സീനായ് ഉടന്പടിയുടെ മഹനീയത
വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും നടത്തുന്ന ഉടന്പടികൾ ആധുനികലോകത്ത് സർവസാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇപ്രകാരമുള്ള ഉടന്പടികൾ പുരാതനകാലത്തും പതിവായിരുന്നു.
പഴയ നിയമത്തിൽ ഇസ്രയേൽ ജനവുമായി ദൈവം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന പ്രത്യേക ബന്ധത്തെയാണ് ‘ഉടന്പടി’ എന്നു വിശേഷിപ്പിക്കുന്നത്. ദൈവത്തിന്റെ സൗജന്യമായ ദാനമാണ് ഉടന്പടി. സീനായ് മലയിൽവച്ച് ദൈവം മുന്നോട്ടുവയ്ക്കുന്ന ഉടന്പടി ഇസ്രയേൽ ജനതയുടെ യോഗ്യത പരിഗണിച്ചല്ല എന്നു സ്പഷ്ടമാണ്. ദൈവപ്രമാണങ്ങൾ പാലിക്കാനുള്ള സന്നദ്ധത ഉടന്പടി ഉറപ്പിക്കൽ ചടങ്ങിലേക്കു നയിക്കുന്നു.
സീനായ് ഉടന്പടിയുടെ ഉറപ്പിക്കലിലൂടെ (പുറ 24:1-11) ഇസ്രയേൽക്കാരെ ദൈവം ഫറവോയുടെ ദാസ്യത്തിൽനിന്നു മോചിപ്പിച്ച് തന്റെ സ്വന്തം ജനവും പുരോഹിതരാജ്യവുമായി ഉയർത്തി (പുറ 19:6). ഉൽപത്തി ഗ്രന്ഥത്തിൽ പൂർവപിതാക്കന്മാർക്കു ദൈവം നൽകിയ വാഗ്ദാനങ്ങളും അവരുമായി ചെയ്ത ഉടന്പടികളും സീനായ് ഉടന്പടിയിലേക്കുള്ള കാൽവയ്പായിരുന്നു.
നോഹയുമായി ചെയ്ത ഉടന്പടിയിൽ (ഉൽപ 9:8-10), അബ്രാഹവുമായി ചെയ്ത ഉടന്പടിയിൽ (ഉൽപ 15:1-21; 17:1-14), ഇസഹാക്കും (ഉൽപ 26:23-25) യാക്കോബുമായി ചെയ്ത ഉടന്പടിയിൽ (ഉൽപ 35:9-15) ഓരോ വ്യക്തി മാത്രമാണു പങ്കാളിയായി നിൽക്കുന്നതെങ്കിൽ സീനായ് ഉടന്പടിയിൽ ഒരു ജനം മുഴുവൻ പങ്കുചേരുന്നു. ഈ ഉടന്പടികൾ എല്ലാം യേശുവിൽ പൂർത്തിയാകാനിരുന്ന പുതിയ ഉടന്പടിക്കുള്ള ഒരുക്കങ്ങളായിരുന്നു.
സീനായ് ഉടന്പടി ഉറപ്പിക്കലിൽ രണ്ടു പാരന്പര്യങ്ങളുടെ സ്വാധീനം കാണപ്പെടുന്നു(പുറ 24:1-2; 3-8; 9-11). ഈ രണ്ടു വിവരണങ്ങളും അതിശക്തമായ ദൈവാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഉടന്പടി ഉറപ്പിക്കപ്പെട്ടുവെന്നും ഇതിൽ പങ്കുചേരാൻ ദൈവം ഇസ്രയേൽക്കാരെ ക്ഷണിക്കുകയും ജനം ക്ഷണം സ്വീകരിക്കുകയും ചെയ്തു എന്നും സ്പഷ്ടമാക്കുന്നു.
ബലിമൃഗത്തിന്റെ രക്തം കർത്താവിന്റെ പ്രതീകമായ ബലിപീഠത്തിന്മേലും ജനത്തിന്മേലും തളിക്കുന്നതുവഴി ദൈവവും ഇസ്രായേൽ ജനവും തമ്മിൽ വലിയൊരു ബന്ധം സംജാതമാകുന്നു. ‘അപ്പോൾ മോശ രക്തമെടുത്ത് ജനങ്ങളുടമേൽ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി കർത്താവു നിങ്ങളോടു ചെയ്ത ഉടന്പടിയുടെ രക്തമാകുന്നു ഇത്’ (പുറ 24:8).
ഇസ്രയേൽക്കാർ ഉടന്പടി വ്യവസ്ഥകൾ പാലിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട ചരിത്രമാണുള്ളത്. എന്നാൽ, വീണ്ടും വീണ്ടും ക്ഷമിച്ചുകൊണ്ട് ദൈവം തന്റെ കരുണയിൽ ഉടന്പടി നിലനിർത്തുന്നു. അവിശ്വസ്തത കാണിക്കുന്പോഴും ദൈവം അവർക്ക് സമീപസ്ഥനായിരുന്നു (ഹോസിയ 11:1-3; എസെ 16: 3-14).
ഭയാനകമായ പ്രതിഭാസങ്ങളുടെ മധ്യേയാണ്, ദൈവദർശനത്തിന്റെ പശ്ചാത്തലത്തിലാണ്, സീനായ് ഉടന്പടി ഉറപ്പിക്കപ്പെട്ടത്. സീനായ് ഉടന്പടിയിലെ രക്തവും വിരുന്നും ബലിയർപ്പണവും യേശുവിൽ പൂർത്തിയാക്കപ്പെടുന്ന രക്ഷാകരചരിത്രത്തിന്റെ മുന്നോടിയും പ്രതീകവുമായിരുന്നു. തന്റെ സ്വന്തം രക്തത്താലാണ് യേശു പുതിയ ഉടന്പടി ഉറപ്പിച്ചത് (ലൂക്ക 22:20; 1 കൊറി 11:24-25).
സീനായ് ഉടന്പടി ഇസ്രയേൽ ജനതയെ ദൈവജനവും പുരോഹിത രാജ്യവുമാക്കിയപ്പോൾ പുതിയ ഉടന്പടി ലോകജനതയ്ക്കു മുഴുവൻ ദൈവമക്കളാകാനുള്ള അവകാശവും തുറവിയും നേടിത്തന്നു. നോന്പുകാലത്തിലൂടെ നാം കടന്നുപോകുന്പോൾ ഈശോ സ്ഥാപിച്ച പുതിയ സ്നേഹത്തിന്റെ ഉടന്പടിക്ക് നമുക്ക് ഊന്നൽ നൽകാം.
സീനായ് ഉടന്പടി വഴി നൽകപ്പെട്ട അനേകം പ്രമാണങ്ങളുടെ സ്ഥാനത്ത് യേശു ഒരു പുതിയ പ്രമാണം നൽകി: ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ’ (യോഹ 13:34-35).
ഡോ. മനോജ് പാറയ്ക്കൽ എംഎസ്ടി
(ഉജ്ജൈൻ റൂഹാലയാ മേജർ സെമിനാരിയിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)