കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ആറാം പ്രമാണം: വ്യഭിചാരം ചെയ്യരുത്
ഈ പ്രമാണവും ഒൻപതാം പ്രമാണവും മനുഷ്യബന്ധങ്ങളെ സാരമായി സ്വാധീനിക്കുന്ന ലൈംഗികബന്ധത്തെ പരാമർശിക്കുന്നവയാണ്. വിവാഹമെന്ന കൂദാശയുടെയും കുടുംബജീവിതത്തിന്റെയും കെട്ടുറപ്പിന് ഏറ്റവും അത്യന്താപേക്ഷിതമായ ദമ്പതികൾക്കിടയിലുണ്ടാകേണ്ട ആത്മാർഥയും വിശ്വസ്തതയുമാണ് ഈ പ്രമാണം ആവശ്യപ്പെടുന്ന മൂല്യങ്ങൾ.
ഈ പ്രമാണത്തിന്റെ വിശുദ്ധ ഗ്രന്ഥഅടിസ്ഥാനം എന്താണെന്നു ഈശോ ഉത്പത്തിപുസ്തകത്തെ ആധാരമാക്കി പഠിപ്പിക്കുന്നുണ്ട്: വിവാഹത്തിലൂടെ “ഞാനും’’ “നീയും’’ ആയിരുന്നവർ, ഒന്നായി “നമ്മളായി’’ തീരുമെന്നും അത് ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കേണ്ട ഒരു ഉടമ്പടിയാണെന്നും അവിടുന്ന് വ്യക്തമാക്കുന്നുണ്ട്: അതിനാൽ ഇനിമേൽ അവർ ഒരു ശരീരമാകുന്നു, രണ്ടല്ല. അതുകൊണ്ടു ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ(മർക്കോസ് 10:9).
അതായത്, വിവാഹജീവിതത്തിന്റെയും കുടുംബത്തിന്റെയും അന്തച്ഛിദ്രത്തിലേക്ക് നയിക്കാവുന്ന എല്ലാ വിവാഹേതര ഇടപാടുകളും മുൻകരുതലോടും പാതിവ്രത മനോഭാവത്തോടും കൂടി വേണം തെരഞ്ഞെടുക്കാൻ എന്നാണ് ഈ പ്രമാണം നിഷ്കർഷിക്കുന്നത്.
ഈ പ്രമാണത്തിന് ഈശോ നൽകുന്ന വിശകലനം അതിന്റെ പാലനത്തിനു നമ്മെ കൂടുതൽ സഹായിക്കും (മത്താ 5:27-30): അതായത്, സ്ത്രീയോടും പുരുഷനോടും ഇടപെടുമ്പോൾ, ഓരോരുത്തരുടെയും ഉള്ളിലെ പദ്ധതി ധാർമികവും, നേരുള്ളതും, അവരുടെ ജീവിതാന്തസിനെ ബഹുമാനിച്ചുള്ളതുമായിരിക്കണം.
ഉൾക്കണ്ണിന്റെ ദർശനമാണല്ലോ എന്റെ മുൻപിൽ നിൽക്കുന്ന മനുഷ്യനെ — കുട്ടിയാകാം, യുവതിയോ യുവാവോ ആകാം, സ്ത്രീയോ പുരുഷനോ ആകാം — വ്യക്തിയോ സാധനമോ ആക്കുക!!
ആധുനികതയുടെയും പുരോഗമനചിന്താഗതിയുടെയും മറവിൽ, വളരെയധികം തമസ്കരിക്കപ്പെടുകയും ലഘൂകരിച്ച് ക്ഷയോന്മുഖമാക്കപ്പെടുകയും ചെയ്യപ്പെടുന്ന ഒരു പ്രമാണമാണിത്. വിവാഹത്തോടും, ലൈംഗികതയോടുമുള്ള മാറുന്ന കാഴ്ചപ്പാടുകൾ, നമ്മുടെ ഇടയിൽപോലും ഈ പ്രമാണത്തെ നിസാരവത്കരിക്കുകയും വിവാഹമോചനത്തെയും വിവാഹേതരബന്ധങ്ങളെയും സാധൂകരിക്കുകയും ചെയ്യുവാൻ തുടങ്ങിയിരിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. ഈ പുതിയ പ്രവണത വളർത്തുന്നതിൽ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് കണ്ടില്ലെന്നു നടിക്കാനും പ്രയാസം.
ഈ പ്രമാണത്തിന്റെ കൃത്യമായ പാലനം “നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക” എന്ന പ്രമാണത്തിന്റെ പൂർത്തീകരണവും കൂടിയാണെന്നത് ഈ പ്രമാണം പാലിക്കുന്നതിന്റെ മറ്റൊരു ക്രിയാത്മക വശമാണ്. കാരണം സ്വന്തജീവിതപങ്കാളിയോടും ജീവിതസമർപ്പണത്തോടുമുള്ള വിശ്വതത മറ്റു കുടുംബബന്ധങ്ങളുടെ ശിഥിലീകരണ സാധ്യതകളെക്കൂടി ഒഴിവാക്കുമല്ലോ.
ഒരു കാലത്തു ലക്ഷ്മണരേഖ വരച്ച് ദാമ്പത്യത്തിന്റെയും സമർപ്പണത്തിന്റെയും അതിർവരമ്പുകൾ നിഷ്കർഷിക്കാനും പാതിവ്രത്യവും ചാരിത്ര്യവും തകരാതെ ശ്രദ്ധിക്കുവാനും എളുപ്പമായിരുന്നു. ഇന്നിപ്പോൾ, കാലം മാറി, ലക്ഷ്മണരേഖ പരസ്പര വിശ്വാസവും പങ്കാളിയോടുള്ള തുറവിയും സത്യസന്ധതയുമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വ്യക്തിബന്ധങ്ങളിലെ നേരും നെറിവും വിലയിരുത്തി തിരുത്തലിനുള്ള കാലമാകട്ടെ നോമ്പുകാലം.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട്, സിഎംഐ