ഹൃദയംകൊണ്ടു കാണുന്നവർ
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8). ദൈവദർശനം ഏതൊരു ഭക്തന്റെയും ജീവിതാഭിലാഷമാണ്. ഹൃദയശുദ്ധിയാണ് അതിനുള്ള കുറുക്കുവഴി. ക്രൈസ്തവനെ സംബന്ധിച്ച് ഹൃദയം ശരീരത്തിലെ ഒരു അവയവം മാത്രമല്ല; അവന്റെ ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തിന്റെ കേന്ദ്രം കൂടിയാണ്.
ഒരുവന്റെ മനസിന്റെയും ബുദ്ധിയുടെയും വികാരങ്ങളുടെയും ഇരിപ്പിടമാണത്. മനുഷ്യനു ദൈവത്തോടു ബന്ധപ്പെടാനാവുന്നത് ഹൃദയംകൊണ്ടാണ്. ദൈവം പരിശുദ്ധനായതുകൊണ്ട് അവിടുത്തോടു ബന്ധപ്പെടുന്നവരും പരിശുദ്ധരായിരിക്കണം.
അതുകൊണ്ടാണ് സങ്കീർത്തകൻ ഇപ്രകാരം പ്രാർഥിക്കുന്നത്: “ദൈവമേ, നിർമലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ” (സങ്കീ 51:10). ഹൃദയനൈർമല്യം സൂചിപ്പിക്കുന്നത് ജീവിത പരിപൂർണതയെയാണ്; ഹൃദയം നിർമലമെങ്കിൽ വ്യക്തി പരിപൂർണനാണ്.
ഹൃദയം നിർമലമായിരിക്കുന്ന വ്യക്തിയിൽ ’ആന്തരിക നയനം’ അഥവാ ’ഭാസുര നയനം’ രൂപം കൊള്ളുന്നു. അതുവഴി ബാഹ്യനയനങ്ങൾക്ക് അദൃശ്യങ്ങളായ സ്വർഗീയ യാഥാർഥ്യങ്ങളെ കാണാനുള്ള കഴിവ് ദൃശ്യനയനങ്ങൾക്കു കൈവരുന്നു; അഥവാ ഉൾക്കാഴ്ച ലഭിക്കുന്നു. അതുകൊണ്ടാണ് ഹൃദയശുദ്ധിയുള്ളവർക്കു ദൈവത്തെ കാണാനാകും എന്നു പറയുന്നത്.
ദൈവത്തെ സദാ ദർശിക്കുന്ന വ്യക്തി ഒരു ’നിർമല ദർപ്പണം’പോലെ ദൈവിക യാഥാർഥ്യങ്ങളെ സുന്ദരമായി പ്രതിഫലിപ്പിക്കും; ദൈവത്തെ തന്നെ പ്രതിഫലിപ്പിക്കും. ഈ ’ഭാസുര നയനം’, വിശ്വാസത്തിന്റെ നയനം’ അഥവാ ’ഹൃദയത്തിന്റെ നയന’മാണ്. ശാരീരിക നയനങ്ങൾക്കു പ്രകാശം എങ്ങനെയോ, അങ്ങനെയാണു ഹൃദയത്തിന്റെ നയനങ്ങൾക്കു വിശ്വാസം.
യഥാർഥ വിശ്വാസമുള്ളവനു തന്നിൽത്തന്നെയും ചുറ്റുപാടുകളിലും പ്രകൃതിയിലും വിശുദ്ധഗ്രന്ഥത്തിലുമുള്ള അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അർഥം (രഹസ്യം) ഗ്രഹിക്കാൻ എളുപ്പമാണ്.
ഉദാഹരണത്തിന്, പൗരസ്ത്യസഭാപിതാവായ മാർ അപ്രേം, പ്രപഞ്ചത്തിൽ എവിടെയും - കപ്പലുകളുടെ പായ്ത്തണ്ടിലും, നിലം ഉഴുതുമറിക്കുന്ന കലപ്പയിലും, കൈകൾ വിരിച്ചുപിടിക്കുന്ന മനുഷ്യനിലും ആകാശത്തു പറക്കുന്ന പക്ഷിയിലും - കർത്താവിന്റെ സ്ലീവാ ദർശിച്ച വ്യക്തിയാണ്.
നസ്രായനായ ഈശോയിൽ വിശ്വസിച്ച്, അവിടുത്തെ നാമത്തിൽ മാമ്മോദീസാ മുങ്ങി, അവിടുന്നിൽ ജീവിക്കാൻ ആരംഭിക്കുന്നവരുടെ ഹൃദയമണവറയിൽ മിശിഹായും അവിടുത്തെ പരിശുദ്ധറൂഹായും വന്നുവസിക്കും. ഈ ദൈവികസഹവാസംമൂലം ഹൃദയം ദൈവത്തെ പ്രതിഫലിപ്പിക്കുന്ന നിർമലദർപ്പണമാകും. ഹൃദയനൈർമല്യം കാത്തുസൂക്ഷിക്കാൻ യത്നിക്കുന്നവർ ദൈവത്തിനു പ്രീതികരമായ ബലിയർപ്പിക്കുന്നവരാണ്.
ഹൃദയം നിർമലമാക്കി, പാപത്തിൽനിന്നു ശുദ്ധിനേടുന്നവർ സദാ ദൈവത്തെ ദർശിക്കും. സങ്കീർത്തകൻ ചോദിക്കുന്നു: “കർത്താവിന്റെ മലയിൽ ആരു കയറും? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആരു നില്ക്കും?” അദ്ദേഹം തന്നെ ഉത്തരവും നല്കുന്നു: “കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ” (സങ്കീ 24:3-4).
ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
(വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റും ബൈബിൾ പ്രഫസറുമാണ് ലേഖകൻ)