നോമ്പ് -ജീവിതം പുതുതാക്കാം
നമുക്കുള്ളതും നാം ഉപയോഗിക്കുന്നതുമായ സകല വസ്തുക്കളും പഴയതാകും എന്നത് മനുഷ്യജീവിതത്തിലെ അടിസ്ഥാനപരമായ ഒരു യാഥാർഥ്യമാണ്. പുതുതായി നാം ഉപയോഗിച്ചു തുടങ്ങുന്ന വസ്തുക്കൾ പഴകിത്തുടങ്ങിയാൽ എന്തായിരിക്കും അതു നമ്മിൽ വരുത്തുന്ന മാറ്റം?
നമുക്ക് അതിനോടുള്ള ഇഷ്ടം കുറഞ്ഞ് വരും; അത് ഉപയോഗിക്കാൻ പുതുതായിരുന്നപ്പോഴുള്ള ആവേശം കുറയും, ഉപയോഗിച്ച് പഴകും തോറും സൂക്ഷ്മത കുറവും ശ്രദ്ധാകുറവും സംഭവിക്കും. അങ്ങനെ പലപ്പോഴും പഴയ സാധനങ്ങൾ ഒരു ബാധ്യതയായി മാറാനിടയുണ്ട്
നാം ഉപയോഗിക്കുന്ന വസ്തുക്കൾക്ക് മാത്രമാണോ പഴക്കം സംഭവിക്കുന്നത്? നമ്മുടെ ജീവിതങ്ങൾക്കും പഴക്കം വരാറില്ലേ? ജീവിതത്തിനു പഴക്കം തട്ടിയതിന്റെ തെളിവല്ലേ പലർക്കും ജീവിതം തന്നെ ഒരു ബാധ്യതയോ, മുന്നോട്ടു തള്ളിനീക്കേണ്ട ഭാരമോ, അവസാനിച്ചെങ്കിലെന്ന് വിചാരിക്കുന്നത്ര മടുപ്പിക്കുന്നതോ ആയി മാറുന്നതും ജീവിതത്തിൽനിന്ന് അതിന്റെ സ്വച്ഛതയും ആനന്ദവും ബന്ധങ്ങളിൽനിന്ന് ഇഴയടുപ്പവും ഊഷ്മളതയും അന്യമായി തുടങ്ങുന്നതും?
വസ്തുക്കൾ പഴകിയാൽ മാറ്റിമേടിക്കാം, എന്നാൽ ജീവിതത്തിനു പഴക്കം തട്ടിയാലോ, മാറ്റിവാങ്ങാൻ പറ്റില്ലല്ലോ! ഇവിടെയാണ് ജീവിതം തന്ന ദൈവം പറയുന്നത് “ഇതാ ഞാൻ സകലതും നവീകരിക്കുന്നു; ഞാൻ ആൽഫയും ഉമേഗയുമാണ് ആദിയും അന്ത്യവും’’ (വെളിപാട് 21:5). വിശുദ്ധ ഗ്രന്ഥം പരിചയപ്പെടുത്തുന്ന ദൈവം എല്ലാറ്റിനെയും നവീകരിക്കുന്ന ദൈവമാണ്.
നമ്മുടെ ദൈവം നവീകരിക്കാൻ ആഗ്രഹിക്കുന്നവനാണ്. എന്നാൽ അവിടുന്ന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ നാം എന്തുചെയ്യണം, അഥവാ എങ്ങനെയാണ് മനുഷ്യർ എന്നും തങ്ങളുടെ ജീവിതങ്ങളെ പുതുതാക്കുന്നത്. ഏശയ്യാ 57:15 ൽ ഈ ദിശയിലേക്ക് നല്ലൊരു അക്ഷരസാക്ഷ്യം നാം കണ്ടെത്തുന്നുണ്ട്.
അനുതാപികളുടെ ഹൃദയത്തെയും വിനീതരുടെ ആത്മാക്കളെയും നവീകരിക്കാൻ ഞാൻ അവരോടു കൂടെ വസിക്കുന്നു. അനുതാപത്തിലൂടെ മാത്രമാണ് മനുഷ്യർ തങ്ങളുടെ ജീവിതത്തെ നവീകരിക്കുന്നതും അതിന്റെ ആദ്യ ആനന്ദങ്ങളിലേക്കും സരളതകളിലേക്കും തിരികെപ്പോകുന്നതും. അനുതാപത്തിനുള്ള ക്ഷണം നിരന്തരം നിരസിക്കുന്നതുകൊണ്ടാണ് സങ്കടങ്ങൾ നമ്മെ കീഴടക്കുന്നതും, കണ്ണീരനുഭവങ്ങളെ മറികടക്കാനാവാത്തതും ജീവിതം താങ്ങാനാവാത്തവിധം ഭാരം നിറഞ്ഞതാകുന്നതും.
നോന്പ് കാലം പുതുതാക്കാനുള്ള സമയമാണ്. ജീവിതത്തെ, ജീവിക്കാനുള്ള ആവേശത്തെ, ജീവിതത്തോടുള്ള സ്നേഹത്തെ സ്നേഹബന്ധങ്ങളെയെല്ലാം നവീകരിക്കാനുള്ള കാലമാണ്. അനുതപിക്കാനുള്ള ദൈവത്തിന്റെ വിളി സ്വീകരിക്കുന്നതിലൂടെയാണ് ജീവിതംതന്ന ദൈവത്തിന് നമ്മിൽ പ്രവർത്തിക്കാനും പ്രവേശിക്കാനുമുള്ള സാധ്യതയുടെ വാതിൽ തുറക്കപ്പെടുന്നത്.
അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രാർഥനയുടെയും ജീവിതചര്യയിലൂടെ ദൈവത്തിനു നമ്മിൽ പ്രവർത്തിക്കാനും ഹൃദയങ്ങളിൽ പ്രവേശിക്കാനുള്ള സാധ്യത സൃഷ്ടിക്കാം.
“ഇതാ ഞാൻ വാതിൽക്കൽ മുട്ടുന്നു; ആരെങ്കിലും എന്റെ സ്വരംകേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്കു വരും ഞങ്ങൾ ഒരുമിച്ച് ഭക്ഷിക്കുകയും ചെയ്യും’’. (വെളിപാട് 3:20).
ഡോ. ടോം ഓലിക്കരോട്ട്
(തലശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ബൈബിൾ പ്രഫസറുമാണ് ലേഖകൻ)