ചെന്പൈ വൈദ്യനാഥഭാഗവതർ ഓർമയായിട്ട് ഇന്ന് 50 വർഷം
എം.വി. വസന്ത്
കേരളക്കരയുടെ സംഗീതസൗന്ദര്യം ചെന്പൈ വൈദ്യനാഥ ഭാഗവതർ ഓർമയായിട്ട് ഇന്നേക്ക് 50 വർഷം. സ്വതസിദ്ധശൈലിയിൽ സംഗീതത്തെയും ശബ്ദസൗകുമാര്യത്തെയും ഒപ്പംനിർത്തിയ സംഗീതജ്ഞനെ ഓർത്തെടുക്കുകയും നിലനിർത്തുകയുമാണ് കോട്ടായിയിലെ ചെന്പൈ ഗ്രാമവും അഗ്രഹാരവും. മലയാളികളുടെ അഭിമാനമായ യേശുദാസും ജയവിജയന്മാരും അടക്കമുള്ള ശിഷ്യസന്പത്തെന്ന പുണ്യവും സമ്മാനിച്ചതും വിശ്രുതസംഗീതജ്ഞനായ ചെന്പൈക്കു സ്വന്തം.
ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമായിരുന്നു ചെന്പൈ ഭാഗവതരുടെ പ്രത്യേകത. സ്വരശുദ്ധിയോടൊപ്പം അഗാധമായ പാണ്ഡിത്യവും മധുരമായ ശബ്ദവുമെല്ലാം അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. ഏഴു പതിറ്റാണ്ടോളം കർണാടകസംഗീതലോകത്തെ ചക്രവർത്തിയായി അദ്ദേഹം വിരാജിച്ചു.
1974 ഒക്ടോബർ 16നു നവരാത്രിയോടനുബന്ധിച്ച് ഒറ്റപ്പാലം പൂഴിക്കുന്നം ക്ഷേത്രത്തിൽ മൂന്നര മണിക്കൂറോളം ചെന്പൈ ഭാഗവതർ പാടി. സന്ധ്യാവന്ദനം പൂർത്തിയാക്കി ശിഷ്യരുമായി സംസാരിച്ചിരിക്കേ കട്ടിലിലേക്കു കുഴഞ്ഞുവീണു. സമാപനകീർത്തനം പാടിയാണ് അന്ന് ആ സ്വരധാര അനശ്വരതയിലേക്കു നീങ്ങിയത്.
ഒളപ്പമണ്ണമനയുമായി ചെന്പൈക്കു ഹൃദയബന്ധമുണ്ടായിരുന്നു. വള്ളുവനാട്ടിൽ എവിടെ കച്ചേരി നടത്തിയാലും ഭാഗവതർ താമസിച്ചിരുന്നതു മനയിലായിരുന്നു. ഒ.എം.സി. വാസുദേവൻ നന്പൂതിരിപ്പാട്, പൂമുള്ളി രാമപ്പൻ നന്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖർ ചെന്പൈയുടെ ശിഷ്യന്മാരാണ്. മനയുടെ വകയായ പൂഴിക്കുന്നം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് ചെന്പൈ ആദ്യകച്ചേരി നടത്തിയത്. അവസാനത്തെ കച്ചേരിയും അവിടെയായിരുന്നു എന്നതു മറ്റൊരു യാദൃച്ഛികത.
1896 സെപ്റ്റംബർ ഒന്നിനു പാലക്കാട് ജില്ലയിലെ കോട്ടായി പഞ്ചായത്തിലെ ചെമ്പൈ അഗ്രഹാരത്തിലായിരുന്നു വൈദ്യനാഥ ഭാഗവതരുടെ ജനനം. മൂന്നാം വയസിൽ കർണാടക ശാസ്ത്രീയസംഗീതം അഭ്യസിക്കാൻ തുടങ്ങി. തുടർന്നു വയലിനും ഓടക്കുഴലും അഭ്യസിക്കാൻ തുടങ്ങി. ഒറ്റപ്പാലത്തായിരുന്നു അരങ്ങേറ്റം. 1907ൽ വൈക്കത്തും ഗുരുവായൂരും കച്ചേരികൾ നടത്തി. 1913നും 27നും ഇടയിൽ അനേകം കച്ചേരികൾ നടത്തി.
1940ൽ കൽക്കി കൃഷ്ണമൂർത്തി ‘ഗാനഗന്ധർവ’ എന്ന വിശേഷണം അദ്ദേഹത്തിനു നൽകി. കർണാടകസംഗീതത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമായ സംഗീതകലാനിധി പുരസ്കാരം (1951), സംഗീതനാടക അക്കാദമി അവാർഡ് (1958), സംഗീത കലാശിഖാമണി ബിരുദം (1964) എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. 1973ൽ പദ്മഭൂഷൺ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
നാദം നിലച്ചപ്പോൾ...
സംഗീതപ്പെരുമയുടെ കൊടുമുടിയിൽ നിൽക്കുന്ന ഘട്ടങ്ങളിൽ മൂന്നു തവണയാണ് ചെന്പൈക്കു ശബ്ദം നഷ്ടപ്പെട്ടത്. കച്ചേരി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സംസാരിക്കാൻ പറ്റാതായി. ആദ്യ രണ്ടു തവണയും വിശ്രമവും പ്രാർഥനയും കഴിഞ്ഞപ്പോൾ ശബ്ദം തിരിച്ചുകിട്ടി. മൂന്നാംതവണ സംസാരിക്കാൻപോലും പറ്റാത്തവിധം ശബ്ദം പൂർണമായി നഷ്ടപ്പെട്ടു. പിന്നീട് രണ്ടുവർഷം പാടാൻ മാത്രമല്ല, വർത്തമാനം പറയാൻപോലും വയ്യാത്ത അവസ്ഥ.
തന്റെ ദുരവസ്ഥ നൊന്പരമായതോടെ അഭയസ്ഥാനമെന്നു വിശ്വസിച്ചിരുന്ന ഗുരുവായൂരിലേക്കു തിരിക്കുകയായിരുന്നു. തന്റെ ഉയർച്ചയ്ക്കെല്ലാം കാരണം ഗുരുവായൂരപ്പനാണെന്ന് ചെമ്പൈ വിശ്വസിച്ചിരുന്നു. പിന്നീടാണ് ചെന്പൈക്കൊപ്പം സംഗീതപ്രേമികളുടെ പ്രാർഥനയും ഫലംകണ്ടത്. ചെന്പൈ വീണ്ടും പാടി; കണ്ഠംതുറന്ന്, മനസും കണ്ണുകളും നിറച്ച്...
ഗുരുവായൂർ ക്ഷേത്രത്തിൽ ചെമ്പൈയോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഗുരുവായൂർ ഏകാദശിനാളിൽ സംഗീതോത്സവം സംഘടിപ്പിച്ചുവരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച സംഗീതകലാകാരന്മാർക്കാണ് ഈ പുരസ്കാരം.
ശിഷ്യസന്പത്ത്
ജാതി-മത ചിന്തകൾക്കതീതമായി ശിഷ്യഗണത്തെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രസിദ്ധ സംഗീതജ്ഞരായ യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ ചെമ്പൈയുടെ ശിഷ്യഗണത്തിൽപ്പെട്ടവരാണ്.
കുടുംബപിന്മുറക്കാരുടെയും ശിഷ്യസന്പത്തിന്റെയും പിൻബലത്തിൽ പാലക്കാട്ടെ കോട്ടായി ചെന്പൈ ഗ്രാമത്തിൽ എല്ലാ വർഷവും സംഗീതോത്സവം നടത്തിവരാറുണ്ട്. ഗാനഗന്ധർവൻ യേശുദാസിന്റെ സംഗീതക്കച്ചേരിയാണ് മിക്കവാറും സംഗീതോത്സവത്തിലെ ഹൈലൈറ്റ്.
അന്നൊരിക്കൽ ദാസിന്റെ കച്ചേരി കേൾക്കണമെന്നു നാട്ടിലെല്ലാവർക്കും ആഗ്രഹമുണ്ടെന്നു ബന്ധുക്കളിലൊരാൾ ചെന്പൈയോടു പറഞ്ഞു. ചെന്പൈയുടെ ശിഷ്യനായ യേശുദാസ് സിനിമാഗാനങ്ങളിലൂടെ പ്രശസ്തനായ കാലഘട്ടമായിരുന്നു അത്. ഗുരുവിന്റെ ആവശ്യപ്രകാരം 1972ൽ യേശുദാസ് ആദ്യമായി കോട്ടായിയിലെ ചെന്പൈ ഗ്രാമത്തിലെത്തി. കച്ചേരി മാത്രമല്ല, സിനിമാഗാനങ്ങളും പാടിയാണ് യേശുദാസ് മടങ്ങിയത്. പിന്നീട് ഏറെക്കാലം എല്ലാ വർഷവും മുടക്കംകൂടാതെ യേശുദാസ് ചെന്പൈ ഗ്രാമത്തിലെത്തി സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതു തുടർന്നു.
ഇന്നും കർണാടക സംഗീത പ്രേമികളുടെ പ്രാർഥനാഭൂമികയായി തുടരുകയാണ് കോട്ടായി ചെന്പൈ ഗ്രാമം. പുതുതലമുറ സംഗീതജ്ഞർ ഇവിടേക്ക് ഒഴുകിയെത്തുന്നു, ചെന്പൈ ഭാഗവതരുടെ അനുഗ്രഹങ്ങൾതേടി.
ചെന്പൈ സംഗീതോത്സവ ഓർമകളിൽ...
കോട്ടായി ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിൽ പാടണമെന്ന് എന്റെ പ്രിയ ഗുരുനാഥൻ ദാസേട്ടനാണ് എന്നോട് ആദ്യമായി ആവശ്യപ്പെട്ടത്. അങ്ങനെ ആദ്യമായി രണ്ടായിരത്തിൽ അവിടെ പാടിത്തുടങ്ങി. ദാസേട്ടന്റെ കച്ചേരിക്കു തൊട്ടുമുൻപ് എന്നോടു കച്ചേരിചെയ്യാൻ ദാസേട്ടൻ പറയുക പതിവായിരുന്നു.
തുടർന്ന് കഴിഞ്ഞ 24 വർഷമായി മുടങ്ങാതെ അവിടെ പാടിവരുന്നു. അക്കാലത്തു ചെമ്പൈ സാമിയുടെ മകളും ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നോടു വലിയ സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്നു. യേശുവിനെക്കുറിച്ചുള്ള ഒരു കീർത്തനം അവിടെ ആലപിക്കാൻ അവർ എന്നോടു പറയുമായിരുന്നു.
അവിടെ ആ മഹാഗുരുസന്നിധിയിൽ പാടുന്നത് ഒരു ദിവ്യാനുഭുതിയായിരുന്നു. മഹാഗുരുവിനെ നേരിട്ടുകാണാൻ കഴിഞ്ഞില്ലെങ്കിലും മഹത്തായ സംഗീതഗുരുപാരമ്പര്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതു മഹാഭാഗ്യമായി കാണുന്നു.
-ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ (പാടുംപാതിരി, യേശുദാസിന്റെ ശിഷ്യൻ)