നോന്പുകാലം: പറുദീസാനുഭവത്തിലേക്ക് തിരികെയെത്തുന്ന കാലം
വിശുദ്ധ ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദനിൽ ഒരു തോട്ടമുണ്ടാക്കി അവിടെ പാർപ്പിച്ചു എന്നാണ് എഴുതിയിരിക്കുന്നത് (ഉത്പ 2,8). ഹീബ്രൂ ഭാഷ യിലെ “ഏദനിലെ തോട്ടം’’ എന്നത് ഗ്രീക്ക് ഭാഷയിലേക്ക് “ഏദനിലെ പറുദീസ’’ (പരദെയ്സോസ്) എന്നാണ് തർജമ ചെയ്തിരിക്കുന്നത്.
ഏദൻ തോട്ടത്തിലെ അവസ്ഥ പ്രതിധ്വനിക്കുന്ന പദമായിട്ടാണ് പറുദീസാ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തോടുള്ള കൂട്ടായ്മ, കളങ്കരഹിതമായ മനുഷ്യവാസം, സഹജീവികളുമായി സന്തോഷത്തോടെയുള്ള സഹവർത്തിത്വം, പ്രകൃതിയോടുള്ള കരുതൽ എന്നിവയെല്ലാമായിരുന്നു പറുദീസായനുഭവം.
പാപം ചെയ്ത മനുഷ്യന് പറുദീസ നഷ്ടപ്പെട്ട് ദെെവവുമായുള്ള കൂട്ടായ്മ ഇല്ലെന്നായി. അവൻ ദൈവത്തിൽനിന്ന് അകന്നുമാറി മരച്ചില്ലകൾക്കിടയിൽ ഒളിച്ചു. സഹജീവികളിൽനിന്ന് അകന്നു. പരസ്പരം കുറ്റപ്പെടുത്തുന്നതിനും പാപം ഇടയാക്കി. ഈ അവസരത്തിൽ ദൈവം നല്കിയ വാഗ്ദാനമായിരുന്നു തിന്മയുടെ ശക്തിയെ കീഴടക്കിക്കൊണ്ടുള്ള രക്ഷയും പറുദീസായിലേക്കുള്ള തിരിച്ചുവരവും.
മനുഷ്യകുലത്തെ വീണ്ടും പറുദീസാ അനുഭവത്തിലേക്ക് എത്തിച്ചത് മിശിഹായുടെ പീഡാനുഭവ, കുരിശുമരണ, ഉത്ഥാന രഹസ്യങ്ങളാണ്. ഏതൊരു പാപിക്കും വിമോചനവും രക്ഷയും നല്കുന്നതും എല്ലാവരെയും ചേർത്തുനിർത്തുന്നതുമായിരുന്നു അവിടുത്തെ രക്ഷാകര പദ്ധതി.
അവിടുന്ന് തന്നെ ക്രൂശിച്ചവരെയും പ്രാർഥനയിലൂടെ ചേർത്തുനിർത്തി. അവിടുത്തെ കുരിശുവഹിക്കലിൽ കൊടുംപാപിയായ ബറാബാസിന് മോചനവും മരണത്തിൽ കള്ളനു പറുദീസയും നേടുവാൻ ഇടയാക്കി. പുതിയ നിയമത്തിൽ പറുദീസാ അവസ്ഥ മിശിഹായോടുകൂടെ ആയിരിക്കുക എന്നതാണ് (ലൂക്കാ 23,43; 2 കോറി 12,3; വെളി 2,7).
പാപംമൂലം നഷ്ടപ്പെടുന്ന പറുദീസ അനുഭവത്തിലേക്കുള്ള തിരിച്ചുവരവാണ് നോന്പുകാലത്തിലൂടെ യാഥാർഥ്യമാകേണ്ടത്. പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും മനുഷ്യൻ കൂടുതൽ ദൈവോന്മുഖനായി ദൈവത്തോടുകൂടെ വസിക്കുക എന്നതാണ് നോന്പ് ലക്ഷ്യംവയ്ക്കുന്നത്.
പറുദീസാ അനുഭവം ദൈവത്തോടുകൂടെയായിരിക്കുക എന്നാണ്, മനുഷ്യനുമായി സ്നേഹത്തിലായിരിക്കുകയാണ്, പ്രകൃതിയോടു കരുതലും സഹജീവികളോടു സഹവർത്തിത്വവുമുണ്ടായിരിക്കുക എന്നതാണ്. ആ അനുഭവത്തിലേക്കുള്ള ക്ഷണമാണ് നോന്പുകാലം തരുന്നത്. വീണുപോയവർക്ക് വീണ്ടും ജനിക്കുന്നതിനും കൂടെനിൽക്കുന്നവരെ കൂടുതൽ ശക്തീകരിക്കുന്നതിനും അങ്ങനെ പറുദീസാ അനുഭവത്തിൽ വളരുന്നതിനും ഈ നോന്പുകാലം സഹായകമാകട്ടെ!
വീണ്ടും ജനിച്ച് പറുദീസാനുഭവത്തിലേക്ക് വരുന്ന ധാരാളം വ്യക്തികളെ വിശുദ്ധ ബൈബിളിൽ കാണുവാൻ സാധിക്കും. ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിച്ച് ദാവീദ് രാജാവും (2 സാമു 12) ചാരം പൂശി ചാക്കുടുത്ത് അനുതപിച്ച് നിനവേയിലെ ജനതയും (യോന 3) ലൗകായതികത്വവും സ്വാർഥതയും വെടിഞ്ഞ് ധൂർത്തപുത്രനും (ലൂക്കാ 15,11-32) പാപസാഹചര്യങ്ങളെ ഉപേക്ഷിച്ച് പാപിനിയായ സ്ത്രീയും (ലൂക്കാ 7,36-50) സ്വന്തമായുള്ളവ പങ്കുവെച്ചുകൊണ്ട് സക്കേവൂസും (ലൂക്കാ 19,1-10) അനുതാപത്തിന്റെ കണ്ണുനീർ പൊഴിച്ചുകൊണ്ട് പത്രോസ് ശ്ലീഹായും (മർക്കോ 14,66-72) വീണുപോയിടത്തുനിന്ന് വീണ്ടും ജനിച്ച് പറുദീസാ അനുഭവത്തിലേക്ക് വന്നവരാണ്.
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
(വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലെ ബെെബിൾ പ്രഫസറാണ് ലേഖകൻ)