ആരംഭകാലങ്ങളിൽ പ്രശ്നങ്ങളില്ലെങ്കിലും കാലപ്പഴക്കത്തിൽ ആ കുളിമുറിയിൽനിന്നു മലിനജലം കിണറിലേക്കിറങ്ങുകയും ജലം മലിനമാകാനിടയാകുകയും ചെയ്യും. കിണറുകൾ കുഴിയിലാകുന്നത് ഉചിതമല്ല. അത് മഴവെള്ളം പരിസരത്ത് കെട്ടിനിൽക്കാനും കിണറ്റിലേക്ക് ഒഴുക്ക് ശക്തിയേറിയകാതാകാനും ഭിത്തിയിലൂടെ ജലം ഒലിച്ചിറങ്ങാനും തന്മൂലം മലിനീകരണമുണ്ടാകാനും കാരണമാകാം.
സൂര്യപ്രകാശം കിണറ്റിലേക്ക് കടക്കാതിരിക്കുന്നതാണ് ഉചിതം. ആൽഗേയുടെ ഗ്രൂപ്പിൽപ്പെട്ട ജലസസ്യങ്ങൾ സൂര്യപ്രകാശം ലഭിക്കുന്പോൾ വളരുകയും അത് മലിനീകരണമുണ്ടാക്കുകയും ചെയ്യാം. രാവിലെ ജലം നന്നായിരിക്കുകയും സൂര്യപ്രകാശമടിക്കുന്പോൾ ജലത്തിന്റെ നിറം മാറുകയും ചെയ്യുന്നു എങ്കിൽ ആൽഗേയുടെ വളർച്ചയാണ് കാരണമെന്ന് അനുമാനിക്കാം. അതിനാൽ വായുസഞ്ചാരം തടയാത്ത രീതിയിൽ സൂര്യപ്രകാശം വീഴാതെ കിണർ കവർ ചെയ്യുന്നതാണ് ഉചിതം. ഇക്കാരണത്താൽ തന്നെയാണ് വാട്ടർ ടാങ്കുകൾ കവർ മൂടിയിടുന്നതും.
മലിനജല സംസ്കരണംനാം ഉപയോഗിക്കുന്ന ജലം ഏറിയപങ്കും മലിനജലമായി പുറത്തുവരുന്നു. ഇങ്ങനെയുണ്ടാകുന്ന മലിനജലം യഥാരീതിയിൽ സംസ്കരിക്കേണ്ടത് ഗാർഹിക ശുചിത്വം സംരക്ഷിക്കുന്നതിനും ജലസ്രോതസുകളുടെ പരിപാലനത്തിനും അത്യന്താപേക്ഷിതമാണ്. ഒരു വീട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം നിർമാർജനം ചെയ്യുന്നതിന് അനുയോജ്യമായ സംവിധാനമാണ് സോക്പിറ്റുകൾ. ജലം വലിഞ്ഞുപോകാൻ സാധിക്കുന്ന സ്ഥലങ്ങളിലാണ് സോക്പിറ്റുകൾ പണിയുന്നത്.
ചതുരത്തിൽ കൂടുതൽ ആഴമില്ലാത്ത കുഴികൾ (ഒരു മീറ്ററിൽ താഴെ) കുഴിച്ചു നാലു വശവും ഇഷ്ടകയോ, വെട്ടുകല്ലോ ഉപയോഗിച്ച് ചെറിയ ഗ്യാപ്പിട്ട് കെട്ടുന്നു. അതിനുശേഷം അതിൽ കല്ലുകൾ ഇട്ട് നിറക്കുന്നു. മലിനജലം ഇതിലേക്ക് പൈപ്പ് ഉപയോഗിച്ച് കടത്തിവിടുന്നു. ആ മലിനജലം സോക്പിറ്റിലെ കല്ലിനിടയിലൂടെ ഒഴുകിയിറങ്ങി കുഴിയുടെ അഞ്ച് വശങ്ങളിലേക്കുമായി വലിഞ്ഞുപോകുന്നു. അങ്ങനെ വലിഞ്ഞുപോകുന്ന മലിനജലം ബാക്ടീരിയയുടെ പ്രവർത്തനം മൂലം ശുദ്ധീകരിക്കപ്പെടുന്നു. മഴക്കാലത്ത് വെള്ളമിറങ്ങി മണ്ണിലേക്ക് വലിയുന്നതുകൊണ്ടും ശുദ്ധീകരണം നേടുന്നു. കൂടുതൽ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്ന വീടുകളാണെങ്കിൽ ഇത്തരത്തിലുള്ള പല സോക്പിറ്റുകൾ ഉണ്ടാക്കി വീട്ടിലെ മലിനജലം വിഭജിക്കുന്നത് ഉചിതമായിരിക്കും. സോക്പിറ്റിൽ ഇടുന്ന കല്ലുകൾ ശക്തിയുള്ളവയാകണം ജലവുമായി സന്പർക്കത്തിൽ ഏർപ്പെടുന്പോൾ പൊടിഞ്ഞു പോകുന്നവയാകരുത്. വലിയ സ്ഥാപനങ്ങൾക്ക് സോക് ട്രെഞ്ചുകൾ (നീളത്തിലുള്ള സോക്പിറ്റുകൾ) ഉപയോഗിക്കാവുന്നതാണ്.
(ലേഖകൻ ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജ് സിവിൽ എൻജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ്)