മലരിന്റെ ഗുണങ്ങള്‍ കേട്ട് ഞെട്ടരുത്...
മലരേ... എന്നു തുടങ്ങുന്ന സിനിമാഗാനം കേരളക്കരയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഭക്ഷണങ്ങളില്‍ നമ്മളില്‍ പലര്‍ക്കും അറിയാത്ത ഒരു സൂപ്പര്‍ ഹിറ്റ് സാധനമുണ്ട്, അരിയില്‍നിന്നുണ്ടാക്കുന്ന മലര്. പഫ്ഡ് റൈസ് എന്നും ഇത് അറിയപ്പെടുന്നു.
ഉയര്‍ന്ന ചൂടിനും സമ്മര്‍ദത്തിനും വിധേയമാക്കിയാണ് വായുസഞ്ചാരമുള്ളതും മിനുസമാര്‍ന്നതുമായ മലര് ഉണ്ടാക്കുന്നത്. ഈ പ്രക്രിയ അരിയിലെ അന്നജത്തെ കുറയ്ക്കുന്നു. അതോടെ എളുപ്പത്തില്‍ ദഹിക്കാനും കലോറി കുറയ്ക്കാനും സഹായകമാകുന്നു.
ഹൃദയാരോഗ്യമുള്പ്പെടെയുള്ള ആരോഗ്യഗുണങ്ങളും മലര് പ്രദാനം ചെയ്യുന്നു. പഫ്ഡ് റൈസ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്...
കലോറി കുറവ്, ദഹനം
പഫ്ഡ് റൈസില്‍ കലോറി കുറവാണ്. ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുകൊണ്ടുതന്നെ ഇത് ഉപയോഗപ്രദമാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും പഫ്ഡ് റൈസിനു സാധിക്കും.
മാത്രമല്ല, പഫ്ഡ് റൈസ് ഭാരം കുറഞ്ഞതും എളുപ്പത്തില്‍ ദഹിക്കുന്നതുമാണ്. ദഹന പ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് മലര് അനുയോജ്യമാണ്. അന്നജത്തിന്റെ അളവ് കുറയുന്നതാണ് ദഹനത്തെ ഉത്തേജിപ്പിക്കുന്നതിന്റെ കാരണം.
കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടം
കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ് പഫ്ഡ് റൈസ്. ശരീരത്തിലെ കോശങ്ങളുടെ പ്രാഥമിക ഊര്‍ജ സ്രോതസായ ഗ്ലൂക്കോസായി കാര്‍ബോഹൈഡ്രേറ്റുകള്‍ വിഭജിക്കപ്പെടുന്നു.
ശരീരത്തിന്റെ ഊര്‍ജം നില നിലനിര്‍ത്തുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഫ്ഡ് റൈസ് മികച്ച പ്രകടനാണ് കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ കായികതാരങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്.
ഗ്ലൂറ്റന്‍ ഫ്രീ, കൊഴുപ്പ് കുറവ്
പഫ്ഡ് റൈസ് ഗ്ലൂറ്റന്‍ രഹിതമാണ്. ഇത് സെലിയാക് രോഗമോ ഗ്ലൂറ്റന്‍ അസഹിഷ്ണുതയോ ഉള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണമാണ്. ഗ്ലൂറ്റന്‍ കഴിക്കുന്നത് ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവ താറുമാറാക്കും.
പഫ്ഡ് റൈസില്‍ കൊഴുപ്പ് കുറവാണ്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുകയും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. പൂരിത, ട്രാന്‍സ് കൊഴുപ്പുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുകയും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
പഫ്ഡ് റൈസ് പോലുള്ള കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഈ അപകടസാധ്യതകള്‍ കുറയ്ക്കാം.
ആന്റിഓക്സിഡന്റ്, കുറഞ്ഞ ഗ്ലൈസെമിക്
ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ പഫ്ഡ് റൈസില്‍ ഉണ്ട്. കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ആന്റിഓക്സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.
പഫ്ഡ് റൈസില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഇത് രക്തപ്രവാഹത്തിലേക്ക് ഗ്ലൂക്കോസ് പതുക്കെ പുറത്തുവിടുന്നു. ഈ മന്ദഗതിയിലുള്ള റിലീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും വിശപ്പിലേക്കും അമിതഭക്ഷണത്തിലേക്കും നയിച്ചേക്കാവുന്ന അവസ്ഥ തടയാനും സഹായകമാണ്.