ക്ലെയിം സെറ്റില്‍മെന്റുകളില്‍ സുതാര്യതയും കാര്യക്ഷമതയും വേഗതയും ഉറപ്പാക്കുന്ന ശക്തമായ ഐടി ഘടകം ഈ വിശാലമായ ശൃംഖലയെ പിന്തുണയ്ക്കുന്നു. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയും കടലാസ്രഹിത ക്ലെയിം നടപടിക്രമങ്ങളും നടപ്പാക്കുന്നത് തട്ടിപ്പും കാര്യക്ഷമതയില്ലായ്മയും ഗണ്യമായി കുറച്ചു. വലിയ തോതിലുള്ള പൊതുജനക്ഷേമ പദ്ധതികളില്‍ പലപ്പോഴും വെല്ലുവിളിയായിരുന്നു ഈ ഘടകങ്ങള്‍.
ആയുഷ്മാന്‍ ഭാരതിന്റെ വിജയം ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളിലും പുരോഗതിക്കു കാരണമായി. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്കുന്ന പദ്ധതിയുടെ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും നവീകരിക്കാന്‍ ഇത് പൊതു-സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിച്ചു. കൂടാതെ, ആരോഗ്യകരമായ മത്സരാന്തരീക്ഷവും വളര്‍ത്തിയെടുത്തു. രോഗീപരിചരണം വര്‍ധിപ്പിക്കുന്നതിന് സേവനദാതാക്കള്‍ക്കു പ്രോത്സാഹനമേകി.
സമഗ്ര ആരോഗ്യ പരിപാലനത്തിന് ഊന്നല്ആയുഷ്മാന് ഭാരത് ആശുപത്രിപരിചരണം മാത്രമല്ല. എബി-പിഎംജെഎവൈയ്ക്കൊപ്പം, ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ (എഎഎം) സൃഷ്ടിക്കുന്നതിലൂടെ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്താനും ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നു. ഈ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ രോഗപ്രതിരോധ- പ്രോത്സാഹന ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ജനസംഖ്യയിലെ രോഗങ്ങളുടെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാന്‍ ഇതു ലക്ഷ്യമിടുന്നു.
പ്രമേഹം, രക്താതിമര്‍ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത അവസ്ഥകള്‍ക്കും സൗജന്യ പരിശോധന, രോഗനിര്‍ണയം, മരുന്നുകള്‍ എന്നിവ നല്കുന്ന 1.73 ലക്ഷത്തിലധികം എഎഎമ്മുകള്‍ ഇന്ത്യയിലുടനീളം ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതല്‍ സമഗ്രമായ ആരോഗ്യ സംരക്ഷണ മാതൃകയിലേക്ക് നീങ്ങാനുള്ള നമ്മുടെ ശ്രമത്തിന്റെ കാതലാണ് ഈ കേന്ദ്രങ്ങള്‍. ആരോഗ്യവും മുന്‍കൂര്‍ രോഗനിര്‍ണയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണം കൂടുതല്‍ സുസ്ഥിരമാക്കാനും കഴിയുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.
വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട്ആയുഷ്മാന് ഭാരതിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുമ്പോള്‍, മുന്നിലുള്ള വെല്ലുവിളികളെയും നാം അംഗീകരിക്കണം. പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണ്. അതോടൊപ്പം അത് തുടര്‍ച്ചയായി പരിഷ്കരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്വവുമുണ്ട്. പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനും ആശുപത്രികളിലേക്കുള്ള പണമടയ്ക്കല്‍ കൃത്യസമയത്ത് ഉറപ്പാക്കുന്നതിനും ഓരോ ഗുണഭോക്താവിനും നല്കുന്ന പരിചരണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയില്‍, ഒരു രാജ്യത്തിന്റെ ആരോഗ്യമാണ് അതിന്റെ അഭിവൃദ്ധിയുടെ അടിത്തറയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഉത്പാദനക്ഷമതയ്ക്കും നവീകരണത്തിനും സംഭാവന നല്കാന് ആരോഗ്യമുള്ള ജനവിഭാഗം കൂടുതല്‍ സജ്ജമാണ്. ആരോഗ്യകരവും ശക്തവും വികസിതവുമായ ഇന്ത്യ എന്ന ഈ കാഴ്ചപ്പാടിന്റെ കേന്ദ്രമാണ് ആയുഷ്മാന്‍ ഭാരത്.
ജെ.പി. നഡ്ഡ (കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി)