ശാന്തശീലന്റെ സൗഭാഗ്യം
സീനായ് മലയിൽവച്ച് ദൈവം ഇസ്രായേൽ ജനത്തിന് അടിസ്ഥാന നിയമങ്ങൾ നൽകിയതുപോലെ ഈശോ ഗലീലിയിലെ ഒരു മലയിൽ വച്ച് പുതിയ ദൈവജനത്തിന്റെ ജീവിതത്തിനാവശ്യമായ നിയമസംഹിത നൽകി. ആ നിയമസംഹിതയാണ് അഷ്ടഭാഗ്യങ്ങൾ. ഇതിലെ മൂന്നാമത്തെ സൗഭാഗ്യമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. “ശാന്തശീലർ ഭാഗ്യവാന്മാർ, അവർ ഭൂമി അവകാശമാക്കും’’ (മത്താ 5:5).
ശാന്തതയും സൗമ്യതയും ലോകദൃഷ്ടിയിൽ ബലഹീനതയാണ്. സമാധാനം വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാകൂ. പീഡനങ്ങളെ ചെറുത്തുതോല്പിക്കുന്നതാണു പൗരുഷം. എന്നിങ്ങനെയുള്ള ആശയങ്ങളും മനോഭാവങ്ങളുമാണ് ആധുനികലോകത്തെ നയിക്കുന്നത്. എന്നാൽ, ലോകം വിലമതിക്കുന്ന ബാഹ്യവും ഉപരിപ്ലവവുമായ ജീവിതഭാഗ്യമല്ല ഇൗശോ വിഭാവനം ചെയ്യുന്നത്; ആന്തരികവും സത്യവും നിത്യവുമായ സനാതന മൂല്യങ്ങളെയാണ്.
തന്റെ അനുയായികളുടെ ജീവിതത്തിൽ വേണ്ട അടിസ്ഥാനപരമായ വ്യതിരിക്തതയെക്കുറിച്ചാണ് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത്. ശാന്തതയും സൗമ്യതയും ദൈവസ്വഭാവമാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്, “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ’’ (മത്താ 11:29).
ദുഃഖങ്ങൾ അലയടിച്ചപ്പോഴും ശിഷ്യന്മാർ ഓടിയൊളിച്ചപ്പോഴും ഒറ്റിക്കൊടുത്തപ്പോഴും ഈശോ ശാന്തനായിരുന്നു. സ്വജീവിതമാതൃകവഴി ഒരു ആന്തരിക പരിവർത്തനത്തിനു തയാറാകാൻ ഈ നോന്പുകാലത്തിൽ അവിടുന്ന് നമ്മോടാവശ്യപ്പെടുന്നു.
ശാന്തശീലവും ഭൂമി അവകാശമാക്കലും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പരാക്രമശാലികൾ തന്ത്രവും കൊലയും കൊള്ളയുംവഴി ഭൂമി കീഴടക്കിയിട്ടുണ്ടെങ്കിലും അവകാശമാക്കിയിട്ടില്ല. എന്നാൽ, എളിയവരും ലളിതമാനസരും ശാന്തശീലരും സങ്കടങ്ങൾക്കും ക്ലേശങ്ങൾക്കും മധ്യേ അധ്വാനിക്കുകയും ഭൂമി അവകാശമാക്കുകയും ചെയ്യുന്നു.
ഈശോ വിഭാവനം ചെയ്യുന്ന ഭൂമി, ഈ ലോകത്തിലെ ദേശമോ രാഷ്ട്രമോ ഒന്നുമല്ല, മറിച്ച് ദൈവപിതാവ് മക്കൾക്ക് അവകാശമായി നല്കുന്ന സ്വർഗരാജ്യമാണ്. ഈ സ്വർഗരാജ്യം അവകാശമാക്കണമെങ്കിൽ ആദ്യം നാം അവിടുത്തെ മക്കളായിത്തീരണം. ഈശോ നമ്മോടു പറയുന്ന “ശാന്തത’’ ദൈവപിതാവിന്റെ മക്കളായിത്തീരാനുള്ള മാർഗവും സ്വർഗരാജ്യത്തിന്റെ അവകാശികളായിത്തീരാനുള്ള വഴിയുമാണ്.
ആധ്യാത്മികാചാര്യനായ ഫ്രാൻസിസ് സാലസ് വലിയ മുൻകോപിയായിരുന്നു. നിരന്തരമായ പരിശ്രമംവഴി അദ്ദേഹം വലിയ ശാന്തനായി മാറി. ഒരിക്കൽ ഒരു യുവാവ് അദ്ദേഹത്തിന്റെ മുൻപിൽ വന്ന് ബഹളമുണ്ടാക്കി. എന്നിട്ടും വിശുദ്ധൻ ശാന്തനായി തന്റെ പ്രവൃത്തികൾ ചെയ്തുകൊണ്ടിരുന്നു.
ഇതു കണ്ടവർ അദ്ദേഹത്തോടു ചോദിച്ചു, “ആ യുവാവിന്റെ ഇത്രയേറെ നിന്ദനങ്ങൾ എങ്ങനെയാണ് അങ്ങ് സഹിച്ചത്?’’ അദ്ദേഹം മറുപടി പറഞ്ഞു: “ക്ഷോഭിച്ചിരിക്കുന്പോൾ ഒരക്ഷരംപോലും പറയരുതെന്ന് മാതാവുമായി നേരത്തേ ഒരു കരാർ ചെയ്തിട്ടുണ്ട്. അയാളോട് എനിക്കു കോപം തോന്നിയതിനാലാണ് ഞാൻ മൗനം പാലിച്ചത്.’’
അതുകൊണ്ടാണു ഫ്രാൻസിസ് സാലസ് ഇപ്രകാരം പറഞ്ഞത്: “വേദനയ്ക്കിടയിലും ശാന്തത പാലിക്കാനും ഉത്കണ്ഠകൾക്കിടയിൽ സമാധാനം പാലിക്കാനും സാധിക്കുന്നവർ പരിപൂർണരാണ്.’’ “ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത കൈവെടിയരുതെന്ന്’’ പ്രഭാഷകന്റെ പുസ്തകവും (2:4) നമ്മോടാവശ്യപ്പെടുന്നു.
ശാന്തശീലർ ദൈവരാജ്യത്തിന്റെ സാക്ഷാത്കാരത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നവരാണ്, പ്രതിസന്ധിഘട്ടങ്ങളിൽ ശാന്തത കൈവെടിയാത്തവരാണ്, ദൈവത്തിന്റെ വിശുദ്ധ പദ്ധതികളെ ചോദ്യംചെയ്യാത്തവരാണ്. ജീവിതാനുഭവങ്ങൾ എന്തുതന്നെയായിരുന്നാലും എല്ലായ്പ്പോഴും ദൈവത്തിൽ ആശ്രയിക്കണം. ശാന്തത കൈവെടിയാതെ പെരുമാറാനുള്ള അനുഗ്രഹം ഈ നോന്പുകാലത്ത് നമുക്കു സ്വായത്തമാക്കാം.
സിസ്റ്റർ ഡോ. തേജസ് എഫ്സിസി
(ലേഖിക എറണാകുളം എഫ്സിസി പ്രവിശ്യാ കൗൺസിലറും ബെെബിൾ പ്രഫസറുമാണ്)