കാർഷികമേഖലയുടെ സംരക്ഷണം രാജ്യനിർമിതിയിൽ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
കർഷകർ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ നെടുംതൂണാണെന്ന് ഓഗസ്റ്റ് ആദ്യവാരം ന്യൂഡൽഹിയിൽ നടന്ന 32-ാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓഫ് അഗ്രികൾച്ചറൽ ഇക്കോണമിസ്റ്റ്സ് ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുകയുണ്ടായി.
കൃഷിഭൂമിയുടെയും ജലസ്രോതസുകളുടെയും ലഭ്യത കുറയുകയും കാലാവസ്ഥാ വ്യതിയാനം വർധിതമാകുകയും ചെയ്തിട്ടും രാജ്യത്തെ കാർഷികമേഖല മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ 2014-2023 കാലത്തെ റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നു.
രാജ്യം കർഷകരെ മാനിക്കുന്നുവെന്നത് പ്രചോദനാത്മകമാണ്. പ്രതികൂല സാഹചര്യങ്ങളിലും മണ്ണിൽനിന്ന് പൊന്ന് വിളയിക്കുന്നത് കർഷകരുടെ ആർജവം കെട്ടുപോയിട്ടില്ല എന്നതിനു തെളിവാണ്. വയലും വീടും (കൃഷിയും രാജ്യവും) പരസ്പരം ആശ്രയിച്ചു നിൽക്കുന്നവയാണ്.
കർഷകർ ഒരേസമയം ഉത്പാദകരും ഉപഭോക്താക്കളുമാണ്. ഉത്പാദനമേഖലയിലെ വിലയിടിവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും ഒരേസമയം അവർ അഭിമുഖീകരിക്കുന്നു. ഈ ഇരട്ടപ്രശ്നം (പ്രഹരം) അനുഭവിക്കുന്നത് മുഴുവൻ സമയവും കാർഷികവൃത്തിയിലേർപ്പെടുന്നവർ മാത്രമാണ്. കേരളത്തിൽ നാണ്യവിളകളുടെ വിലത്തകർച്ചയാണു കാർഷികമേഖലയെ പതിവുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
അനുകൂല സാഹചര്യങ്ങൾ
വളരെ നാളുകൾക്കുശേഷം ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് റബറിനു വില കൂടിയെങ്കിലും അതു നിലനിന്നതായി കണ്ടില്ല. പതിവ് തെരഞ്ഞെടുപ്പ് രംഗസജ്ജീകരണത്തിന്റെ ഭാഗമായിട്ടാണ് റബർ കർഷകരും അതിനെ കണ്ടത്. എന്നാൽ, അന്താരാഷ്ട്രതലത്തിൽ റബറിന് അനുകൂലാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. സെർബിയയിലും കംബോഡിയയിലും പുതിയ ടയർ ഫാക്ടറികൾക്ക് ചൈനീസ് കന്പനികൾ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്.
സ്വാഭാവിക റബറിന്റെ ഇറക്കുമതിക്ക് അനുകൂല സാഹചര്യം ജപ്പാൻ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ വന്നിട്ടുണ്ട്. റബർ ബോർഡിന്റെ സ്ഥിതിവിവര കണക്കുകൾ പ്രകാരം സ്വാഭാവിക റബറിന്റെ ഉപഭോഗം ഓരോ വർഷവും വർധിക്കുന്നുണ്ട്. ഈ അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് രാജ്യത്തെ റബർ ഉത്പാദനം വർധിപ്പിച്ച് അന്താരാഷ്ട്ര വിപണിയിൽ റബർ കയറ്റുമതി വർധിപ്പിക്കാൻ വാണിജ്യ മന്ത്രാലയം മുൻകൈയെടുത്താൽ കേരളത്തിലെ റബർ കർഷകർക്ക് വലിയ ആശ്വാസമാകും.
സെപ്റ്റംബർ മാസത്തിൽ നാളികേര വിപണിയിൽ അനുകൂല ചലനങ്ങളുണ്ടായെങ്കിലും ഓണവിപണി തണുപ്പൻ പ്രതികരണമാണ് കൃഷിക്കാർക്കു നൽകിയത്. കഴിഞ്ഞ വർഷം ഓണക്കാലത്തു മാത്രം 600 ടണ്ണിനു മുകളിൽ നാളികേര കച്ചവടം നടന്നപ്പോൾ ഈ വർഷമത് 300 ടണ്ണിനു താഴെയായത് കർഷകർക്കു വലിയ തിരിച്ചടിയായി. എന്നാൽ, ഈ നാളുകളിൽ നാളികേര വില വീണ്ടും ഉയിർത്തെഴുന്നേൽപ്പ് നടത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലമായി അന്തരീക്ഷ താപനില മുൻ കാലങ്ങളിലേക്കാൾ ഉയർന്നപ്പോൾ കേരളത്തിലെ ഏലം ഉത്പാദനം ഗണ്യമായി കുറഞ്ഞു. പകൽ താപനിലയിലുണ്ടായ വർധന മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. കുരുമുളക്, കൊക്കോ തുടങ്ങിയവയുടെ സ്ഥിതിയും വിഭിന്നമല്ല.
അസംഘടിതരായി തുടരുന്ന കർഷകർ
വിളനഷ്ടവും വറുതിയും പ്രതിരോധിക്കാൻ കർഷകർക്ക് ഇന്നു നൽകുന്ന ഇൻഷ്വറൻസ് പരിരക്ഷ മതിയാകാതെ വരുന്നുണ്ട്. മറ്റു തൊഴിൽ മേഖലകൾക്കു തുല്യമായി കൃഷിയെ തൊഴിലായും കൃഷിഭൂമിയെ തൊഴിലിടമായും സർക്കാരുകൾ കണക്കാക്കാത്തത് കർഷകർ അസംഘടിതരായി തുടരുന്നതുകൊണ്ടാണ്. കൃഷിക്കാരുടെ സംഘടനകൾ സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുന്ന ശക്തിയായി ഇനിയും പരിണമിച്ചിട്ടില്ല.
അന്താരാഷ്ട്ര സാഹചര്യങ്ങൾ കാർഷികമേഖലയെ ഏറ്റവും വേഗത്തിൽ നേരിട്ടു ബാധിക്കാറുണ്ട്. യുദ്ധഭീതിയും ഇന്ധന വിലവർധനയുമൊക്കെ കാർഷികമേഖലയെ ദോഷകരമായി ബാധിക്കുന്നു. സ്വന്തം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശമോ അധികാരമോ ഇല്ലാത്ത അപൂർവ സ്ഥിതിയാണു കാർഷികമേഖലയിലുള്ളത്. അവർക്ക് അവിടെ ശബ്ദമില്ല; അധികാരവുമില്ല. പലപ്പോഴും മറ്റു രാജ്യങ്ങളിലെ കാർഷികോത്പന്നങ്ങൾ ഇവിടത്തെ വിപണിയെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ, സമാനരീതിയിൽ നമ്മുടെ ഉത്പന്നങ്ങൾക്കു വിദേശവിപണി കണ്ടെത്തിക്കൊടുക്കാൻ സർക്കാരുകൾക്കു കഴിയുന്നില്ല.
കാർഷികവൃത്തികൊണ്ടു ജീവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ കേരള കാർഷിക ക്ഷേമനിധി ആക്ട് രൂപീകരിച്ചിരിക്കുന്നത് അഭിനന്ദനാർഹമാണ്. അതുപോലെ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ കർഷകരിൽ കാലവിളംബം കൂടാതെ എത്തുന്നതിന് സർക്കാരിന്റെ ഗൗരവതരമായ ശ്രദ്ധ വേണം. സെപ്റ്റംബർ മാസം കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയതും സ്വാഗതാർഹം.
കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗം മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനമാണെന്ന തിരിച്ചറിവിലേക്കെങ്കിലും കർഷകർ കടന്നുവരണം. വ്യക്തിപരമായ കൃഷിയിറക്കലിനു പകരമായി സംഘടിതകൃഷിയിൽ കർഷകർ ശ്രദ്ധയൂന്നണം. അസംഘടിതരായി തുടരുന്നതിനേക്കാൾ സംഘടിതരാകുന്നതാണ് ബലമെന്ന തിരിച്ചറിവ് സംഘടിത കൃഷിരീതി കർഷകർക്കു നൽകും. കർഷകർ സംഘടിതരായിത്തീരാനുള്ള ആദ്യപടിയും ഇതുതന്നെയാണ്.