ആരോഗ്യരംഗത്ത് പരിവർത്തനമായി എബിപിഎംജെഎവൈ
ഡോ. വിനോദ് കെ. പോൾ
കഴിഞ്ഞ ആറുവർഷത്തിനിടെ ഏകദേശം 7.8 കോടി പേർക്ക് ചികിത്സയ്ക്കു സഹായിച്ച പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എബിപിഎംജെഎവൈ). ആശുപത്രിച്ചെലവിനാൽ ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും നീങ്ങുന്നതിൽനിന്നു നിരവധി കുടുംബങ്ങളാണ് ഇതുവഴി രക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്കായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.
ഓരോ ഗുണഭോക്താവിന്റെ കുടുംബത്തിനും ദ്വിതീയ-തൃതീയ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപവരെ സൗജന്യ ആരോഗ്യപരിചരണം നൽകി, സർക്കാർ-സ്വകാര്യ ആശുപത്രികളിലുടനീളമുള്ള ആരോഗ്യ പരിപാലന അടിത്തറയാണ് പിഎംജെഎവൈ ഒരുക്കുന്നത്. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് കമ്പനികൾ നൽകുന്ന ഭീമമായ സംഖ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക ചെറുതാണെന്നു തോന്നാം. എന്നാൽ, പദ്ധതിയുടെ രൂപകൽപ്പനയും തോതും കണക്കിലെടുക്കുമ്പോൾ ദശലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഈ തുകയുടെ സ്വാധീനം, ജീവിതം മെച്ചപ്പെടുത്തുന്നതും ജീവൻ രക്ഷിക്കുന്നതുമാണ്. ഒരു കുടുംബത്തിന്റെ മിക്കവാറും എല്ലാ വാർഷിക ആശുപത്രി പരിചരണ ആവശ്യകതകളും ഈ പരിരക്ഷയിലൂടെ നിറവേറ്റപ്പെടുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്.
പിഎംജെഎവൈ ഇൻപേഷ്യന്റ് ദ്വിതീയ-തൃതീയ പരിചരണത്തിനുള്ളതാണ്. ഔട്ട്പേഷ്യന്റ് സേവനങ്ങൾ പദ്ധതിയുടെ ഭാഗമല്ല. ഇതിനു കീഴിൽ, മുമ്പ് ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങൾ എന്നു വിളിക്കപ്പെട്ടിരുന്ന 1.75 ലക്ഷം ആയുഷ്മാൻ ആരോഗ്യമന്ദിരങ്ങൾ (എഎഎം) സ്ഥാപിച്ചിരുന്നു.
അവിടെ സൗജന്യമായി പരിശോധന നടത്തുകയും രോഗനിർണയം നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്യുന്നു. രണ്ടു സംവിധാനങ്ങളിലുടനീളമുള്ള കരുത്തുറ്റ ദ്വിമുഖസംയോജനവും പരിചരണത്തിന്റെ തുടർച്ചയുമാണ് നിലവിൽ ഗവൺമെന്റിന്റെ ശ്രമത്തിന്റെ ശ്രദ്ധാകേന്ദ്രം. രാജ്യത്തിന്റെ സാർവത്രിക ആരോഗ്യ പരിരക്ഷ മാതൃക പൊതു ധനസഹായത്തോടെയുള്ള സമഗ്ര പ്രാഥമിക ആരോഗ്യസംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യനയങ്ങളും സേവനങ്ങളും മൊത്തത്തിൽ കാണേണ്ടതുണ്ട്.
എച്ച്ബിപി നിരക്കുകൾ
പദ്ധതിനിർവഹണ കാലയളവിൽ, ആരോഗ്യ ആനുകൂല്യ പാക്കേജിനു (എച്ച്ബിപി) കീഴിലുള്ള നടപടിക്രമങ്ങളും നിരക്കുകളും പരിഷ്കരിക്കുകയും യുക്തിസഹമാക്കുകയും ചെയ്തു. 2018ൽ 1393 എച്ച്ബിപികൾ മാത്രമായിരുന്നിടത്ത് 2022 മുതൽ അത് 1949 ആയി. ആരോഗ്യസേവനങ്ങളുടെ ചെലവിലെ പ്രാദേശികതല വ്യത്യാസം കണക്കിലെടുത്ത് ‘ഡിഫറൻഷ്യൽ പ്രൈസിംഗ്’ എന്ന ആശയം അവതരിപ്പിച്ചു. അതേസമയം, എച്ച്ബിപി നിരക്കുകൾ പ്രാദേശിക സാഹചര്യത്തിനനുസരിച്ചു നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൂടുതൽ സൗകര്യം നൽകിയിട്ടുണ്ട്.
സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുന്നതിനും ഈ സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിനും പിഎംജെഎവൈ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണു സജ്ജീകരിച്ചിട്ടുള്ളത്; മാത്രമല്ല, ഇതു കടലാസുരഹിതവും പണരഹിതവുമാണ്. റീ ഇംബേഴ്സ്മെന്റിനോ കോ-പേയ്മെന്റിനോ വ്യവസ്ഥയില്ല. ക്ലെയിം തീർപ്പാക്കൽ സമയബന്ധിതമാണെങ്കിലും സംസ്ഥാനങ്ങളുമായുള്ള പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു.
എല്ലാ പൗരന്മാരിലേക്കും പരിരക്ഷ
പദ്ധതിയുടെ വിജയവും പൊതുജനക്ഷേമത്തോടുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയും പരിരക്ഷ വിപുലീകരിക്കുന്നതിന് ഈ വർഷം രണ്ടു പ്രധാന സംരംഭങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. ഇടക്കാല ബജറ്റിൽ, ആശ-അങ്കണവാടി പ്രവർത്തകർ, സഹായികൾ എന്നിവരുടെ 37 ലക്ഷത്തോളം കുടുംബങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. കൂടാതെ, ഇന്ത്യയുടെ വർധിച്ചുവരുന്ന ആയുർദൈർഘ്യത്തിന്റെ പശ്ചാത്തലത്തിൽ, സാമൂഹ്യ-സാമ്പത്തികനില പരിഗണിക്കാതെ, 70 വയസും അതിനു മുകളിലുമുള്ള എല്ലാ പൗരന്മാരിലേക്കും പിഎംജെഎവൈ പരിരക്ഷ വ്യാപിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ ആരോഗ്യത്തെക്കുറിച്ചുള്ള ദേശീയ സാമ്പിൾ സർവേ (എൻഎസ്എസ്) 75-ാം റൗണ്ട് റിപ്പോർട്ട് കാണിക്കുന്നത് ഈ പ്രായത്തിലുള്ളവരുടെ ആശുപത്രി പ്രവേശനനിരക്ക് ഉയർന്ന നിലയായ 11 ശതമാനം കവിയുന്നു എന്നാണ്. ലോംഗിറ്റ്യൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ (എൽഎഎസ്ഐ) 2021 റിപ്പോർട്ട് വെളിപ്പെടുത്തുന്നത് പ്രായമായ 75 ശതമാനം പേർക്ക് ഒന്നോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങളുണ്ടെന്നും 40 ശതമാനം പേർക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെന്നും നാലിലൊന്നിനു വിവിധ അനുബന്ധ രോഗങ്ങളുണ്ടെന്നുമാണ്. മുതിർന്ന പൗരന്മാർക്കുള്ള പല സ്വകാര്യ ഇൻഷ്വറൻസ് പോളിസികളിൽനിന്നു വ്യത്യസ്തമായി, പിഎംജെഎവൈ മുൻകാല രോഗത്തിന്റെ പേരിൽ ആരെയും ഒഴിവാക്കുന്നില്ല. ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നുമില്ല.
ഒരു രാഷ്ട്രം, ഒരു സംവിധാനം
പിഎംജെഎവൈ, പൊതു-സ്വകാര്യ ആരോഗ്യ മേഖലകളെ ‘ഒരു രാഷ്ട്രം, ഒരു സംവിധാനം’ എന്നതുമായി കൂട്ടിയിണക്കുന്നു. ഇന്നുവരെ, പിഎംജെഎവൈയ്ക്കു പട്ടികപ്പെടുത്തിയ ഏകദേശം 13,000 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 29,000ൽ അധികം ആശുപത്രികളുടെ അഖിലേന്ത്യാ ശൃംഖലയുണ്ട്. കൂടാതെ, ഇവയിൽ ഏകദേശം 25,000 ആശുപത്രികൾ രണ്ടാം ശ്രേണി, മൂന്നാംശ്രേണി നഗരങ്ങളിലാണു സ്ഥിതിചെയ്യുന്നത്. എണ്ണത്തിലും നിരക്കിലും സ്വകാര്യമേഖലയിൽ അംഗീകൃത ആശുപത്രി പ്രവേശനത്തിന്റെ അനുപാതം യഥാക്രമം 57, 67 ശതമാനം എന്നിങ്ങനെയാണ്. ഇത് ഈ മേഖലയിലെ ഗണ്യമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. സംസ്ഥാന മാർഗനിർദേശങ്ങൾ അനുസരിച്ച്, ഗുണഭോക്താവിനു പട്ടികയിലുള്ള പൊതു-സ്വകാര്യ ആശുപത്രികളിലേതും തെരഞ്ഞെടുക്കാനാകും.
പല സംസ്ഥാനങ്ങളിലെയും പൊതുമേഖലാ ആശുപത്രികൾ അവയുടെ സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കുന്നതിന്, പദ്ധതിപ്രകാരം തിരികെ ലഭിച്ച തുക ഉപയോഗിച്ചു. പരിരക്ഷയുടെയും പ്രാപ്യമാകുന്നതിന്റെയും വേഗം വർധിക്കുന്നതിനനുസരിച്ച്, വിപണി സൃഷ്ടിക്കുന്നതിലൂടെ, രണ്ടാം ശ്രേണി-മൂന്നാം ശ്രേണി നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനു പിഎംജെഎവൈയ്ക്കു കഴിയും.
പ്രമുഖ സാമ്പത്തിക വിദഗ്ധൻ നടത്തിയ സമീപകാല പഠനം (ഗാർഹിക ഉപഭോഗച്ചെലവ് സർവേ 2022-23ൽനിന്നുള്ള യൂണിറ്റ്-തല വസ്തുതകളെ അടിസ്ഥാനമാക്കി), കഴിഞ്ഞ 10 വർഷത്തിനിടെ, നമ്മുടെ ജനസംഖ്യയുടെ താഴേത്തട്ടിലുള്ള 50 ശതമാനം പേർ ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട ആഘാതങ്ങൾക്ക് ഇരയാകുന്നതു ഗണ്യമായി കുറഞ്ഞുവെന്നു കണ്ടെത്തി. ഈ പ്രവണത പിഎംജെഎവൈയുമായി അടുത്ത ബന്ധം പുലർത്തുന്നു. ആയുഷ്മാൻ ഭാരത് പിഎംജെഎവൈ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിക്കാൻ ഒരുങ്ങുകയാണ്. എല്ലാറ്റിനുമുപരിയായി, മികച്ച ആരോഗ്യം, ക്ഷേമത്തിന്റെയും ദേശീയ ഉത്പാദനക്ഷമതയുടെയും സമൃദ്ധിയുടെയും അടിത്തറകൂടിയാണ്.
(നിതി ആയോഗ് (ആരോഗ്യം) അംഗമാണു ലേഖകൻ)