കാരുണ്യത്തിന്റെ കരങ്ങളാവുക
“കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കും” (മത്താ 5:7)
ദൈവത്തിൽ കണ്ണുംനട്ട് പ്രപഞ്ചത്തിന്റെ ആത്മാവിനെ തൊട്ട് കരുണയുടെ കരങ്ങളാൽ സഹോദരങ്ങളെ കൈപിടിച്ചു നടത്തുന്ന ആർദ്രതയാണ് കരുണാമയനായ തന്പുരാൻ ദൈവമക്കളിൽനിന്നു പ്രതീക്ഷിക്കുന്നത്. ബലിയേക്കാൾ കരുണ ആഗ്രഹിക്കുന്ന ദൈവത്തിന്റെ യഥാർഥ ഭാവം കാരുണ്യമാണ്. അതു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു പറയുന്നത് ദൈവത്തിന്റെ നാമം കരുണയാണെന്ന്.
മാനവികതയുടെ നേർക്കാഴ്ചയായി, പ്രശസ്ത ഇറേനിയൻ സംവിധായകൻ മജീദ് മജീദിയുടെ "രംഗ് എ കോദ' എന്ന പേർഷ്യൻ ചലച്ചിത്രമുണ്ട്. "കളർ ഓഫ് പാരഡൈസ്' എന്ന പേരിൽ ഇംഗ്ലീഷിൽ ഈ സിനിമ ലോകശ്രദ്ധ പിടിച്ചുപറ്റി. ടെഹ്റാനിലെ അന്ധവിദ്യാലയത്തിലെ എല്ലാ കുട്ടികളും വേനലവധിക്കു പോയശേഷവും തന്നെ കൂട്ടിക്കൊണ്ടു പോകാൻ ആരും വരാത്തതിൽ മനം നൊന്തിരിക്കുന്ന അന്ധനായ കുട്ടി.
കൂട്ടിൽനിന്ന് വീണുപോയ കിളിക്കുഞ്ഞിന്റെ കരച്ചിൽ അവൻ തിരിച്ചറിയുന്നു. അതിനെ തിന്നാൻ വരുന്ന പൂച്ചയെ ഓടിച്ച് കിളിക്കുഞ്ഞിനെ കീശയിലിട്ട് സശ്രദ്ധം മരം കയറാൻ തുടങ്ങുന്നു. അന്ധനായ അവൻ ഓരോ ചുവടുവച്ചു കയറുന്പോഴും പ്രേക്ഷകരുടെ നെഞ്ചു പിടയും. അവസാനം മരത്തിന്റെ ഉച്ചിയിലെത്തി കിളിക്കുഞ്ഞിനെ അതിന്റെ തള്ളപ്പക്ഷിയോട് ചേർക്കുന്പോൾ അവന്റെ മുഖത്ത് കണ്ണീരണിഞ്ഞ പുഞ്ചിരിയുടെ പ്രകാശം നിറയുകയാണ്.
പ്രേക്ഷകരുടെ ഉള്ളം ശുദ്ധീകരിക്കുന്ന അനുഭവമാണത്. കരുണയുടെ ഒരു ചെറിയ കണിക പോലും സാധാരണക്കാരന്റെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതിലെത്രയോ മടങ്ങ് ആഴത്തിൽ കരുണാമയന്റെ കണക്കുപുസ്തകത്തിൽ അവയൊക്കെ രേഖപ്പെടുത്തപ്പെടും. പണ്ഡിതശ്രേഷ്ഠനായ വിശുദ്ധ തോമസ് അക്വീനാസ് ഉറപ്പിച്ചു പറയുന്നു: പുണ്യങ്ങളിൽ ഏറ്റവും വലിയ പുണ്യം കാരുണ്യമാണ്, മറ്റു സുകൃതങ്ങളെല്ലാം ഇതിനെ ചുറ്റിപ്പറ്റി നിൽക്കുന്നു.
ഓരോ ക്രിസ്തുശിഷ്യനും അനുകരിക്കേണ്ടത് ക്രിസ്തുവിനെയാണ്. കരുണയുടെ നിറവായിരിക്കുന്നവനെ അനുഗമിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവൃത്തികൾ കരുണ പ്രസരിക്കുന്നതായിരിക്കണം. നിർദയനായ സേവകന്റെ ഉപമയിലൂടെ ക്രിസ്തു ശിഷ്യൻ കരുണാരഹിതനായാലുള്ള ദുരന്തത്തെക്കുറിച്ച് അവിടുന്ന് ബോധ്യപ്പെടുത്തുന്നു.
ഈശോ പറയുന്നു, ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ? (മത്താ 18:33). ദൈവത്തിന്റെ അനന്തമായ കാരുണ്യം അനുഭവിക്കുന്ന ഓരോ വ്യക്തിയും സ്വസഹോദരങ്ങളുമായി കാരുണ്യം പങ്കുവയ്ക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.
അന്ത്യവിധിയുടെ നിമിഷങ്ങളിൽ ’കാരുണ്യമാപിനി’ യിലെ തോതായിരിക്കും സ്വർഗനരകങ്ങളുടെ വേർതിരിവിന് നിദാനമായിരിക്കുക (മത്താ 25: 31-46). യഥാർഥ ക്രിസ്ത്യാനിയെ തിരിച്ചറിയാനുള്ള ഉരകല്ല് കരുണതന്നെയാണ്.
സത്യമായ ആനന്ദത്തിന്റെ ഉറവിടത്തെക്കുറിച്ച് അവബോധമുണ്ടായാൽ കണ്ടെത്തുന്ന മാർഗം കാരുണ്യത്തിന്റെതാണ്. സ്വമേധയാ കരുണയുടെ കരങ്ങളായി മാറുന്പോൾ ജീവിതം ദീപ്തമാകും. ഈ പ്രകാശം ലോകത്തിന് അനുഗ്രഹമായി മാറുകയും ദൈവസന്നിധിയിൽ അമൂല്യമായിത്തീരുകയും ചെയ്യും.
ഫാ. റോണി പോൾ കാവിൽ
(കോഴിക്കോട് മാങ്കാവ് സെന്റ് ജോസഫ് പള്ളി വികാരിയാണ് ലേഖകൻ).