വിശ്വാസം- ശക്തിസ്രോതസ്
‘നീ എന്റെ വാക്കനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും’ (ഉത്പ. 22: 18)
രക്ഷാചരിത്രത്തിന്റെ തുടക്കത്തിലാണയാൾ നിൽക്കുന്നത്- വിശ്വാസികളുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രാഹം. പേരുചൊല്ലി വിളിച്ചുകൊണ്ട് ദൈവം അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്: ഇതുവരെ ആർജിച്ച സകല സന്പത്തും സുരക്ഷിതത്വവും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുക; കർത്താവ് കാണിച്ചുകൊടുക്കുന്ന ദേശത്തേക്കു പോവുക. വഴി ഏതെന്ന് അയാൾക്കറിയില്ല, ലക്ഷ്യം ഏതെന്നും വ്യക്തമല്ല. ‘ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക്’ എന്നു മാത്രമേ കർത്താവ് പറയുന്നുള്ളൂ. വാഗ്ദാനങ്ങൾ ധാരാളമുണ്ട്: വലിയ ഒരു ജനതയുടെ പിതാവാകുക; സ്വന്തമായൊരു ദേശത്തു വസിക്കുക, സർവോപരി ലോകജനതകൾക്കു മുഴുവൻ അനുഗ്രഹമാവുക (ഉത്പ 12:1-3).
അബ്രാഹം വിശ്വസിച്ചു. അനുസരിച്ചു, പുറപ്പെട്ടു. ചോദ്യങ്ങളില്ല, വിശദീകരണം തേടുന്നില്ല, അടയാളങ്ങൾ ആവശ്യപ്പെടുന്നില്ല. വിളിച്ചവൻ വിശ്വസ്തനാണെന്നു വിശ്വസിച്ചു. അവന്റെ കൈകളിൽ സ്വന്തം ജീവൻ സസന്തോഷം സമർപ്പിച്ചു. അനുസരണത്തിലൂടെ പ്രകടമായ വിശ്വാസം അയാൾക്ക് ശക്തിയുടെ ഉറവിടമായി.
കേട്ടുകേൾവിയിൽ ആശ്രയിച്ച് ചില തത്വസംഹിതകൾ സത്യമെന്നു ബുദ്ധികൊണ്ട് അംഗീകരിക്കുന്നതു മാത്രമല്ല വിശ്വാസം. അതൊരു ആത്മസമർപ്പണമാണ്, പൂർണമായി സ്വയം വിട്ടുകൊടുക്കലാണ്. ഇവിടെ വ്യക്തിബന്ധമാണ് കേന്ദ്രസ്ഥാനത്തു നിൽക്കുന്നത്.
എളുപ്പമായിരുന്നില്ല ആ ജീവിതം. വാഗ്ദാനങ്ങളൊന്നും ഉടനെ പൂർത്തിയായില്ല. ദീർഘമായ അലച്ചിൽ. അപകടങ്ങളുടെ നടുവിലൂടെ, അജ്ഞാതമായ വഴികളിലൂടെ, നിരവധിയായ പ്രലോഭനങ്ങളും പരീക്ഷണങ്ങളും അയാൾ നേരിട്ടു. എന്നാൽ പതറാതെ ഉറച്ചുനിന്നു.
അവസാനം വാഗ്ദാനങ്ങളുടെ അവകാശിയായ ഏകമകനെ തനിക്കു ബലിയർപ്പിക്കണം എന്നു ദൈവം ആവശ്യപ്പെട്ടപ്പോഴും അബ്രാഹം പതറിയില്ല. അപ്പോഴാണ് ദൈവശബ്ദം മുഴങ്ങിയത്. അരുത്! ദൈവം ആഗ്രഹിക്കുന്നതു ബലിയല്ല, അനുസരണമാണ് എന്നു സാമുവൽ പറയുന്നതിനു (1 സാമു 15: 22) മുന്പേ അബ്രാഹം സ്വന്തം ജീവിതത്തിലൂടെ അറിഞ്ഞു, പഠിപ്പിച്ചു. അതാണ് അബ്രാഹത്തെ വിശ്വാസികളുടെ പിതാവാക്കിയത്.
പ്രതീക്ഷിക്കുന്ന വിധത്തിൽ ജീവിതം മുന്നേറുന്പോൾ വിശ്വസിക്കുക എളുപ്പമാണ്. ആരോഗ്യവും സന്പത്തും സത്കീർത്തിയും നല്ല കുടുംബബന്ധങ്ങളും എല്ലാം ഉള്ളപ്പോൾ വിശ്വാസം ഏറ്റുപറഞ്ഞു ദൈവത്തെ സ്തുതിക്കുക സ്വാഭാവികമായി തോന്നാം.
എന്നാൽ പ്രതീക്ഷകൾ തകർന്നടിയുന്പോൾ, രോഗവും ദാരിദ്ര്യവും അവഹേളനവും പീഡനവും നേരിടുന്പോൾ, വിശ്വാസത്തിന്റെ പേരിൽ ജീവൻതന്നെ അപകടത്തിലാകുന്പോൾ, വിശ്വസിക്കുക എളുപ്പമല്ല. അവിടെ വിശ്വാസം ബൗദ്ധികതലത്തിൽനിന്ന് അനുഭവതലത്തിലേക്ക്, പ്രായോഗിക ജീവിതത്തിലേക്ക് മാറുന്നു. അപ്പോഴാണ് വിശ്വാസത്തിന്റെ മാറ്ററിയുന്നത്.
‘ആരിലാണ് ഞാൻ വിശ്വാസം അർപ്പിച്ചിരിക്കുന്നത് എന്ന് എനിക്കറിയാം’ (1 തിമോ 1: 12) എന്ന് ഉദ്ഘോഷിച്ച പൗലോസ് ശ്ലീഹാ അബ്രാഹത്തിന്റെ വിശ്വാസത്തിൽ പങ്കുചേർന്നവനാണ്. റോമാ നഗരത്തിന്റെ മതിൽക്കെട്ടുകൾക്കു പുറത്ത്, വിയാ ആപ്പിയാ എന്ന രാജപാതയുടെ ഓരത്തുവച്ച് ഗളഛേദം ചെയ്യപ്പെട്ടപ്പോഴും പതറാത്ത വിശ്വാസം. എന്നും, ഇന്നും ഈ വിശ്വാസമാണ് ജീവിതവും ജീവനും പൂർണമായി സമർപ്പിക്കാനും അതിൽ സന്തോഷം കണ്ടെത്താനും അബ്രാഹത്തിന്റെ മക്കൾക്കു പ്രേരകശക്തി.
ഈ നോന്പുകാലം വിശ്വാസത്തിൽ ആഴപ്പെടാനുള്ള അവസരമാകട്ടെ. ദൈവഹിതത്തിന് സന്പൂർണ സമർപ്പണത്തിലൂടെ സന്തോഷം കണ്ടെത്തിയ അബ്രാഹത്തിന്റെ വിശ്വാസം പ്രചോദനമാകട്ടെ.
ഡോ. മൈക്കിൾ കാരിമറ്റം
(തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ ബൈബിൾ പ്രഫസറാണു ലേഖകൻ)