ദൈവത്തിന്റെ നാമം
രണ്ടാം പ്രമാണം: ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
പുരാതന സെമിറ്റിക് സംസ്കാരത്തിൽ, നാമം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും സവിശേഷതകളെയും ഉൾക്കൊള്ളുകയും ദ്യോതിപ്പിക്കുകയും ചെയ്യുന്നതായിട്ടാണു മനസിലാക്കിയിരുന്നത്. അതുകൊണ്ട്, പേരറിയുകയെന്നാൽ ആ വ്യക്തിയുടെമേൽ ആധിപത്യമുണ്ടാകുകയെന്നു വിവക്ഷ.
അതുകൊണ്ടാവണം, പേര് ചോദിച്ചപ്പോൾ, ദൈവം മോശയോട് എന്റെ പേര് “ഞാൻ ആയിരിക്കുന്നവൻ” എന്നാണെന്നു മറുപടി കൊടുത്തത്. അതായത്, ദൈവത്തിന്റെ പേരറിയുക എന്നാൽ അവിടുത്തെ പ്രവൃത്തികളിൽ അറിവുണ്ടാകുക എന്നാണെന്നു പറയാം.
ഒരുവൻ സത്യദൈവമായി വിശ്വസിക്കുന്ന ദൈവത്തിന്റെ നാമം സാധാരണയായി ഉച്ചരിക്കുന്നതും പ്രഘോഷിക്കുന്നതും ദേവാലയത്തിലും ആരാധനയിലുമാണല്ലോ. ദൈവത്തിന്റെ ഏറ്റവും സത്തായ സ്വത്വം വിശുദ്ധിയാണ്. ദൈവത്തിന്റെ വിശുദ്ധിയെ തൃണവൽഗണിക്കുന്നതും തമസ്കരിക്കുന്നതുമായ ഒരു വാക്കും ഉരിയാടരുതെന്നാണ് ഈ പ്രമാണം നിഷ്കർഷിക്കുന്നത്.
അതുപോലെ ആവശ്യമില്ലാതെ ദൈവനാമം സംഭാഷണങ്ങളിൽ വലിച്ചിഴക്കുന്നത് ഈ പ്രമാണം വിലക്കുന്നു. നമ്മുടെ സ്വാർഥപരമായ കാര്യങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയും മറ്റുള്ളവരെ വിധിക്കാൻവേണ്ടിയും സ്വയം നീതികരിക്കാൻവേണ്ടിയുമൊക്കെ ഈശ്വരനാമത്തെയും ദൈവവചനങ്ങളെയും ഉപയോഗിക്കുന്നത് ദൈവനാമത്തിന്റെ ദുരുപയോഗമാണ്.
അതുപോലെ, പവിത്രമായി പ്രഘോഷിക്കപ്പെടേണ്ട ദൈവനാമവും സ്തുതിയും രാഷ്ട്രീയമായും മറ്റു മുതലെടുപ്പുകൾക്കായും ഉപയോഗിക്കുന്നതും ഈ പ്രമാണം വിലക്കുന്നു.
ദൈവനാമത്തിന്റെ ശരിയായ ഏറ്റുപറച്ചിൽ എന്നാൽ ദൈവത്തിന്റെ മഹത്വത്തെയും വിശുദ്ധിയെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും അംഗീകരിച്ച് ഏറ്റുപറയുകയെന്നാണ്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആകാശത്തിൻകീഴിൽ ഈശോയെന്ന നാമമമല്ലാതെ ആശ്രയിക്കാൻ മറ്റൊരു നാമമില്ലെന്ന് ഏറ്റുപറയുന്നതാണത്.
പ്രകൃതി മുഴുവൻ നിറഞ്ഞിരിക്കുന്നതും വാഴ്ത്തിപ്പാടുന്നതുമായ ദൈവനാമത്തെ സങ്കീർത്തകൻ പ്രകീർത്തിക്കുന്നുണ്ട്. അതായത്, പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള സ്നേഹപൂർവമായ ഇടപെടൽ, ഒരർഥത്തിൽ, ദൈവനാമത്തോടുള്ള ബഹുമാനമാണ്.
ഒരു മതത്തിൽ പെട്ടവർ അവർ പൂജ്യമായി കരുതുന്ന ദൈവനാമത്തെ, അവർ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ, ഒരിക്കലും അവഹേളിക്കുകയോ അവമതിക്കുകയോ ചെയ്യരുതെന്നും ഈ പ്രമാണം നിഷ്കർഷിക്കുന്നു.
നാനാമതസ്ഥർ ഇടപഴകി ജീവിക്കുന്ന ഭാരതം പോലുള്ള നാട്ടിൽ, പ്രത്യേകിച്ച്, മതമൈത്രിക്ക് ഇത് അനിവാര്യമാണ്. കാരണം, എനിക്കു ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമം പൂജ്യവും സ്തുതിക്കു യോഗ്യവുമായിരിക്കുന്നതുപോലെ, എല്ലാ മതസ്ഥർക്കും അവർ ഏറ്റുപറയുന്ന ഈശ്വരനാമം ബഹുമാനയോഗ്യം തന്നെ.
ഈ നോമ്പു കാലത്തു നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യം, ബൈബിൾ വ്യാഖ്യാതാവായ വില്യം ബാർക്ലെയുടെ ചിന്തയിൽ, ഇതാണ്: നാം ദൈവത്തിന്റെ നാമം ശ്രദ്ധയോടും സത്യസന്ധതയോടും ആവശ്യത്തിനുമാണോ ഉപയോഗിക്കുന്നത്?
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് സിഎംഐ