പ്രശസ്ത ഗായകൻ സോനു നിഗം മലയാളത്തിൽ ആദ്യമായി പാടിയ യുഗ്മഗാനത്തിൽ ഒപ്പമുള്ളത് സോണിയുടെ സ്വരമാണ്. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെതന്നെ ചക്കരമാവിൻകൊമ്പത്ത് എന്ന ഗാനമാണത്. ഇന്ത്യൻ ഐഡൽ എന്ന ആദ്യകാല റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലംമുതൽ സോനു നിഗമിന് സോണിയുടെ പാട്ടിന്റെ നന്മയറിയാം. വിധികർത്താക്കളിലൊരാളായിരുന്നു സോനു. അദ്ദേഹം അന്നു നൽകിയ പിന്തുണയും നിർദേശങ്ങളും സോണി നന്ദിയോടെ ഓർക്കുന്നു. മുംബൈയിൽ താമസിച്ച് ഷോയിൽ പങ്കെടുക്കാൻ അന്നത്തെ സാമ്പത്തിക സ്‌ഥിതി അനുവദിക്കാഞ്ഞതിനാൽ അതിൽനിന്ന് സ്വയം പിൻവാങ്ങുകയായിരുന്നു. പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് ഒരു സംഗീത വേദിയിൽ മുഖ്യാതിഥിയായി എത്തിയ സോനു നിരവധി കലാകാരന്മാർക്കൊപ്പംനിന്ന തന്നെക്കണ്ട് തിരിച്ചറിഞ്ഞതും സംസാരിച്ചതും വലിയ ഭാഗ്യമായി കരുതുകയാണ് സോണി. മലയാളത്തിലെ പാട്ടിൽ ഒപ്പം പാടിയത് താനാണെന്ന് സോനു തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സോണിക്കു നിശ്ചയംപോരാ.
മുതിർന്നവർ ഉൾപ്പെടെ ഇരുപതോളം പേരെ ഹിന്ദുസ്‌ഥാനി സംഗീതം അഭ്യസിപ്പിക്കുകയാണ് സോണി ഇപ്പോൾ. ഒപ്പം സ്റ്റേജ് ഷോകളും പാട്ടെഴുത്തും സംഗീതസംവിധാനവുമുണ്ട്. എറണാകുളം മുപ്പത്തടത്ത് എരമത്താണ് സ്വയം പണിയിച്ച വീട്. കൂനമ്മാവിലെ അപ്പാർട്മെന്റിൽ മക്കളായ സായ് ശരൺ, ശിവാ ശരൺ എന്നിവർക്കൊപ്പം താമസം. അമ്മയും സഹോദരിയും ഒപ്പമുണ്ട്. മക്കൾ രണ്ടുപേരും പാടും. തമിഴിൽ കത്താടി എന്ന ചിത്രത്തിനുവേണ്ടി സോണി ചിട്ടപ്പെടുത്തിയ പാട്ടുകളിൽ ഒരെണ്ണം ആറാം ക്ലാസുകാരനായ ശിവയാണ് പാടിയത്. സംഗീതംചെയ്ത പുതിയ ഭക്‌തിഗാന ആൽബം ഈമാസം 11ന് പ്രകാശനം ചെയ്യുകയാണ്. കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത പുതുതലമുറയിലെ ഗായകരെക്കൊണ്ടാണ് പാട്ടുകൾ പാടിച്ചിരിക്കുന്നത്. മൂന്നു പാട്ടുകൾ എഴുതുകയും ചെയ്തു.
ചിത്രയേയും സുജാതയേയും ശ്രേയാ ഘോഷാലിനെയും എസ്. ജാനകിയേയും പി. സുശീലയേയും ഒരുപോലെ ഇഷ്‌ടപ്പെടുന്ന സോണിക്ക് സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിൽ തെല്ലും പരിഭവമില്ല. മനസിൽതങ്ങിനിൽക്കുന്ന പാട്ടുകൾ പുതിയ സിനിമകളിൽ ഇല്ലാത്തിടത്തോളം എന്തിനു വിഷമിക്കണം എന്നാണ് സോണിയുടെ ചോദ്യം.
സ്്റ്റേജ് ഷോകളുടെ എണ്ണം അയ്യായിരത്തോളം ആകുമ്പോഴും ഒരിക്കൽപോലും കരോക്കെ ഗാനമേള ചെയ്തിട്ടില്ലെന്ന് സോണി അഭിമാനത്തോടെ പറയുന്നു. സെൽഫ് മാർക്കറ്റിംഗിനും ഇതുവരെ പോയിട്ടില്ല. ‘സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല, ജീവിതത്തിലെ ആനന്ദമായാണ് സംഗീതത്തെ കാണുന്നത്. സംഗീതോപകരണങ്ങൾ വായിക്കുന്നവരുടെ അഭിമാനത്തിനും ജീവിതത്തിനും വിലകൊടുക്കണം’– സോണിക്ക് ഉറച്ച നിലപാടുണ്ട്. അതുകൊണ്ടുതന്നെയാണ് ഓണവെയിൽപ്പാട്ട് നൽകിയ വലിയ സങ്കടത്തിലും അവർ വാടാതെ നിന്നത്. തീയിൽ കുരുത്തതു തന്നെയാവണം ആ സംഗീതം.
<യ> –ഹരിപ്രസാദ്