സൈബർ അടിമത്തത്തിനെതിരേ ജാഗരൂകരാകാം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ, വലിപ്പച്ചെറുപ്പമില്ലാതെ ഏവരുടെയും കീശയിൽ ഇടംപിടിച്ച സ്മാർട്ട് ഫോണും അതോടൊപ്പം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ അമിത ഇന്റർനെറ്റ് ഉപയോഗവും പുതുതലമുറയെ കൊണ്ടെത്തിക്കുന്ന കുരുക്കുകൾ മുന്പെങ്ങുമില്ലാത്തവണ്ണം സങ്കീർണമാണ്. ഇതിൽ ഒടുവിലത്തേതാണു സൈബർ അടിമത്തം (cyber slavery). ആകർഷകമായ ജോലികൾ വാഗ്ദാനം ചെയ്തു യുവതലമുറയെ വിദേശരാജ്യങ്ങളിൽ എത്തിച്ച് സൈബർ തട്ടിപ്പ് കൂട്ടങ്ങളുടെ അടിമകളാക്കുന്ന രീതിയാണു സൈബർ അടിമത്തം എന്നറിയപ്പെടുന്നത്.
ഈ നവയുഗ അടിമത്തത്തിന്റെ വലക്കണ്ണികൾ പൊട്ടിക്കാനാകാതെ അന്യദേശങ്ങളിൽ ശ്വാസം മുട്ടിക്കഴിയുന്ന ഇന്ത്യക്കാരുടെ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണു അടുത്തിടെ കേന്ദ്രസർക്കാർ പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സന്ദർശകവീസയിൽ വിദേശരാജ്യങ്ങളിലേക്കു പോയവരിൽ പലരും മടങ്ങിവന്നിട്ടില്ലെന്നു സർക്കാർ വ്യക്തമാക്കുന്നു. ഇവരിലേറെയും ചെറുപ്പക്കാരാണ്.
അടിമത്തത്തിലേക്കുള്ള പാത
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിലെ വ്യാജ ജോലി വാഗ്ദാനങ്ങളാണ് ഇവയിൽ ഒന്നാമത്തേത്. വൻതുക ശന്പളം ലഭിക്കുമെന്നു കേൾക്കുന്പോൾ പലരും ഇതിൽ വീഴുന്നു. കൂടാതെ പല മാനങ്ങളും ഈ തട്ടിപ്പിനുണ്ട്.
വ്യാജ ഇന്റർവ്യൂകൾ നടത്തുക, വ്യാജ കോണ്ട്രാക്ടുകൾ നൽകുക, വ്യാജ യാത്രാരേഖകൾ സംഘടിപ്പിച്ചു നൽകുക എന്നിവയിലൂടെ ഇരകളുടെ വിശ്വാസം പിടിച്ചുപറ്റാനും തട്ടിപ്പുസംഘങ്ങൾക്ക് കഴിയുന്നു. എന്നാൽ ഇത്തരം കുറ്റവാളികളെ കണ്ടെത്തുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥർക്ക് അത്ര എളുപ്പമല്ല. സ്ഥിരമായി ഒരിടത്ത് ഇവർ തങ്ങാറില്ല എന്നതാണു പ്രധാന കാരണം. വ്യാജ പേരുകളും മേൽവിലാസങ്ങളുമാകും ഇവർ കൂടുതലും ഉപയോഗിക്കുക. വ്യാജ കന്പനികൾക്ക് രൂപം നൽകുന്നതിലൂടെ, തങ്ങളുടെ പ്രവർത്തനങ്ങൾ ആധികാരികമാണെന്നു തോന്നിപ്പിക്കുന്നതിലൂടെ, അന്വേഷണ ഏജൻസികളെ ആശയക്കുഴപ്പത്തിലാക്കാനും ഇവർ ശ്രമിക്കാറുണ്ട്.
തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം?
അല്പമൊന്നു ശ്രമിച്ചാൽ വ്യാജ ജോലി വാഗ്ദാനങ്ങൾ തിരിച്ചറിയാൻ ആർക്കും സാധിക്കും. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കും വളരെ മുകളിലുള്ള തസ്തികയും കണ്ണു മഞ്ഞളിക്കുന്ന ശന്പളവുമാണ് വാഗ്ദാനമെങ്കിൽ എന്തോ പന്തികേടുണ്ടെന്ന് നിസംശയം പറയാം. സർവീസ് ചാർജ് അല്ലെങ്കിൽ റിക്രൂട്ട്മെന്റ് ഫീസ് എന്നപേരിൽ മുൻകൂറായി വലിയ തുകകൾ ആവശ്യപ്പെടുന്നവരെയും ഒഴിവാക്കണം. ജോലി വാഗ്ദാനവുമായി എത്തുന്നവർ ആശയവിനിമയം നടത്തുന്ന രീതിയും ശ്രദ്ധിക്കണം. അനൗദ്യോഗിക ഇ-മെയിൽ ഐഡികൾ ഉപയോഗിച്ചു നടത്തുന്ന, തീർത്തും പ്രഫഷണൽ മൂല്യങ്ങൾക്കു നിരക്കാത്ത ആശയവിനിമയമാണങ്കിൽ അതൊരു ആപത്സൂചനയാണ്. മുഖാമുഖമുള്ള സംസാരം ഒഴിവാക്കാൻ ശ്രമിക്കുന്നവരെയും സംശയിക്കാം.
കെണിയിലകപ്പെടാതെ നോക്കാം
ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗിച്ച് ഗവേഷണം നടത്തുകയെന്നതാണു ആദ്യപടി. വിദേശജോലിക്ക് അപേക്ഷിക്കാനൊരുങ്ങുന്നവർ കന്പനി, റിക്രൂട്ടർ, ജോലിയുടെ സ്വഭാവം, മറ്റു വശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കാൻ മടിക്കരുത്. അതുപോലെ, റിക്രൂട്ടറുമായി നടത്തുന്ന ഓരോ ആശയവിനിമയവും അതിന്റെ ഡിജിറ്റൽ രേഖകളും സൂക്ഷിച്ചുവയ്ക്കുകയും വേണം. പലപ്പോഴും ഇവ വിലപ്പെട്ട തെളിവുകളുടെ രൂപത്തിൽ ഭാവിയിൽ ഉപകരിച്ചേക്കാം.
യാത്രാവേളയിൽ നമ്മുടെ യാത്രാപദ്ധതികളും ഫോണ് നന്പറും കുടുംബാംഗങ്ങൾക്കു നിർബന്ധമായും നൽകണം. വിദേശത്തു വച്ച് എന്തു സഹായത്തിനും അവിടുത്തെ ഇന്ത്യൻ എംബസിയെയോ ആ രാജ്യത്തെ നിയമപാലകരെയോ സമീപിക്കാൻ ശങ്കിക്കേണ്ട ആവശ്യമില്ല. വിദേശമണ്ണിൽ വച്ച് കെണിയിൽപ്പെടുകയും തങ്ങൾ നിരന്തരം വേട്ടക്കാരുടെ നിരീക്ഷണത്തിലാണെന്നു ഭയപ്പെടുകയും ചെയ്യുന്നവർ, വിശ്വാസമുള്ള മറ്റാരെങ്കിലും വഴി നിയമസഹായം തേടണം.
വിശ്വസ്തനായ ഒരു സഹപ്രവർത്തകനെ ഇതിനായി നിയോഗിക്കാം. കൂടാതെ കെണിയിൽപ്പെടുത്തിയവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ശ്രമിക്കുക. ഇന്റർപോൾ പോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്കും ഇത്തരം അത്യാഹിതങ്ങളിൽ അകപ്പെട്ടവരെ രക്ഷിക്കാനാകും. മനുഷ്യക്കടത്തിനെതിരേ പ്രവർത്തിക്കുന്ന ധാരാളം എൻജിഒകൾ ലോകത്തെന്പാടുമുണ്ട്. അവരുമായി ബന്ധപ്പെടുന്നതും ഉചിതമാണ്.