ഉപരി നീതിയുടെ നോന്പുകാലം
ഒരിക്കൽ ഒരു ബ്രിട്ടീഷുകാരൻ ഇന്ത്യയും ബ്രിട്ടനും തമ്മിലുളള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്നു മഹാത്മാഗാന്ധിയോടു ചോദിച്ചു. അതിന് ഗാന്ധിജി മറുപടി പറഞ്ഞതിങ്ങനെ: “ഈശോ മലയിലെ പ്രഭാഷണത്തിൽ നല്കിയിരിക്കുന്ന പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ രാജ്യവും എന്റെ രാജ്യവും ഒന്നിച്ചുവരുന്നദിനം നമ്മൾ നമ്മുടെ രാജ്യങ്ങളിലെ മാത്രമല്ല, ലോകത്തിലെ മുഴുവൻ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടാകും”.
മത്തായിയുടെ സുവിശേഷത്തിൽ അഞ്ച്, ആറ്, ഏഴ് അധ്യായങ്ങളിൽ കാണുന്ന മലയിലെ പ്രഭാഷണം ക്രിസ്തീയശിഷ്യത്വത്തിന്റെ ഏറ്റവും വലിയ മാർഗരേഖയായിട്ടാണ് അറിയപ്പെടുന്നത്. ഈ പ്രഭാഷണത്തിന്റെ ആരംഭത്തിൽ കാണുന്ന സുവിശേഷഭാഗ്യങ്ങളെ ക്രൈസ്തവന്റെ തിരിച്ചറിയൽരേഖ എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിക്കുന്നത്.
സ്വർഗരാജ്യത്തിന്റെ സദ്വാർത്ത പ്രഘോഷിച്ചുകൊണ്ടാണല്ലോ ഈശോ അവിടുത്തെ പരസ്യജീവിതം ആരംഭിക്കുന്നത് (മത്തായി 4,17). ഈശോയുടെ പ്രബോധനങ്ങളുടെ കേന്ദ്രബിന്ദുവും ദൈവരാജ്യമായിരുന്നു. ഒരു നവലോകത്തെക്കുറിച്ചും ഒരു നവമാനവികതയെക്കുറിച്ചും ഈശോയ്ക്കു വ്യക്തമായ ദർശനം ഉണ്ടായിരുന്നു, ആ ദർശനത്തിന് അവിടന്ന് നൽകിയ പേരാണ് ദൈവരാജ്യം. ദൈവരാജ്യത്തിന്റെ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന ഒരു നവമാനവികതയാണ് അവിടുന്ന് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വിഭാവനം ചെയ്തത്.
ഈശോയുടെ സ്വർഗരാജ്യപ്രഘോഷണത്തിനും മാനസാന്തരത്തിനായുള്ള ആഹ്വാനത്തിനും ശിഷ്യത്വത്തിലേക്കുള്ള വിളിക്കും തുടർച്ചയായാണ് മലയിലെ പ്രഭാഷണത്തിലെ അവിടത്തെ പ്രബോധനം.
ദൈവരാജ്യമെന്നാൽ, ദൈവം രാജാവായി ഭരിക്കുന്ന അവസ്ഥ; അതായത് ദൈവത്തിന്റെ രാജത്വവും പിതൃത്വവും സകലമനുഷ്യരുടെയും ചാർച്ചാബന്ധവും സാഹോദര്യവും എല്ലാവരും അംഗീകരിച്ചുകൊണ്ടു വർത്തിക്കുന്ന നവമായ ജീവിതശൈലിയാണ് ഈ മാനവികതയുടെ കാതൽ. ഇപ്രകാരം സ്വർഗരാജ്യത്തിന്റെ, ഈ നവമാനവികതയുടെ പാത പിന്തുടർന്ന് ജീവിക്കാൻ ഈശോ ശിഷ്യർക്കു നല്കുന്ന പ്രാഥമികപരിശീലന പ്രബോധനമായി മലയിലെ പ്രഭാഷണത്തെ വിശേഷിപ്പിക്കാം.
മലയിലെ പ്രഭാഷണത്തിൽ നിയമത്തെയും പ്രവാചകന്മാരെയും അസാധുവാക്കുകയല്ല, പ്രത്യുത ദൈവഹിതമനുസരിച്ച്, സ്നേഹത്തിന്റെ നിയമം നല്കിക്കൊണ്ടു അതിന്റെ നിബന്ധനകൾ തീഷ്ണമാക്കുകയും മൂർച്ചപ്പെടുത്തുകയുമാണ് ഈശോ ചെയ്യുന്നത്. അങ്ങനെ ഉപരി നീതിയിൽ അടിസ്ഥാനം ഉറപ്പിച്ച ഒരു കർമപദ്ധതിക്ക്, സമൂഹത്തിന്, മാനവികതയ്ക്ക് ഈശോ അടിത്തറ ഇടുകയാണ്.
അത് പിതാവിന്റെ ഹിതമനുസരിച്ചു ജീവിക്കുന്ന പുതിയൊരു സംസ്കാരത്തിലേക്ക്, വിപ്ളവകരമായൊരു ആന്തരിക പരിവർത്തനത്തിലേക്ക് ആഹ്വാനമാണ്. ഗോത്രകാല ജനതയുടെ ദൈവബോധത്തിൽനിന്നു വ്യത്യസ്തമായി സകലജനതകളെയും ഉൾക്കൊള്ളുന്ന ഒരു ദൈവബോധവും അതിൽനിന്ന് ഉരുത്തിരിയുന്ന നവമാനവികതയും ഈശോ വെളിപ്പെടുത്തി.
ആകാശങ്ങളിൽ ഇരിക്കുന്ന ഞങ്ങളുടെ പിതാവേ എന്നാണു നാം അഭിസംബോധന ചെയ്യുന്നത്. ആകാശം മതിലുകളും വേലികളും വേർതിരിവുകളും ചേരിതിരിവുകളും ഇല്ലാത്ത ഒരുമയുടെ ഇടമാണല്ലോ.
ആകാശത്തിലെപോലെ ഭൂമിയിലും ആകണം, ഉന്നതമായ നീതി ബോധത്തിൽ വേരൂന്നിയ അപരോന്മുഖതയായിരിക്കട്ടെ നോന്പുകാലത്തിന്റെ ചൈതന്യങ്ങളിലൊന്ന്; വർദ്ധമാനമായ സ്നേഹത്തിലേക്കും കരുണയിലേക്കും കരുതലിലേക്കും കൂട്ടായ്മയിലേക്കും ക്ഷമയിലേക്കും ശുശ്രൂഷയിലേക്കും സമർപ്പണത്തിലേക്കും നയിക്കുന്നതാവട്ടെ നമ്മുടെ നോന്പുകാല അനുഷ്ഠാനങ്ങൾ.
ഡോ. ജോസഫ് നാൽപതിൽചിറ
(മംഗലപ്പുഴ സെമിനാരിയിൽ ബെെബിൾ പ്രഫസറാണു ലേഖകൻ)