നാലാം പ്രമാണം: മാതാപിതാക്കന്മാരെ ബഹുമാനിക്കണം
ആദ്യത്തെ മൂന്നു പ്രമാണങ്ങൾ മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപെടലിനെ സംബന്ധിക്കുന്നതായിരുന്നെങ്കിൽ, നാലാം പ്രമാണം മുതലുള്ളവ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെയും ഇടപെടലുകളെയും നിജപ്പെടുത്തുന്നവയാണ്.
നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് ഈശോ പഠിപ്പിച്ച പത്തു പ്രമാണങ്ങളുടെ സംഗ്രഹങ്ങളിൽ രണ്ടാമത്തേത് തുടങ്ങുന്നത് ഈ പ്രമാണത്തോടെയാണ്. സഹജരോടുള്ള സ്നേഹത്തിന്റെ ശ്രേണിയിൽ, ഒന്നാംസ്ഥാനം നൽകേണ്ടത് എല്ലാ മനുഷ്യബന്ധങ്ങളുടെയും മാനവീയ അടിസ്ഥാനമായ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിനായിരിക്കണം എന്നാണ് ഈ പ്രമാണം നിഷ്കർഷിക്കുന്നത്. ദാമ്പത്യസ്നേഹവും അതിലൂടെ ജനിക്കുന്ന മക്കളും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ മാനങ്ങളും ഇതിൽ ഉൾച്ചേർന്നിരിക്കുന്നു.
മക്കളെ പോറ്റിവളർത്തി അവരെ സ്വന്തം കാലിൽ നിൽക്കാനും സമൂഹത്തിൽ മാന്യമായി ജീവിക്കാനും അവരെ പ്രാപ്തരാക്കുക എന്ന മാതാപിതാക്കളുടെ ദൗത്യം കുടുംബമാകുന്ന നാണയത്തിന്റെ ഒരു വശം; നല്ല ശ്രദ്ധയും പഠനവും കരുതലും നൽകി തങ്ങളെ വലുതാക്കിയ മാതാപിതാക്കളെ, കാര്യം കഴിയുമ്പോൾ എറിഞ്ഞുകളയുന്ന കറിവേപ്പിലപോലെ കരുതാതെ, ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അവരുടെ അഭിപ്രായത്തെ മാനിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾക്കു വേണ്ട പരിഗണന നൽകുകയും ചെയ്യുക എന്ന മക്കൾക്കടുത്ത ഉത്തവാദിത്വം മറുവശം.
വില്യം ബാർക്ലെ എന്ന വിശുദ്ധഗ്രന്ഥ പണ്ഡിതൻ പ്രസ്താവിക്കുന്നതുപോലെ, മാതാപിതാക്കളോടുള്ള ബഹുമാനത്തിനു മൂന്നു മാനങ്ങളാണുള്ളത് : 1. നന്ദിയുടെ അവബോധം; ജന്മം നൽകിയതിലൂടെ നമ്മുടെ ജീവനും പരിപോഷണത്തിനും നാം മാതാപിതാക്കളോടു കടപ്പെട്ടിരിക്കുന്നു. 2. നിയന്ത്രണവും സ്വാതന്ത്ര്യവും തമ്മിലുള്ള സമതുലനാവസ്ഥ നിലനിർത്തുന്ന ആരോഗ്യകരമായ അനുസരണത്തിന്റെ അവബോധം. 3. അനാരോഗ്യത്തിന്റെയും വാർധക്യത്തിന്റെയും പ്രയാസനാളുകളിൽ മാതാപിതാക്കളെ സംരക്ഷിക്കുന്ന അവബോധം.
മക്കൾക്കു മാതാപിതാക്കൾ അഭയകേന്ദ്രമായിരിക്കണം. പ്രത്യേകിച്ച്, അവർ ജീവിതത്തിലെ മുന്നേറ്റങ്ങളിൽ പതറുകയും കാലിടറുകയും ചെയ്യുമ്പോൾ. മക്കളാക്കട്ടെ മാതാപിതാക്കൾക്ക് ആശ്രയകേന്ദ്രമായിരിക്കണം, പ്രത്യേകിച്ച് അവരുടെ വാർധക്യത്തിലും രോഗാവസ്ഥയിലും, പങ്കാളിയുടെ മരണം പോലുള്ള തീവ്രമായ ഒറ്റപ്പെടലിന്റെ അനുഭവങ്ങളിലും.
മാതാപിതാക്കളോടുള്ള ബഹുമാനത്തിന്റെ നിലവാരത്തിൽ അപചയങ്ങൾ കൂടിക്കൂടി വരുന്നതായിട്ടാണു കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വന്തം കാര്യം സിന്ദാബാദ് മനോഭാവവും ലാഭനഷ്ട കണക്കുകളും അവരെ കരുതലോടെ പരിപാലിക്കുന്നതിൽനിന്നു മക്കളെ അകറ്റുന്നു. ഈ നോമ്പുകാലത്തു മാതാപിതാക്കളോടുള്ള ബഹുമാനത്തിന്റെ തോതു വിലയിരുത്താനും അർഹിക്കുന്ന ബഹുമാനം അവർക്ക് ഉറപ്പുവരുത്താനും ഈ പ്രമാണം നമ്മെ ക്ഷണിക്കുന്നു.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് സിഎംഐ