കുരിശിലേക്കുള്ള ശിഷ്യത്വം
മാനവരാശിയെ രക്ഷിക്കാനുള്ള മാർഗംഎല്ലാവരാലും വെറുക്കപ്പെട്ട കുരിശാണെന്നു വെളിപ്പെടുത്തിക്കൊണ്ട് ആ കുരിശിലേക്കാണ് ഈശോ ശിഷ്യന്മാരെ ആനയിച്ചത് (മത്താ16: 24). ഉത്ഥിതനായ ഈശോയെ തൊട്ടറിഞ്ഞ ശിഷ്യന്മാർ കുരിശ് നിത്യജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ഭൗമികജീവിതത്തിലെ സുഖവും ദുഃഖവും നൈമിഷകമാണെന്നും ഉത്ഥിതനോടുകൂടെ ആയിരിക്കുവാൻ കുരിശ് അനിവാര്യമാണെന്നും പഠിപ്പിച്ചു.
അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കുമെന്ന വചനം കാത്തൂസക്ഷിച്ച്, അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം എന്ന ആഹ്വാനം ഏറ്റുവാങ്ങി ഏതൊരു പ്രതികൂല സാഹചര്യത്തിലും ശിഷ്യന്മാർ സുവിശേഷത്തിനു സാക്ഷ്യം നൽകി.
പ്രേഷിതവേലയിൽ അഗ്രഗണ്യരായിരുന്ന പത്രോസും പൗലോസും കാരാഗൃഹവാസത്തിലും സധൈര്യം ക്രിസ്തുവിനു സാക്ഷ്യം നൽകി. ഈശോമിശിഹായുടെ മരണത്തോടു സാമ്യപ്പെട്ടു കുരിശിൽ തലകീഴായി മരിച്ച പത്രോസും കഴുത്തറത്തു കൊല്ലപ്പെട്ട പൗലോസും സുവിശേഷത്തെ പ്രതിയുള്ള മരണംപോലും വിജയമായിട്ടാണു കണ്ടിരുന്നത്.
ക്രിസ്തുശിഷ്യത്വത്തിൽ ഭൗമികതാത്പര്യങ്ങൾ പുലർത്തിയ പത്രോസിനെ ഈശോ ശക്തമായ താക്കീതിലൂടെ ശാസിക്കുകയും വാളിനും ശാരീരികക്ഷമതയ്ക്കും ഉപരിയായി കുരിശിലൂടെ മാത്രമേ രക്ഷ നേടാൻ സാധിക്കുകയുള്ളുവെന്ന സത്യം പഠിപ്പിക്കുകയും ചെയ്തുവെന്ന കാര്യം നാം മറക്കരുത്. നമുക്കുവേണ്ടിയുള്ള പ്രബോധനങ്ങളാണവ.
പൗലോസ് തനിക്കു ലഭിക്കാനിരുന്ന സഹനങ്ങളെക്കുറിച്ചും പീഡകളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നിട്ടും അണുവിടപോലും സത്യത്തെ പ്രഘോഷിക്കുന്നതിൽനിന്നു പിന്മാറിയിരുന്നില്ല.
തെസലോനിക്കയിൽനിന്നും ബെറോയിൽനിന്നും പിൻമാറുന്പോഴും ജറുസലേമിൽനിന്നു പുറത്താക്കപ്പെടുന്പോഴും ഫിലിപ്പിയിലും ജറുസലേമിലും കേസറിയായിലും റോമിലും ജയിൽവാസം അനുഭവിക്കുന്പോഴും അടിക്കപ്പെടുന്പോഴും കല്ലെറിയപ്പെടുന്പോഴും നിന്ദിക്കപ്പെടുന്പോഴും കപ്പലപകടത്തിലുമൊക്കെ അദ്ദേഹം തന്റെ ശിഷ്യത്വത്തെക്കുറിച്ച് അഭിമാനിച്ചിരുന്നു.
കുരിശ് ശിഷ്യത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. ഓരോ ക്രിസ്തുശിഷ്യനും തന്റെ കുരിശെടുത്ത് ഈശോയെ അനുഗമിക്കണമെന്നാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നതും. അതുകൊണ്ട് കുരിശിൽനിന്ന് ഓടിയൊളിക്കുക ക്രിസ്തീയമല്ല.
കുരിശിന്റെ ദൈവികതയെ മനസിലാക്കാൻ കഴിയുന്നവർക്ക് ഈ ലോകത്തിലും പരലോകത്തിലും രക്ഷ അനുഭവവേദ്യമാകും. കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കുന്പോൾ നാം ശ്ലീഹന്മാരെപ്പോലെ യഥാർഥ ക്രിസ്തുശിഷ്യരായി മാറുകയാണ്. കുരിശിന്റെ അർഥഗരിമ മനസിലാക്കാൻ ഈ നോമ്പുകാലം സഹായിച്ചെങ്കിൽ നമ്മുടെ പ്രാർഥനയും ഉപവാസവും ദാനധർമവും വൃഥാവിലായിട്ടില്ല.
ഡോ. ജോസഫ് ഒറ്റപ്പുരയ്ക്കൽ
(സത്ന സെന്റ് എഫ്രേംസ് മേജർ സെമിനാരി റെക്ടറും ബൈബിൾ പ്രഫസറുമാണു ലേഖകൻ)