ജറമിയായുടെ ആത്മസംഘർഷങ്ങൾ
ശിക്ഷാവിധിയുടെയും രക്ഷയുടെയും സന്ദേശങ്ങളുമായിട്ടാണു ജറമിയ ബി.സി. ഏഴാം നൂറ്റാണ്ടിൽ പ്രവാചകശുശ്രൂഷ ആരംഭിക്കുന്നത്. ബാബിലോൺ വിപ്രവാസത്തിനുശേഷം ഇസ്രയേൽ ഭവനവുമായി ഒരു പുതിയ ഉടന്പടി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ജറമിയ ‘പുതിയ ഉടന്പടിയുടെ പ്രവാചകൻ’ എന്നാണ് അറിയപ്പെടുക.
ദൈവിക സന്ദേശങ്ങളെ തിരസ്കരിച്ചതിന്റെ ഫലമായി ജറുസലേം നഗരവും ദേവാലയവും നശിപ്പിക്കപ്പെടുന്നതും ജനം ബാബിലോണിലേയ്ക്ക് നാടുകടത്തപ്പെടുന്നതും നേരിട്ടു കാണണ്ടിവന്ന ജറമിയ ‘കണ്ണുനീരിന്റെ പ്രവാചകൻ’എന്ന കൂടി വിളിക്കപ്പെടുന്നു.
തിരസ്കരണത്തിന്റേയും കുറ്റപ്പെടുത്തലിന്റെയും ഏകാന്തതയുടെയും തീച്ചുളയിൽ സ്ഫുടം ചെയ്തടുത്തതാണു പ്രവാചകന്റെ ജീവിതം. ദേശവാസികളുടെ ദുഷ്ടത നിമിത്തം നാടും ദൈവജനവും പരീക്ഷിക്കപ്പെടുമെന്ന പ്രവാചകന്റെ മുന്നറിയിപ്പ് സ്വീകരിക്കാതെ അതിനെ തള്ളിപ്പറയുകയും തന്നെ പീഡിപ്പിക്കുകയും ചെയ്ത നേതാക്കന്മാരുടെ തിരസ്കരണവും ക്രൂരതകളും ആവലാതികളായി ദൈവത്തിന്റെ മുന്പിൽ അവതരിപ്പിക്കുകയാണു ജറമിയ ചെയ്തത്. പ്രവാചകനെ ദൈവം തന്റെ സാന്നിധ്യത്താൽ ശക്തിപ്പെടുത്തുന്നു.
ജറമിയയുടെ ജീവിതം തന്നെയായിരുന്നു ദൈവജനത്തിനു നൽകപ്പെട്ട സന്ദേശം. സ്വകാര്യജീവിതവും പൊതുജീവിതവും നിഷേധിക്കപ്പെട്ട വ്യക്തിയാണു ജറമിയ. ഇതൊക്കെ വരുംനാളുകളിൽ ജനത്തിനു സംഭവിക്കാനിരിക്കുന്നവയുടെ പ്രതീകങ്ങളാണ്.
ആന്തരികതയേക്കാൾ ബാഹ്യാചാരങ്ങളും ആത്മീയതയേക്കാൾ ഭൗതികതയും മതജീവിതത്തെ വരിഞ്ഞുമുറുക്കിയ കാലഘട്ടത്തിൽ യഥാർഥ ഭക്തിയും നീതിയുടെ അഭ്യസനവുമാണു മതജീവിതത്തിന്റെ കാതലെന്നു ജറമിയ വ്യക്തമാക്കി.
വിശ്വസ്തനായ ദൈവത്തെ അടുത്തറിഞ്ഞവനാണു ജറമിയ. അതാണു പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാൻ അദ്ദേഹത്തിനു ശക്തി പകർന്നത്. താൻ അനുഭവിച്ച എതിർപ്പുകളും തിരസ്കരണങ്ങളും ഒറ്റപ്പെടലുകളും ഏകാന്തതയുമൊക്കെ ദൈവവുമായുള്ള നിരന്തര സംഭാഷണത്തിലൂടെ വലിയ ആന്തരിക ശക്തിയാക്കി അദ്ദേഹം രൂപാന്തരപ്പെടുത്തി.
ദൈവത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ, തന്റെ ദൗത്യത്തോടും ഉത്തരവാദിത്വങ്ങളോടും നീതിപുലർത്തിയതിന്റെ പേരിൽ, എല്ലാവരാലും തിരസ്കരിക്കപ്പെട്ട പ്രവാചകന്റെ ജീവിതം ഏതു പ്രതിസന്ധിയിലും തളരാതെ ദൈവത്തോടു നിരന്തര സംഭാഷണത്തിൽ ഏർപ്പെട്ട് നമ്മുടെ ജീവിതയാത്ര മുന്പോട്ടുനയിക്കാൻ നമുക്കും ശക്തി പകരുന്ന ഒന്നാണ്.
ദൈവത്തോടു ചേർന്നുനിൽക്കുന്നവന്റെ ജീവിതം ആരൊക്കെ തിരസ്കരിച്ചാലും ദൈവം ഉയർത്തുമെന്നതു വാസ്തവമാണെന്നു ജറമിയയെ ധ്യാനിച്ചുകൊണ്ടു നമുക്ക് തിരിച്ചറിയാം. ആരൊക്കെ തളർത്തിയാലും ദൈവത്തിന്റെ കൈകളിൽ ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങളെ ആർക്കും തകർക്കാനാവില്ലെന്നത് ഈ നോന്പുകാലത്ത് നമുക്ക് ആശ്വാസം പകരട്ടെ.
ഫാ. മാത്യു ഓലിക്കൽ എംസിബിഎസ്
(താമരശേരി സനാതന മേജർ സെമിനാരിയിൽ ബൈബിൾ പ്രഫസറാണു ലേഖകൻ)