ഇതിൽ ആറാമത്തേതും അവസാനത്തേതുമായ 2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ മാത്രമാണ് കേരളത്തിന്റെ ഇഎസ്എ വില്ലേജുകളുടെ വിശദാംശങ്ങൾ ഉള്ളത്. ബാക്കി അഞ്ച് വിജ്ഞാപനങ്ങളിലും ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം സമർപ്പിച്ചിരിക്കുന്ന ഭേദഗതികൾ പൂർണമായി അംഗീകരിച്ചിരിക്കുന്നതിനാൽ കേരളത്തെ കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയിരിക്കുന്നു എന്ന വിശദീകരണമാണുള്ളത്.
കേരളത്തിന്റെ ഇഎസ്എ പ്രദേശത്തിന്റെ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശ പ്രകാരമുള്ള ആകെ അളവ് ആരംഭത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ, സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടെ കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങളില്ല. വിശദാംശങ്ങൾ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്ന സൂചന മാത്രം ആദ്യ അഞ്ച് കരട് വിജ്ഞാപനങ്ങളിലും ആദ്യഭാഗത്ത് കാണാം.
സംസ്ഥാന സർക്കാരിന്റെ 2018ലെ പ്രൊപ്പോസലുകൾഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് തയാറാക്കപ്പെടുകയും ആദ്യ കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുകയും ചെയ്ത് നാലു വർഷങ്ങൾക്കു ശേഷം 2018ലാണ് ജിയോ കോർഡിനേറ്റുകൾ ഉൾപ്പെട്ട മാപ്പ് ഫയലുകളും ഇഎസ്എ വിശദാംശങ്ങളും വ്യക്തമായ പ്രൊപ്പോസലുകളും സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുന്നത് (No.271/A2/20 17/Envt.). അതിനു മുമ്പ് 2018 ഏപ്രിൽ 18ന് ഡൽഹിയിൽ നടന്ന ഇഎസ്എ ചർച്ചയിൽ കേരളത്തിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ചില ഭേദഗതികൾ ഉണ്ടെന്നും മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനു ശേഷം കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2018 ജൂൺ 16നാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. തുടർന്ന് 2019 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഇഎസ്എ മീറ്റിങ്ങിൽ കേരളത്തിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുകയും കേരളം സമർപ്പിച്ച നിർദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
2018 ജൂണിൽ കേരളം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിശ്ചയിച്ച ഇഎസ്എ പ്രദേശങ്ങളുടെ വിസ്തൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തി, 8,656.46 ചതുരശ്ര കിലോമീറ്റർ ഇഎസ്എയാണ് നിശ്ചയിച്ചിരുന്നത്. ഇഎസ്എ വില്ലേജുകൾ 123ൽനിന്ന് 92 ആയി ചുരുക്കുകയുമുണ്ടായി (എങ്കിലും 123 വില്ലേജുകളുടെയും വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു). ഇക്കാര്യങ്ങൾ 2019ൽ തന്നെ കേന്ദ്ര മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെട്ടിട്ടും 2022ൽ പ്രസിദ്ധീകരിച്ച അഞ്ചാം കരട് വിജ്ഞാപനത്തിലും കേരളത്തിന്റെ ഇഎസ്എ വില്ലേജ് വിശദാംശങ്ങൾ ഉൾപ്പെടുത്തപ്പെട്ടില്ല എന്നുള്ളത് ഗൗരവമായി കാണേണ്ടതുണ്ട്.
ആറാം കരട് വിജ്ഞാപനം2024 ജൂലൈ 31ന് പ്രസിദ്ധീകരിക്കപ്പെട്ട കരട് വിജ്ഞാപനത്തിൽ ആദ്യമായി കേരളത്തിന്റെ ഇഎസ്എ വില്ലേജ് വിശദാംശങ്ങൾ ഉൾപ്പെടുത്തപ്പെട്ടപ്പോൾ അതിലെ വില്ലേജുകളുടെ എണ്ണം 131 ആണ് (123 + 8 Bifurcated villages). 2018ൽ കേരളം സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ ചർച്ചയിൽ പരിഗണിച്ചെങ്കിലും കരട് വിജ്ഞാപനത്തിൽ വന്നിട്ടില്ല എന്നുള്ളതാണ് ഇപ്പോഴുള്ള പ്രധാന ആശങ്കകൾക്ക് അടിസ്ഥാനം. സംസ്ഥാന സർക്കാർ 2018ൽ പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടും കരട് വിജ്ഞാപനത്തിൽ അത് ഉൾപ്പെടാത്തത് സർക്കാരിന്റെ അവകാശവാദങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനിടയാക്കി.
കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളുടെയും ഇഎസ്എ വില്ലേജുകളുടെ വിശദാംശങ്ങൾ കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരമുള്ളവയാണ്. എന്നാൽ, 2013ലെ ഒന്നാം കരട് വിജ്ഞാപനപ്രകാരം, കേരളത്തിലെ ഇഎസ്എ വില്ലേജുകളുടെ വിസ്തൃതിയായി കാണിച്ചിരിക്കുന്നത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിശ്ചയിച്ചതുതന്നെയാണ്. എല്ലാ സംസ്ഥാനങ്ങളിലും ആദ്യ കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ആകെ വിസ്തൃതിയും ഇഎസ്എ വിശദാംശങ്ങളും തന്നെയാണ് പിന്നീടുള്ള ആറു കരട് വിജ്ഞാപനങ്ങളിലും ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ആദ്യ കരട് വിജ്ഞാപനം തയാറാക്കുമ്പോൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും കാര്യത്തിൽ എന്നതുപോലെ കേരളത്തിന്റെ കാര്യത്തിലും ഇപ്പോഴും തുടരുകയാണ്. കാതലായ മാറ്റങ്ങൾ അന്തിമവിജ്ഞാപനത്തിലേ ഉൾപ്പെടുത്തപ്പെടുകയുള്ളൂ എന്നാണ് ഇതേക്കുറിച്ച് ലഭിക്കുന്ന വിശദീകരണം.
മറ്റു സംസ്ഥാനങ്ങളും ഈ കാലയളവിൽ ഇഎസ്എ വിസ്തൃതിയിൽ മാറ്റം വരുത്താനുള്ള പഠനങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ച്, 2018ൽ ജനവാസ മേഖലകളെയൊക്കെ ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയ പ്രൊപ്പോസലുകൾ കേന്ദ്രം അംഗീകരിക്കുമോ എന്ന കാര്യത്തിലുള്ള അവ്യക്തതയാണ് ആശങ്കകൾക്ക് അടിസ്ഥാനമായി നിൽക്കുന്നത്.
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
(തുടരും)