ആത്മത്യാഗത്തോളം വളരേണ്ട ശിഷ്യത്വം
യോഹന്നാൻ സുവിശേഷകൻ നല്കുന്ന പീഡാനുഭവ വിവരണങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതു പീലാത്തോസിന്റെ കൊട്ടാരത്തോടു ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് (18:28-19:16).
യഹൂദമതത്തിൽനിന്ന് യേശുവിനെ നിഷ്കാസനം ചെയ്യാൻ ദൈവദൂഷണം എന്ന കുറ്റമാണ് മതനേതാക്കൾ പ്രധാനപുരോഹിതന്റെ അടുക്കലെ വിചാരണയിൽ ആരോപിച്ചത്. എന്നാൽ, അതേ യഹൂദപ്രമാണികൾ പീലാത്തോസ് എന്ന രാഷ്ട്രീയ അധികാരിയെ സ്വാധീനിക്കാൻ യേശുവിനെതിരെ ആരോപിച്ച കുറ്റം രാജദൂഷണമായിരുന്നു.
സമകാലീന രാഷ്ട്രീയ-സാമൂഹ്യ-മത പരിതസ്ഥിതികൾ അന്യായ വിധികളുടെ നേർക്കാഴ്ചകൾ സമ്മാനിക്കുന്പോൾ പ്രധാന പുരോഹിതനും ജനപ്രമാണികളും പീലാത്തോസും അവരാൽ ഇരകളാക്കപ്പെടുന്നവരുമെല്ലാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും മുഖചിത്രങ്ങളാണ്.
സത്യം എന്തെന്നു മനസിലാക്കാൻ ശ്രമിക്കുന്ന ഒരു ഭരണാധികാരിയായാണ് പീലാത്തോസിനെ യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നത്. യഹൂദരുടെ ആരോപണത്തിന്റെ കുടിലത മനസിലാക്കാൻ പീലാത്തോസ് എന്ന വിജാതീയ ഭരണാധികാരിക്ക് കഴിഞ്ഞുവെന്ന സൂചനയാണ് ’ നീ യഹൂദരുടെ രാജാവാണോ?’ ’ അവനിൽ ഞാനൊരു കുറ്റവും കാണുന്നില്ല’ എന്ന സത്യമൊഴികൾ.
കുറ്റമില്ലാത്തവനെന്നു ബോധ്യപ്പെട്ടിട്ടും യേശുവിനെ അന്യായമായി വിധിക്കുന്നിടത്ത് അന്നും ഇന്നും അധികാരതല്പങ്ങളിൽ അടിഞ്ഞുകൂടിയ ആധിപത്യ പ്രവണതയും കുടിലബുദ്ധിയും വഞ്ചനാത്മകമായ നീക്കങ്ങളും തിന്മയുടെ അതിപ്രസരവും സത്യത്തിൽ നിന്നുള്ള തന്ത്രപരമായ ഒളിച്ചോട്ടവുമാണ് പ്രകടമാകുന്നത്.
എന്നാൽ, ദൈവരാജ്യമൂല്യമായ സത്യത്തിനുവേണ്ടിയുള്ള നിലപാടുകൾ സംരക്ഷിക്കാനുള്ള പരിശ്രമങ്ങളിൽ വിയർപ്പു മാത്രമല്ല രക്തവും ചൊരിയേണ്ടിവരുമെന്നു യേശുവിന്റെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നു. അവിടത്തെ പീഡാസഹനവും കുരിശുമരണവും യഥാർഥ സ്വാതന്ത്ര്യത്തിന്റെയും നലംതികഞ്ഞ സമർപ്പണത്തിന്റെയും നിത്യമായ പ്രതീകമാണ്.
വിശ്വാസത്തിന്റെ കാതലായ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും പാരമ്യത്തിൽ ജീവൻപോലും സമർപ്പിക്കാനുള്ള സന്നദ്ധതയാണ് ക്രിസ്തുശിഷ്യത്വം ആവശ്യപ്പെടുന്നത്. സഹനങ്ങൾ രണ്ടുതരത്തിൽ അനുഭവപ്പെടാം. ശിഷ്യർ തങ്ങളെത്തന്നെ ദൈവികഭാവങ്ങളിലേക്ക് ഉയർത്താൻ പരിശ്രമിക്കുന്പോൾ നേരിടേണ്ടിവരുന്ന വ്യക്തിപരമായ സഹനങ്ങളാണ് ഒന്നാമത്തെത്.
വ്യക്തിപരമായ കുറവുകൾ സൃഷ്ടിക്കുന്ന നിസഹായതയും അന്യായമായ അപമാനങ്ങളും സത്യത്തിന്റെ നിലപാടുകൾ തീർക്കുന്ന ഏകാന്തതയും പലപ്പോഴും നിശബ്ദവ്യഥകളായി പരിണമിക്കുന്നു. രണ്ടാമത്തെതാകട്ടെ, ശിഷ്യജീവിതം സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ അപഭ്രംശങ്ങളെ ചൂണ്ടിക്കാണിക്കുന്നതോ ചോദ്യംചെയ്യുന്നതോ തിരുത്തുന്നതോ ആകുന്പോൾ അവശ്യം നേരിടേണ്ടിവരുന്ന എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും പീഡാനുഭവങ്ങളുമാണ്. അവയുടെ ഒഴിച്ചുകൂടാനാവാത്ത പരിണതഫലം പലപ്പോഴും ജീവത്യാഗംവരെയെത്താം.
യേശുവിന്റെ പീഡാനുഭവവും മരണവും രക്ഷയുടെ വഴിയിൽ അവിടുന്ന് മനുഷ്യകുലത്തിന് സ്നേഹപൂർവം നൽകിയ സ്വയംസമ്മാനമാണ്. സഹനങ്ങളിലൂടെയുള്ള നമ്മുടെ ജീവിതം മാത്രമല്ല സത്യത്തിനും നീതിക്കുംവേണ്ടിയുള്ള ഈ ലോകത്തിലെ ഓരോ മരണവും ക്രിസ്തുശിഷ്യത്വത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.
സിസ്റ്റർ ഡോ. ബിൻസി മാത്യു എസ്എച്ച്
(തലശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡീൻ ഫ് സ്റ്റഡീസും ബൈബിൾ പ്രഫസറുമാണ് ലേഖിക)