യോനായെപ്പോലെ ആകരുത്!
യോന എന്ന വ്യക്തിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് പ്രതീകാത്മകശൈലിയിൽ, ആക്ഷേപഹാസ്യത്തിൽ എഴുതപ്പെട്ടതാണ് യോനാപ്രവാചകന്റെ ഗ്രന്ഥം. തികഞ്ഞ ഒരു ദേശീയവാദിയും വിജാതീയർക്ക് രക്ഷകൈവരുന്നതിനെ എതിർക്കുന്ന വ്യക്തിയാണ് യോനാ.
അതുകൊണ്ടാണ് നിനവെ നഗരത്തിലേക്ക് മാനസാന്തരത്തിന്റെ ദൂതുമായി പോകുവാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ അതിൽനിന്നൊഴിഞ്ഞുമാറി താർഷിഷിലേക്ക് കപ്പൽ കയറിയത്. എന്നാൽ ദൈവത്തിന്റെ പ്രത്യേക ഇടപെടലിൽ യോനായ്ക്ക് നിനവെയിലേക്ക് പോകേണ്ടിവന്നു.
സർവശക്തനായ ദൈവത്തിന്റെ കരുണയും കരുതലുമൊക്കെ ഇസ്രയേൽ ജനത്തിന് മാത്രം അവകാശപ്പെട്ടതാണ് എന്ന ചിന്തയിൽ തങ്ങളുടെ ശത്രുരാജ്യത്തിന് ദൈവത്തിന്റെ രക്ഷ നേടിക്കൊടുക്കുന്നതിൽ ഉപകരണമാകുന്നതിൽനിന്ന് ഒളിച്ചോടുന്ന പ്രവാചകന് ദൈവത്തിന്റെ കരുണയുടെയും സ്നേഹത്തിന്റെയും യഥാർഥ അർഥം മനസിലാക്കാൻ കഴിഞ്ഞില്ല.
ദൈവത്തിന്റെ മനോഭാവം ഉൾക്കൊള്ളാതെ തന്റെ മനോഭാവങ്ങളും ചിന്തകളും ദൈവം സ്വീകരിക്കണം എന്നു ശാഠ്യംപിടിക്കുന്ന പ്രവാചകനെയാണ് നാം കാണുന്നത്. യഹൂദർ മാത്രമാണ് ദൈവത്തിന്റെ സ്നേഹ പരിപാലനയ്ക്ക് അർഹർ എന്ന ധാരണ തിരുത്തിക്കൊണ്ട് എല്ലാ ജനതകളും ദൈവത്തിന്റെ കരുണയും സ്നേഹവും അർഹിക്കുന്നവരാണെന്നും ദൈവത്തിന്റെ കരുണയ്ക്ക് ദൈവനീതിയെക്കാൾ മുൻഗണനയുണ്ടെന്നും മറ്റു ജനതകളെ ഒഴിവാക്കുന്ന പ്രവർത്തനവും ശൈലികളും ദൈവസന്നിധിയിൽ സ്വീകാര്യമല്ല എന്നുമുള്ള സന്ദേശമാണ് ഈ ഗ്രന്ഥത്തിലൂടെ നൽകപ്പെടുന്നത്.
ദൈവത്തിന്റെ പദ്ധതികളെ പരാജയപ്പെടുത്താൻ ശ്രമിച്ച യോനായുടെ പദ്ധതികളെ ദൈവം തകിടംമറിച്ചു; അങ്ങനെ താൻ ആഗ്രഹിക്കാത്ത സ്ഥലത്ത് തനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യാൻ യോനാ നിർബന്ധിതനായി. “മാനസാന്തരപ്പെടണ’’മെന്ന ഉദ്ബോധനത്തിലൂടെ ജനം ഒന്നടങ്കം അനുതാപത്തിലേക്കും അതുവഴി ജീവിത നവീകരണത്തിനും തയാറായി.
നിനവെ നിവാസികളുടെ ഏറ്റവും വലിയ സവിശേഷത ദൈവകാരുണ്യത്തിലുള്ള അവരുടെ പ്രത്യാശയാണ്. അവരുടെ ആത്മാർഥമായ അനുതാപവും ദൈവകരുണയിലുള്ള പ്രത്യാശയുമാണ് മുൻകൂട്ടി പ്രഖ്യാപിക്കപ്പെട്ട ശിക്ഷ ഒഴിവാകാൻ ഇടയാക്കിയത്. മനുഷ്യന്റെ നന്മമാത്രം ആഗ്രഹിക്കുന്ന ഒരു ദൈവത്തെയാണ് യോനായുടെ ഗ്രന്ഥത്തിൽ നാം പരിചയപ്പെടുന്നത്.
ഈ നോന്പുകാലത്ത് വളരെ പ്രസക്തമായ ചില കാര്യങ്ങൾ ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവസ്നേഹത്തിനും അവിടുത്തെ കരുണയ്ക്കും പരിധികൾ നിശ്ചയിക്കരുതെന്നും മറ്റുള്ളവരുടെ നന്മയിൽ അസൂയപൂണ്ട് ഇടുങ്ങിയ ചിന്താഗതി പുലർത്തരുതെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവം നന്മവർഷിക്കരുതെന്ന ദുഷ്ടമനസ്ഥിതി മാറ്റിക്കളയണമെന്നുമുള്ള ശക്തമായ താക്കീത് നമുക്കും സ്വീകരിക്കാം. എല്ലാ അനുതാപങ്ങളും യഥാർഥ ജീവിതനവീകരണത്തിലേക്കാണല്ലോ എത്തിനിൽക്കേണ്ടത്!.
ഡോ. മാത്യു ഓലിക്കൽ എംസിബിഎസ്
(താമരശേരി സനാതന മേജർ സെമിനാരിയിൽ ബൈബിൾ പ്രഫസറാണു ലേഖകൻ)