നോന്പും സാമൂഹിക നീതിയും
മതത്തിന്റെ അന്ത:സത്ത ആചാരാനുഷ്ഠാനങ്ങളാണെന്നാണു നമ്മിൽ ഏറെപ്പേരും ചിന്തിക്കുന്നത്. എന്നാൽ, ഈ കാഴ്ചപ്പാട് തകിടം മറിച്ചുകൊണ്ട് നീതിയിലും സത്യത്തിലുമധിഷ്ഠിതമായ ജീവിതശൈലിയാണു മതാന്മക ജീവിതമെന്നു പഠിപ്പിച്ച സാമൂഹിക വിപ്ലവകാരിയാണ് ബിസി എട്ടാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ഇസ്രയേൽ ദേശത്ത് പ്രവാചക ശുശ്രൂഷ നിർവഹിച്ച ആട്ടിടയനായ ആമോസ് പ്രവാചകൻ. അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രവർത്തനങ്ങളും ഈ നോന്പുകാലത്ത് നമ്മുടെ ജീവിതം നവീകരിക്കാൻ ഏറെ സഹായിക്കും.
ആമോസ് എന്ന ഹിബ്രുനാമത്തിന് രണ്ട് അർഥങ്ങളുണ്ട്. ഭാരം വഹിക്കുന്നവൻ, ദൈവത്താൽ സംരക്ഷിക്കപ്പെടുന്നവൻ. ജനത്തെ അത്യധികം സ്നേഹിച്ച ആമോസ് ജനത്തിന്റെ പാപഭാരം സ്വന്തം തോളിൽ പേറുകയും ജനത്തിനുവേണ്ടി ദൈവത്തോട് നിരന്തരം മധ്യസ്ഥത യാചിക്കുകയും ചെയ്തു. ലോകത്തിന്റെ പാപം സ്വന്തം തോളിൽ പേറുകയും പാപപരിഹാരാർഥം ക്രൂശിൽ ബലിയായിത്തീരുകയും ചെയ്ത യേശുക്രിസ്തുവിന്റെ പഴയനിയമ പ്രതിരൂപമാണ് ആമോസ്.
ഇസ്രയേൽ ദേശത്തെങ്ങും അനീതിയും അധർമവും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലാണ് ആമോസ് പ്രവാചക ശുശ്രൂഷയാരംഭിച്ചത്. ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് ഭയാനകമായിരുന്നു. കോടതിയിലും ഭരണസിരാകേന്ദ്രത്തിലും കച്ചവടവാണിജ്യരംഗത്തും സർവത്ര അഴിമതിയാണ് ആമോസ് ദർശിച്ചത്. അദ്ദേഹം സാമൂഹികനീതിയുടെ പടവാളായി.
‘മിഷ്പാത്ത്’(നീതി), ‘സെദാക്കാ’ (ധർമം) എന്നീ രണ്ടു ഹീബ്രു പദങ്ങൾ അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സാരസംഗ്രഹമാണ്. ‘മിഷ്പാത്ത്’ഓരോരുത്തനും അർഹമായതു കൊടുക്കുന്ന വിനിമയ നീതി മാത്രമല്ല; പാവപ്പെട്ടവരേയും പ്രാന്തസ്ഥരേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈകൊടുത്തുയർത്തുന്ന സാമൂഹിക പ്രതിബദ്ധത കൂടിയാണ്.
‘സെദക്കാ’എന്ന ഹീബ്രു പദത്തിന് വിശ്വസ്തത, ഉടന്പടി സ്നേഹം, സത്യസന്ധത, മനുഷ്യമഹാകുടുംബത്തോടുള്ള ഉത്തരവാദിത്വം എന്നെല്ലാം അർഥമുണ്ട്. ഈ രണ്ടു പദങ്ങളും ഒന്നിച്ചുപയോഗിക്കുന്പോൾ സാമൂഹിക നീതിഎന്ന ദർശനം നമുക്കു ലഭിക്കും.
നീതിയും സത്യവും ധർമവും പുലരുന്ന സാമൂഹിക സ്ഥിതി രൂപപ്പെടുത്താൻ പോരാടുന്നതാണ് മതാത്മകത. പാവപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും പക്ഷം ചേർന്നുകൊണ്ട് അവരുടെ മോചനത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്നതാണ് യഥാർഥ നോന്പാചരണം. നീതിക്കും ധർമത്തിനും വേണ്ടി നിലകൊള്ളണമെങ്കിൽ നമ്മുടെ വ്യക്തിഗത ജീവിതം സംശുദ്ധമായിരിക്കണം.
നീതിയിലും ധർമത്തിലും സത്യത്തിനും നമ്മുടെ വ്യക്തിത്വം ഉറപ്പിച്ചുനിർത്തണം. ആമോസ് അതാണു ചെയ്തത്. അദ്ദേഹത്തിന് അധികാരി വർഗത്തിൽ നിന്ന് പീഡനമേല്ക്കേണ്ടിവന്നു. പക്ഷേ, മതചരിത്രത്തിൽ അമരജ്യോതിസായി അദ്ദേഹം ഉയർന്നുനിൽക്കുന്നു.
ഡോ. തോമസ് വള്ളിയാനിപ്പുറം
(കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസറാണ് ലേഖകൻ)