നഷ്ടമായ ബന്ധങ്ങൾ
പഴയ ഒരു പ്രബോധന കഥ പറയാം: ശ്വാസംപിടിച്ചു ശരീരം വലുതാക്കാനുള്ള കഴിവു തനിക്കുണ്ടെന്നു വളർന്നുകഴിഞ്ഞപ്പോൾ ഒരു തവളക്കു മനസിലായി. ഇതേക്കുറിച്ചു തവള പലരോടും വീമ്പിളക്കി. ഒരു പോത്തിന്റെ മുമ്പിലും തവള ഇതുതന്നെ ചെയ്തു. അപ്പോൾ തന്റെ അത്രയും വലുപ്പത്തിൽ വളർന്നു കാണിക്കാൻ പോത്ത് തവളയെ വെല്ലുവിളിച്ചു.
തവള പലവുരു ശ്വാസം പിടിച്ചെങ്കിലും അതിനു പരിധികളുണ്ടായിരുന്നു. തന്റെ അഹങ്കാരത്തിൽ തവള ശ്വാസം ആഞ്ഞുവലിക്കുകയും അത് സ്വയം പൊട്ടിച്ചിതറുകയും ചെയ്തു. തവളയ്ക്കു സ്രഷ്ടാവു സ്ഥാപിച്ച പരിധികളുണ്ട്.
തവളയ്ക്കു മാത്രമല്ല പരിമിതമായ ജീവിതദൈർഘ്യം മാത്രമുള്ള മനുഷ്യനും പരിധികളുണ്ട്. അത്യുന്നത ദൈവം ത്രിത്വമാണ്, സ്നേഹമാണ്. പരസ്പര ബന്ധമുള്ള മൂന്നു വ്യക്തികളുടെ ഐക്യമാണത്. ദൃഢമായ ഐക്യത്തിലൂടെയാണ് അവിടുന്ന് ഏകനായിരിക്കുന്നത്.
തന്നോടു സ്നേഹബന്ധത്തിലായിരിക്കാനായി തന്റെതന്നെ ഛായയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. കൂടാതെ തന്റെ ശ്വസം അവനിലേക്കു നിശ്വസിച്ചുകൊണ്ട് അവനോടുള്ള തന്റെ അടുപ്പം അവിടുന്ന് വ്യക്തമാക്കി. ഈ ബന്ധം കാത്തുകൊണ്ടുപോകാനാണ് ദൈവം എല്ലാ ദിവസവും അവരെ സന്ദർശിക്കുകയും അവരോടൊത്തു നടക്കുകയും ചെയ്തത് (ഉല്പ 3).
എന്നാൽ, ദൈവത്തെപ്പോലെ ആകാനുള്ള മനുഷ്യന്റെ ആഗ്രഹം ദൈവവുമായുള്ള ബന്ധം തകർത്തു; ദൈവ- മനുഷ്യ ബന്ധം മാത്രമല്ല മനുഷ്യന്റെ പരസ്പര ബന്ധവും മനുഷ്യനെത്തന്നെയും അതു നശിപ്പിച്ചു. അത്യാഗ്രഹവും അഹങ്കാരവും ദൈവികപരിധികൾ ലംഘിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു.
സ്രഷ്ടാവുമായി താരതമ്യപ്പെടുത്തിയാൽ സൃഷ്ടി എപ്പോഴും പരിമിതനാണ്. അതു ഗ്രഹിക്കുന്നവനു മാത്രമേ ദൈവവുമായി ബന്ധത്തിലായിരിക്കാനാകൂ. ദൈവം സ്ഥാപിച്ച പരിധികൾ ലംഘിക്കുകയും ദൈവത്തെ അവഗണിച്ചു മറ്റ് ഐക്യങ്ങൾ ഉണ്ടാക്കുകയും ചെയ്തതിനാലാണ് പ്രപഞ്ചത്തിലെ ദൈവസ്ഥാപിത ബന്ധങ്ങൾ തകർന്നുപോയത്.
ദൈവികാധികാരത്തെ സൃഷ്ടി ഒരിക്കലും അവഗണിച്ചുകൂടാ. ആ അധികാരത്തെക്കുറിച്ചു ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയായ സർപ്പവുമായി നടത്തിയ ഒരു ചർച്ചയിലൂടെയാണ് അവർ നാശത്തിലേക്കെത്തിയത്. ദൈവകല്പനയെ വെറുമൊരഭിപ്രായമായും ചർച്ചചെയ്യേണ്ട വിഷയമായും അവർ കണ്ടു.
നഷ്ടപ്പെട്ടുപോയ (ദൈവ-മനുഷ്യ, മനുഷ്യ-മനുഷ്യ) ബന്ധം വീണ്ടും സ്ഥാപിക്കാനാണു രക്ഷാകരചരിത്രം ആവിഷ്കൃതമായത്. പടിപടിയായി പല ഉടമ്പടികളിലൂടെ ദൈവം ബന്ധം സ്ഥാപിച്ചെടുക്കുകയും അവസാനം പുതിയ ഉടമ്പടിയിലൂടെ, തകർന്ന ദൈവ-മനുഷ്യ ബന്ധം വീണ്ടെടുക്കുകയും അതിന്റെ അടയാളമായി ആദിയിലെന്നപോലെ വീണ്ടും മനുഷ്യനിലേക്കു തന്റെ ശ്വാസം ഊതുകയും ചെയ്തു (യോഹ 20:22 ).
തന്റെ ആത്മാവിനെ നൽകിക്കൊണ്ട് പരസ്പര ബന്ധിതമായ പുതിയ സമൂഹത്തിന് അവിടുന്നു രൂപം നൽകി (അപ്പ 2). രക്ഷാകരപദ്ധതിയുടെ മുഴുവൻ ലക്ഷ്യവും നഷ്ടമായ ബന്ധങ്ങളുടെ പുനഃസ്ഥാപനമാണ്.
ദൈവവുമായും മനുഷ്യനുമായുമുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക എന്നതു ദൈവഹിതവും മാനവദൗത്യവുമാണ്. തകർന്ന ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള സുവർണാവസരമാണ് നോന്പുകാലം.
ഡോ. ആന്റണി തറേക്കടവിൽ
(കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)