ദേശീയ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2018ൽ അതിഷി തന്റെ കുടുംബപ്പേര് ഉപേക്ഷിക്കാൻ തീരുമാനിച്ചു. കൂടാതെ, വംശപരമ്പരയേക്കാൾ ആളുകൾ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ചതിനാൽ അതിഷി എന്നതു മാത്രം തന്റെ പേരായി ഉപയോഗിക്കാൻ തീരുമാനിക്കുകയും അത് പാർട്ടിയെ അറിയിക്കുകയും ചെയ്തു.
തോൽവിയിൽ തുടങ്ങി2013ൽ എഎപിയുടെ നയരൂപീകരണത്തിൽ ഉൾപ്പെട്ടതു മുതലാണ് അവരുടെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. 2015ൽ മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ നടന്ന ജല സത്യഗ്രഹത്തിൽ എഎപി നേതാവും പ്രവർത്തകനുമായ അലോക് അഗർവാളിന് പിന്തുണ നൽകി. തുടർന്ന് അവരെ ഗോവയിലെ ആം ആദ്മി പാർട്ടിയുടെ ചുമതലക്കാരിയാക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽനിന്ന് ബിജെപിയുടെ ഗൗതം ഗംഭീറിനെതിരേ മത്സരിച്ച അതിഷി 4.77 ലക്ഷം വോട്ടുകൾക്കു പരാജയപ്പെട്ട്, മൂന്നാം സ്ഥാനത്തായി.
എന്നാൽ 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിലെ കൽക്കാജി നിയോജക മണ്ഡലത്തിൽനിന്നു മത്സരിച്ച് 11,422 വോട്ടുകൾക്ക് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി ധരംബീർ സിംഗിനെ പരാജയപ്പെടുത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരുടെ രാജിക്കുശേഷം സൗരവ് ഭരദ്വാജിനൊപ്പം അതിഷി ഡൽഹിയിൽ കാബിനറ്റ് മന്ത്രിയായി.
2024 സെപ്റ്റംബർ 21ന് 43-ാം വയസിൽ അവർ ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. നേരത്തെ അരവിന്ദ് കേജരിവാളിന്റെ വസതിയിൽവച്ച് എഎപി എംഎൽഎമാർ അവരെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഗവേഷകനും അധ്യാപകനുമായ പ്രവീൺ സിംഗാണ് അതിഷിയുടെ ഭർത്താവ്. നിരവധി സാമൂഹിക പരീക്ഷണങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. ഡൽഹി ഐഐടിയിൽനിന്നും അഹമ്മദാബാദിലെ ഐഐഎമ്മിൽനിന്നും ബിരുദം നേടി. ഇവർക്ക് കുട്ടികളില്ല, പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇതെന്നാണ് റിപ്പോർട്ട്.
ചെയ്യാനേറെ...മുഖ്യമന്ത്രിയെന്ന നിലയിൽ അതിഷിക്ക് നിരവധി ക്ഷേമനടപടികൾ ആരംഭിക്കാനും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വികസനം ആസൂത്രണം ചെയ്യാനും കഴിയും. സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട അവസരങ്ങൾക്കായി സംരംഭങ്ങൾ ഉണ്ടാക്കാം. ഭവനനിർമാണത്തിനും തൊഴിലവസരങ്ങൾക്കും നിരവധി നടപടികൾ സ്വീകരിക്കാം.
അവരുടെ നടപടികൾ ആം ആദ്മി പാർട്ടിക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം മെച്ചപ്പെടുത്താനും പാർട്ടിക്ക് വീണ്ടും അധികാരത്തിൽ വരാനുമുള്ള സാധ്യതകൾ തുറക്കാനും സഹായിക്കും എന്ന് പറഞ്ഞാൽ മതിയാകും. അതുവഴി അധികാരം നിലനിർത്തുകയും കേജരിവാൾ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്താൽ ആരും അതിശയിക്കേണ്ടതില്ല - അതിഷിയുടെ അറിയപ്പെടുന്ന ലക്ഷ്യവും ഇപ്പോൾ അതുതന്നെ.
സാമൂഹ്യപരിഷ്കരണങ്ങൾ പുരോഗതിക്കായി പുതിയ തലങ്ങളിലേക്കും പുതിയ വഴികളിലേക്കും കടന്നേക്കാം. രാഷ്ട്രീയരംഗത്ത് പലതുമുള്ളതിനാൽ, പുതിയ സാഹചര്യം വീക്ഷിക്കുകയും കാത്തിരിക്കുകയും വേണം. സാമൂഹിക പരിഷ്കർത്താക്കളുടെ കൈകളിലെ ഭരണം താത്പര്യമുണർത്തുന്നതായിരിക്കും.