അവൻ വളരുകയും ഞാൻ കുറയുകയും വേണം
ഈ നോന്പുകാലത്ത് നാം നിശ്ചയമായും ധ്യാനവിഷയമാക്കേണ്ട സുവിശേഷ വ്യക്തിത്വങ്ങളിൽ ഒന്ന് സ്നാപകയോഹന്നാൻ ആണ്. പഴയനിയമ പ്രവാചകൻ മാരുടെ ധാർമിക ധീരത സ്വന്തമാ ക്കിയ താപസൻ. അവൻ മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് സ്നാനം നൽകാൻ തുടങ്ങി.
കുറെയധികം ആളുകൾ അവൻ ക്രിസ്തു എന്നു കരുതി. അവനു ധാരാളം അനുയായികൾ ഉണ്ടായി. ഈ കാലയളവിൽ തന്നെ യേശുവും തന്റെ പരസ്യജീവിതം ആരംഭിക്കുകയാണ്. യേശുവിന്റെ പിന്നാലെ ധാരാളമാളുകൾ പോകുന്നതു കണ്ടു സ്നാപകന്റെ ശിഷ്യർ അവനോടു ചോദിക്കുന്നുണ്ട്: എന്തുകൊണ്ടാണ് യേശുവിന്റെ പിന്നാലെ ധാരാളമാളുകൾ പോകുന്നത്?
സ്നാപകന്റെ മറുപടി നമ്മെ അത്ഭുതപ്പെടുത്തും. അത്ഭുതപ്പെടുത്തുന്നതിനേക്കാളുപരി അതു നമുക്കു മുന്പിൽ ഒരു വെല്ലുവിളി ഉയർത്തുന്നതാണ്. സ്നാപകൻ പറഞ്ഞു: അവൻ വളരുകയും ഞാൻ കുറയുകയും ചെയ്യണം.
ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മിൽ ഒക്കെയുള്ള ഒരു മനോഭാവം ‘ഞാൻ വളരുകയും അവൻ കുറയുകയും ചെയ്യണമെന്നതാണ്’. മാനവചരിത്രത്തിന്റെ ആരംഭം മുതലുള്ള ഒരു മനോഭാവം തന്നെയാണിത്. ഉത്പത്തി പുസ്തകത്തിലെ ആബേലിന്റെയും കായേന്റെയും ജീവിതമാണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണം.
ആബേ ലിനോട് അസൂയ തോന്നിയ കായേൻ അവനെ വധിക്കാൻ ഒരുങ്ങുകയാണ്. ഈ ഭൂമിയിലെ ആദ്യത്തെ കൊലപാതകം നടന്നത് ’അവനേക്കാൾ വലിയവനാണ് ഞാൻ, എന്നേക്കാൾ അവൻ വളരേണ്ട’ എന്ന ചിന്തയിൽ നിന്നത്രെ. ഇന്നും ഭൂമിയിൽ നടക്കുന്ന മിക്കവാറും എല്ലാ കൊലപാതകങ്ങൾക്കും വഴക്കുകൾക്കും അടിസ്ഥാനം ‘ഞാൻ വലിയവനും അവൻ ചെറിയവനും ആണ് എന്ന ചിന്ത തന്നെയാണ്’.
ഫിലിപ്പിയർക്കുള്ള ലേഖനം രണ്ടാം അധ്യായം മൂന്നു മുതൽ അഞ്ചു വരെ ഉള്ള തിരുവചനങ്ങളിൽ പൗലോസ് ശ്ലീഹ ഇങ്ങനെ എഴുതുന്നുണ്ട്: ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാൽ പോരാ, മറിച്ച് മറ്റുള്ളവരുടെ താൽപര്യവും പരിഗണിക്കണം. യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലുണ്ടാകട്ടെ.
ഒന്ന് താഴ്ന്നുകൊടുത്താൽ തീരാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ നമ്മുടെ സമൂഹത്തിലോ കുടുംബങ്ങളിലോ വ്യക്തിജീവിതത്തിലോ ഇല്ല. ഈ നോന്പുകാലം നമ്മെ ക്ഷണിക്കുന്നത് സ്നാപകയോഹന്നാന്റെ ഈ മനോഭാവത്തിലേക്കു തന്നെയാണ്: അവൻ വളരുകയും ഞാൻ കുറയുകയും വേണം.
ഡോ. രഞ്ജിത്ത് ചക്കുംമൂട്ടിൽ
(ചേവായൂർ നിത്യസഹായമാതാ പള്ളി വികാരിയും ധർമശാസ്ത്ര അധ്യാപകനുമാണ് ലേഖകൻ)