ഊർജിതമായി തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ‘വയനാട് ഉത്സവ്’ സംഘടിപ്പിച്ചാണ് ടൂറിസം മേഖല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. “സഞ്ചാരികളേ വരൂ; വയനാട് സുരക്ഷിതമാണ്” എന്ന സന്ദേശത്തിനു പിന്നാലെയാണ് ‘വയനാട് ഉത്സവ്’ ആകർഷകമായത്. നിരവധി സഞ്ചാരികളും സ്വദേശികളുമാണ് രണ്ടാഴ്ചയോളം നീണ്ടുനിന്ന ഉത്സവിന് എത്തിയത്. കാരാപ്പുഴ ഡാം, വൈത്തിരി എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, സുൽത്താൻ ബത്തേരി ടൗണ്‍ സ്ക്വയർ എന്നിവിടങ്ങളിലായാണു വൈവിധ്യമാർന്ന പരിപാടികൾ നടന്നത്. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, എൻ ഊര്, ജലസേചന വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. വയനാടിന്റെ തിരിച്ചുവരവിനായി അശ്രാന്തപരിശ്രമമാണു ജില്ലാ ഭരണകൂടം നടത്തുന്നത്. ദുരന്തബാധിതർക്കൊപ്പം വയനാടിനെയും കൈപിടിച്ചേ മതിയാകൂ. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആത്മാർഥമായ ഇടപെടലുകൾ നടത്തണം. ഇല്ലെങ്കിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരോടും ദുരന്തത്തെ അതിജീവിച്ചവരോടും ചെയ്യുന്ന കൊടുംക്രൂരതയാകും അത്.
(അവസാനിച്ചു)