ദുരന്തബാധിതരെ കേൾക്കണം
അദീപ് ബേബി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം മാത്രമാണു പൂർത്തിയായത്. ക്യാന്പുകളിലുണ്ടായിരുന്ന ആയിരത്തോളം കുടുംബങ്ങളിലെ മൂവായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു മാറിത്താമസിച്ചത്. സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോണ്സർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തംനിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്കാണു മാറിയത്.
ദുരന്തബാധിതരായ കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്കു പ്രതിദിനം 300 രൂപ വീതം ധനസഹായം നൽകുന്നുണ്ട്. എന്നാലിത് ഒരു മാസം മാത്രമാണു നൽകാനാകുക. ഈ സഹായം തുടർന്നു ലഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കണം. കേരള സർക്കാർ ഇതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും തുടർനടപടികൾ വൈകുകയാണ്. സർക്കാർ സഹായമായ 300 രൂപകൂടി ലഭിക്കാതായാൽ ദുരന്തബാധിതർ ഇനിയും ദുരന്തത്തിൽ അകപ്പെടുന്ന അവസ്ഥ സംജാതമാകും.
പുനരധിവാസ ഗുണഭോക്തൃ പട്ടിക തയാറാക്കുന്പോൾ മേഖലയിൽ വിതരണം ചെയ്ത റേഷൻ കാർഡുകളുടെ പട്ടിക, കെഎസ്ഇബി ജിയോ റഫറൻസ് ഡാറ്റ, ഹരിതമിത്രം ആപ്പ്, റഫറൻസ് ഡാറ്റ എന്നിവയും പരിശോധിക്കും. തയാറാക്കുന്ന ഗുണഭോക്തൃ പട്ടിക ജനകീയ സമിതിയിലും ഗ്രാമസഭയിലും അവതരിപ്പിച്ച് അർഹരായവരെ കണ്ടെത്തുമെന്നും അർഹരായ എല്ലാവർക്കും സുരക്ഷിത പുനരധിവാസം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സ്ഥിരം പുനരധിവാസത്തിന് സ്ഥലമേറ്റെടുപ്പ് പൂർത്തിയായില്ല
ദുരന്തം നടന്ന് രണ്ടരമാസം പിന്നിടുന്പോഴും സ്ഥിരം പുനരധിവാസ പ്രവർത്തനങ്ങൾക്കു വേഗത പോരെന്ന ആക്ഷേപം ഉയരുന്നുണ്ട്. ടൗണ്‍ഷിപ്പ് എന്ന ആശയമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. അനുയോജ്യമായ രണ്ടു സ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.
നെടുന്പാല എച്ച്എംഎൽ എസ്റ്റേറ്റ്, കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റ് എന്നിവയാണു പരിഗണനയിലുള്ളത്. എന്നാൽ, രണ്ടു തോട്ടങ്ങളും നിയമക്കുരുക്കിലാണ്. നെടുന്പാലയിലെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷൻ ഭൂമിയാണ്. അവകാശത്തർക്കവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സർക്കാരും ഹാരിസൺസും തമ്മിൽ കേസ് നിലനിൽക്കുകയാണ്.
തൊഴിൽ പ്രശ്നത്തെത്തുടർന്ന് എൽസ്റ്റണ്‍ എസ്റ്റേറ്റിന്റെ പ്രവർത്തനം മാസങ്ങളായി നിലച്ചിരിക്കുകയാണ്. തോട്ടം മാനേജ്മെന്റിൽ അവകാശത്തർക്കവും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം പരിഹരിച്ച് തോട്ടമേറ്റെടുക്കുക എളുപ്പമാകില്ല. മേപ്പാടി പഞ്ചായത്തിൽത്തന്നെ പുനരധിവാസം നടത്തണമെന്ന ആവശ്യമാണ് ദുരന്തബാധിതർ മുന്നോട്ടു വയ്ക്കുന്നത്.
അതിനാൽത്തന്നെ കൽപ്പറ്റ നഗരപരിധിയിലുള്ള ഈ തോട്ടഭൂമി ഏറ്റെടുക്കുന്നത് എളുപ്പമാകില്ല. സ്ഥിരം പുനരധിവാസം എന്നു പൂർത്തിയാകുമെന്നറിയാതെ ആശങ്കയിലാണ് വാടകവീടുകളിലും ക്വാർട്ടേഴ്സുകളിലും ബന്ധുവീടുകളിലും കഴിയുന്നവർ.
തൊഴിൽ സംരക്ഷിക്കണം
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമിക്കുന്നതിന് കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും അരപ്പറ്റ എസ്റ്റേറ്റ് നെടുന്പാല ഡിവിഷനിലെ 65.41 ഹെക്ടർ ഭൂമിയുമാണ് കണ്ടെത്തിയത്.
നല്ല നിലയിൽ പ്രവർത്തിക്കുന്നതാണ് നെടുന്പാല ഡിവിഷൻ. ആകെ ഭൂമിയിൽ പകുതിയോളം ഏറ്റെടുക്കുന്പോൾ തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ ഗണ്യമായി കുറയും. കൂടാതെ, പുനരധിവാസത്തിൽ എത്തിച്ചേരുന്ന തൊഴിലാളികൾക്കും തൊഴിൽ നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടാകും.
ഉത്പാദനം കുറഞ്ഞ സ്ഥലമോ പ്രവർത്തനമില്ലാത്ത സ്ഥലമോ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി ഏറ്റെടുത്താൽ തൊഴിലാളികളുടെ ആശങ്കയ്ക്കു പരിഹാരമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ദുരന്തബാധിത കുടുംബങ്ങളുടെ വായ്പകൾ ഇപ്പോഴും അതിജീവിതർക്ക് തീരാബാധ്യതയായി തുടരുകയാണ്. ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബാങ്കുകൾ തയാറായിട്ടില്ല. ഏതാനും ബാങ്കുകൾ മാത്രമാണ് വായ്പകൾ എഴുതിത്തള്ളിയത്.
തുടർചികിത്സ
വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള ആളുകൾ ഇപ്പോഴും പ്രയാസം അനുഭവിക്കുകയാണ്. കിടപ്പുരോഗികളും ശസ്ത്രക്രിയ ആവശ്യമുള്ളവരും അംഗഭംഗം സംഭവിച്ചവരും ഇപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുകയാണ്. ഇവർക്കു സന്പൂർണ തുടർചികിത്സ ഉറപ്പുവരുത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനവും നൽകിക്കഴിഞ്ഞു.
എല്ലാം നഷ്ടപ്പെട്ടു വാടകവീടുകളിൽ കഴിയുന്ന ദുരന്തബാധിതർക്ക് തുടർചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. ഓർത്തോ, ന്യൂറോ, കാർഡിയോളജി, ഡെർമറ്റോളജി, പ്ലാസ്റ്റിക് സർജറി, ജനറൽ മെഡിസിൻ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ വിദഗ്ധ ചികിത്സ ആവശ്യമായവരെയും കിടപ്പുരോഗികളെയുമൊക്കെ സംബന്ധിച്ച് തുടർചികിത്സ ഗൗരവമുള്ള വിഷയമാണ്.
പല രോഗികളും തുടർചികിത്സയ്ക്കു വലിയ രീതിയിൽ കഷ്ടപ്പെടുന്ന സാഹചര്യം ഉൾക്കൊണ്ട് അപകടത്തിൽപ്പെട്ട് നേരത്തേ ചികിത്സിച്ചിരുന്ന അതേ ആശുപത്രിയിൽത്തന്നെ തുടർചികിത്സ ഉറപ്പുവരുത്തുന്നതിനും, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി, മറ്റു സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സിച്ചിരുന്ന ആളുകൾക്ക് സന്പൂർണ ചികിത്സ ലഭ്യമാക്കുന്നതിനോടൊപ്പം കാരുണ്യ പദ്ധതിയിലോ മറ്റു പദ്ധതികളിലോ ഉൾപ്പെടുത്തി ഇവരുടെ ചികിത്സ പൂർണമായും സൗജന്യമാക്കാൻ ആശുപത്രികൾക്കു നിർദേശം നൽകുന്നതിനുള്ള അടിയന്തര നടപടി സർക്കാർതലത്തിൽ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു.
(തുടരും)