ശിഷ്യത്വത്തിന്റെ അടയാളമായ ത്യാഗം
2021 മാർച്ച് 19-ലെ പല പത്രങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം നിലയിൽനിന്നു വീണു മരിച്ച ഇരുപത്തഞ്ചുകാരിയായ അമ്മയുടെ കഥ. തിരുവനന്തപുരം ജില്ലയിലെ ഇടവ എന്ന സ്ഥലത്താണു നാടിനെ നടുക്കിയ സംഭവം.
ആറുമാസം പ്രായമായ മകളെ കളിപ്പിക്കാനാണ് അമ്മ മൂന്നാംനില കെട്ടിടത്തിന്റെ ടെറസിലെത്തിയത്. ടെറസിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലിന്റെ വിടവിലൂടെ കുഞ്ഞ് താഴേക്കു പതിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ പിന്നാലെ ചാടിയ അമ്മ കെട്ടിടത്തിന്റെ സൺഷെയ്ഡിൽ തലയിടിച്ച് തത്ക്ഷണം മരിച്ചു. തെർമോകോളിന്റെ കൂന്പാരത്തിലേക്കു വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ത്യാഗത്തിന്റെ മനുഷ്യാവതാരമാണ് അമ്മമാർ. ത്യാഗത്തിന്റെ കഥകൾ നെയ്തുചേർത്ത അവരുടെ ജീവിതങ്ങൾ അനശ്വരമായി നിലകൊള്ളുന്നു.
കുഞ്ഞിനുവേണ്ടി പെറ്റമ്മ ചെയ്ത ത്യാഗം മനുഷ്യകുലത്തിനുവേണ്ടി ദൈവം ചെയ്ത ത്യാഗത്തെ അനുസ്മരിപ്പിക്കുന്നു. പ്രിയപ്പെട്ടവർക്കുവേണ്ടി മരിക്കുവാൻ ത്യാഗികൾ തയാറായെന്നുവരാം. എന്നാൽ, ശത്രുക്കൾക്കുവേണ്ടി ജീവൻ ഹോമിച്ച മഹാത്യാഗിയാണു ദിവ്യഗുരു. ഈ ഗുരുവിന്റെ ത്യാഗമാണു വെള്ളിയാഴ്ചയെ ദുഃഖവെള്ളിയാക്കിയത്. ഈ ത്യാഗത്തിന്റെ കഥകളാണ് സുവിശേഷങ്ങളായി പ്രഘോഷിക്കപ്പെടുന്നത്.
ഭൂമിയോളം താഴാനും പാതാളത്തിലേക്ക് ഇറങ്ങാനും മഹാത്യാഗം ചെയ്തവനാണ് ഗുരു. ദൈവമായിരുന്നിട്ടും ദൈവത്തോടുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ ദാസന്റെ രൂപം സ്വീകരിച്ചു.
സ്വയം ശൂന്യവത്കരണത്തിനു തയാറായി. പുൽക്കൂട്ടിൽ പിറക്കാനും കഴുതപ്പുറത്തു കയറാനും കുരിശുമരം ചുമക്കാനും അവിടുന്നു സന്നദ്ധനായി. ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അതു തനിയെ ഇരിക്കുന്നു. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കുന്നു എന്നു പഠിപ്പിച്ച പാഠം ഗുരു ജീവിതത്തിൽ അന്വർഥമാക്കി.
തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ ത്യാഗത്തിന്റെ ഈ പാത തെരഞ്ഞെടുക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു. ശിഷ്യത്വത്തിന്റെ ഒരു വ്യവസ്ഥതന്നെയാണത്. യേശുശിഷ്യന്റെ മുന്നിൽ രണ്ടു വഴികൾ തുറന്നുകിടക്കുന്നു. വീതി കൂടിയ സ്വാർഥതയുടെ വഴിയും വീതി കുറഞ്ഞ ത്യാഗത്തിന്റെ വഴിയും.
വീതി കൂടിയ വഴിയിലൂടെ വളരെപ്പേർ സഞ്ചരിക്കുന്നു. അധികാരത്തിന്റെ ചെങ്കോലും സ്ഥാനമാനങ്ങളുടെ കിരീടവും പ്രതീക്ഷിക്കുന്നവരാണവർ. വെള്ളിനാണയം കൊതിക്കുന്ന യൂദാസുമാരും കൈകഴുകി സത്യത്തെ കൈയൊഴിയുന്ന പീലാത്തോസുമാരും അദ്ഭുതം കാംക്ഷിക്കുന്ന ഹേറോദേസുമാരും ഇതിലൂടെ യാത്രചെയ്യുന്നു.
വീതികുറഞ്ഞ ത്യാഗത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവർ വിരളമാണ്. ഇന്ദ്രിയങ്ങളുടെ വാതായനങ്ങളടച്ച് സത്യത്തോടൊപ്പമുള്ള യാത്രയാണത്. പാദം കഴുകുന്ന പാപിനിയും കുരിശു ചുമക്കുന്ന ശിമയോനും സുഗന്ധക്കൂട്ടുമായി എത്തുന്ന നിക്കദേമോസും ത്യാഗത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. ഉപ്പുതരിപോലെ അലിയാനും ഗോതന്പുമണി പോലെ അഴിയാനും മെഴുകുതിരി പോലെ ഉരുകാനും തയാറാകുന്നവരാണവർ.
നാം അന്പതുനോന്പിന്റെ സമാപനത്തിലേക്ക് എത്തുകയാണ്. നോന്പുകാലം ശിഷ്യത്വത്തിന്റെ പഠനക്കളരിയാകുന്നു. ഈശോയുടെ കളരിയിൽ, ഗുരുമുഖത്തുനിന്നുതന്നെ ശിഷ്യത്വത്തിന്റെ പാഠങ്ങൾ അഭ്യസിക്കുന്ന കളരി. ശിഷ്യത്വത്തിന്റെ ഈ പരിശീലനം നോന്പിനു ശേഷവും തുടരാനുള്ള ചുമതലയും നമുക്കുണ്ട്.
പലവിധ ത്യാഗങ്ങളിൽ വളരാൻ നമ്മെ പഠിപ്പിച്ച ഈ കോവിഡ് കാലത്തിൽ നോന്പ് കൂടുതൽ അർഥപൂർണമായിരിക്കുന്നു. മനുഷ്യരാശിയുടെ സഹനങ്ങളിൽ പങ്കുചേർന്ന് ആഹ്ലാദങ്ങളും ആർഭാടങ്ങളും കുറച്ച് ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കാം. നോന്പും പ്രാർഥനയും ഉപവാസവും ദാനധർമവും നൽകുന്ന ത്യാഗത്തിന്റെ പാത നമുക്ക് അന്യമാകാതിരിക്കട്ടെ.
ഡോ. സെബാസ്റ്റ്യൻ മുല്ലൂപ്പറന്പിൽ സിഎംഐ
(ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ ബൈബിൾ പ്രഫസറാണ് ലേഖകൻ)