സഹതാപമല്ല ഇവർക്കു വേണ്ടത്
അദീപ് ബേബി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ടര മാസം പിന്നിട്ടു. രാജ്യം കണ്ട വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായിട്ടും അതിജീവിതർ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ സ്തബ്ധരായി നിൽക്കുകയാണ്. കേരള സർക്കാർ അതിജീവിതർക്ക് നൽകിവരുന്ന താത്കാലിക സഹായം മാത്രമാണ് ആശ്വാസം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നുണ്ടെന്ന് സർക്കാർ ആവകാശപ്പെടുന്പോഴും അവയുടെ വേഗവും നടത്തിപ്പും സംബന്ധിച്ച് ആശങ്കകളും നിലനിൽക്കുന്നുണ്ട്.
ദുരന്തത്തിൽ 231 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 81 പേരുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെ അറുപതോളം പേരെ തിരിച്ചറിഞ്ഞു. 47 പേർ ഇനിയും കാണാമറയത്താണ്. 183 വീടുകൾ പൂർണമായും അപ്രത്യക്ഷമായി. 145 വീടുകൾ ഭാഗികമായി തകർന്നു. 170 വീടുകൾ വാസയോഗ്യമല്ലാതായി. 240 വീടുകൾ അപകടമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വീടുകളിൽ ഇനി ജനവാസം സാധ്യമല്ല. 340 ഹെക്ടർ ഭൂമിയാണ് ദുരന്തത്തിൽ ഒലിച്ചുപോയത്. രണ്ടു ദിവസത്തോളം നീണ്ടുനിന്ന അതിതീവ്ര മഴയെത്തുടർന്ന് ജൂലൈ 30ന് പുലർച്ചെ മുണ്ടക്കൈ പുഞ്ചിരിമട്ടം വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് ഗ്രാമങ്ങൾ തുടച്ചുനീക്കപ്പെട്ടു. ദുരന്തത്തിന്റെ നടുക്കം ഇതുവരെയും വിട്ടുമാറിയിട്ടില്ല.
108 ഹെക്ടർ സുരക്ഷിതമല്ലെന്ന് പഠന റിപ്പോർട്ട്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ കാരണം 108 ഹെക്ടർ സുരക്ഷിതമല്ലാതായെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ജോണ് മത്തായി വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. ഉരുൾപൊട്ടൽ മനുഷ്യപ്രേരിതമല്ല. ഒരു കിലോമീറ്റർ ചുറ്റളവിൽ ക്വാറികളോ മനുഷ്യനിർമിത ഡാമുകളോ ഇല്ല. കാലാവസ്ഥാ വ്യതിയാനമാണ് ഉരുൾപൊട്ടലിന് മുഖ്യകാരണം. ഉരുൾപൊട്ടുന്നതിന്റെ മുമ്പുള്ള രണ്ടു ദിവസംകൊണ്ട് 572.8 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. 300 മില്ലിമീറ്ററിൽ കൂടുതലാണെങ്കിൽതന്നെ ഉരുൾ പൊട്ടും. ജൂലൈ 29ന് രാത്രി മണിക്കൂറിൽ 50 മില്ലിമീറ്റർ തോതിൽ മഴ പെയ്തിട്ടുണ്ട്. ഈ മഴയും നീർച്ചാലുകൾ വഴിയുള്ള വെള്ളവും പ്രഭവകേന്ദ്രത്തിനു സമീപം ഉരുൾപൊട്ടലിനിടയാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രഭവകേന്ദ്രത്തിൽനിന്ന് 25ലക്ഷം ക്യുബിക് മീറ്റർ മണ്ണും പാറയും താഴേക്കുപതിച്ചു. മൂന്നു ലക്ഷം ടണ് മേൽമണ്ണും നഷ്ടമായിട്ടുണ്ട്. പ്രദേശം ബലഹീനമായിരുന്നുവെന്ന് ജിയോ ടെക്നിക്കൽ പഠനവുമുണ്ട്. ഉരുൾപൊട്ടൽ നാശം വിതച്ച പുഴയുടെ ഇരുകരകളിലും നൂറ് മീറ്റർ ഇടവിട്ട് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന.
ഈ റിപ്പോർട്ടിനെതിരേ വ്യാപക പ്രതിഷേധവും കഴിഞ്ഞ ദിവസമുണ്ടായി. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്തിനു മുകളിൽ 50 മീറ്ററിന് അപ്പുറവും പുഞ്ചിരിമട്ടത്തിന് താഴെ 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിനെതിരേയാണ് പ്രതിഷേധം ഉയർന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ വാസയോഗ്യമായ സ്ഥലം അടയാളപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും ചെയ്തു. ഇതേത്തുടർന്ന് സർവേ താത്കാലികമായി നിർത്തിവച്ചു. ജനങ്ങളുടെ ആശങ്ക ദുരീകരിക്കുമെന്ന് സർവകക്ഷി യോഗം വിളിച്ച് കളക്ടർ അറിയിച്ചു.
അടിയന്തര ധനസഹായ വിതരണം: തർക്കം തുടരുന്നു
ഉരുൾപൊട്ടൽ ദുരന്തം നടന്ന ഉടനെ ദുരന്തബാധിതർക്ക് അടിയന്തര ധനസഹായമായി സർക്കാർ പതിനായിരം രൂപ പ്രഖ്യാപിച്ചിരുന്നു. ആയിരത്തോളം പേർക്ക് ഇതിനോടകം പതിനായിരം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ അർഹരായ പലരും തഴയപ്പെടുകയും അനർഹർ കടന്നുകൂടുകയും ചെയ്തതായി ആരോപണമുണ്ട്. അന്പതോളം കുടുംബങ്ങൾക്ക് ഇനിയും ധനസഹായം ലഭിക്കാനുണ്ട്. ധനസഹായ വിതരണം പഞ്ചായത്ത് നടപ്പാക്കണമെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടു. വിതരണം തുടങ്ങിവച്ച റവന്യു വകുപ്പു തന്നെ ഇത് പൂർത്തീകരിക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്.
എന്നാൽ, മുണ്ടക്കൈ-ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഉൾപ്പെട്ട 1,013 പേർക്ക് അടിയന്തര ധനസഹായമായ 10,000 രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടി പഞ്ചായത്തിൽ ഉരുൾ നേരിട്ടു ബാധിച്ച 10, 11, 12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായം നൽകുമെന്നായിരുന്നു ആദ്യം സർക്കാർ പ്രഖ്യാപിച്ചത്. ഇതിലാണ് 245 കുടുംബങ്ങൾ ഇപ്പോഴും സഹായം ലഭിക്കാനായി ഓഫീസുകൾ കയറിയിറങ്ങുന്നത്. നേരിട്ട് ദുരന്തം ബാധിച്ച 55 പേർക്ക് ഇനിയും ധനസഹായം വിതരണം ചെയ്യാനുണ്ടെന്നാണ് പരാതി. മേഖലയിൽ ഉൾപ്പെട്ട മൂന്ന് വാർഡുകളിൽ ശേഷിക്കുന്ന 245 കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം അനുവദിക്കണമെന്നു പഞ്ചായത്ത് ആവശ്യപ്പെട്ടു.
ദുരന്തത്തിൽ കാണാതായ 47 പേരുടെ കാര്യത്തിൽ തീരുമാനം അനിശ്ചിതമായി നീളുകയാണ്. ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സഹായധനം ലഭിക്കുന്നതിന് മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വ്യവസ്ഥ കാണാതായവരുടെ കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് തങ്ങൾക്കുകൂടി സഹായധനം ലഭ്യമാക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.
ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ ജിജീഷ്
പുഞ്ചിരിമട്ടം സ്വദേശി ജിജീഷിന് ഉരുൾവെള്ളത്തിൽ നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയും വീടും സ്ഥലവും മറ്റു സന്പാദ്യങ്ങളുമാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സ്റ്റീൽ മാനുഫാക്ചറിംഗ് യൂണിറ്റ് നടത്തിയ ജിജീഷ് തന്റെ യൂണിറ്റിലെ ഉപകരണങ്ങൾ മുഴുവൻ വീടിന് സമീപത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉരുൾവെള്ളത്തിൽ ഇതെല്ലാം നഷ്ടമായി.
ഏലം, കുരുമുളക്, കാപ്പി, കമുക് തുടങ്ങിയ കൃഷികളും പാടേ നശിച്ചു. ഇപ്പോൾ, മുണ്ടേരിയിലെ സർക്കാർ ക്വാർട്ടേഴ്സിലാണ് അമ്മയോടൊപ്പം താമസിക്കുന്നത്. ജ്യേഷ്ഠസഹോദരന് ഇടതുകൈയിലെ രണ്ട് വിരലുകൾ നഷ്ടപ്പെട്ടതോടെ ജോലിചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. സർക്കാർ സഹായമായ 300 രൂപ ഒരുമാസം ലഭിച്ചെങ്കിലും ഇനി എങ്ങിനെ മുന്നോട്ടുപോകുമെന്നറിയാതെ വിതുന്പുകയാണ് ജിജീഷ്.
ഇതിനിടെ, ക്വാർട്ടേഴ്സിലെ വൈദ്യുതിബന്ധം കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പുനഃസ്ഥാപിച്ചു. പുഞ്ചിരിമട്ടത്തെ തങ്ങളുടെ 50 സെന്റ് കൃഷിയിടം ഉരുൾവെള്ളം കൊണ്ടുപോയെങ്കിലും കൃഷിയിടത്തിന് നടുവിലൂടെ അധികൃതർ വഴിവെട്ടിയത് ഇനിയുള്ള തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജിജീഷ് പറഞ്ഞു. സമാനമായി പ്രയാസം അനുഭവിക്കുന്ന നിരവധിയാളുകളാണ് ദുരന്തബാധിതരിൽ ഏറെയും.
(തുടരും)