ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
Monday, October 12, 2015 3:50 AM IST
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസുകൾ കിലുക്കി അവൾ നടന്നുവരുന്ന ശബ്ദം ദൂരെ നിന്നേ അവനു കേൾക്കാമായിരുന്നു... ഇതൊരു പഴങ്കഥ. ഫാഷന്റെ കുത്തൊഴുക്കിൽ വെള്ളിപ്പാദസരം ഔട്ടായി. ഇടയ്ക്ക് സ്വർണപ്പാദസരം ട്രെൻഡായെങ്കിലും പെൺകുട്ടികൾ അതിനോട് ഗുഡ് ബൈ പറഞ്ഞിരിക്കുകയാണിപ്പോൾ.

ഒറ്റക്കാലിൽ അണിയാവുന്നവ കൊറിയൻ ബീഡസ് ഫാൻസി പാദസരങ്ങളാണ് കൗമാരക്കാർക്കിടയിലെ ഇപ്പോഴത്തെ ട്രെൻഡ്. ബഹുവർണങ്ങളിലുള്ള മുത്തുകൾക്കൊപ്പം കൊച്ചു ഷെല്ലുകൾ കോർത്തെടുത്ത ഇത്തരം പാദസരങ്ങൾ കണങ്കാലിൽ അണിഞ്ഞാൽ ആരുമൊന്ന് നോക്കിപ്പോകും. അത്രയ്ക്ക് സൂപ്പർ ലുക്കാണിതിന്. കറുപ്പും വെള്ളയും സ്വർണനിറവും ഇടകലർന്നു നിൽക്കുന്ന ഡിസൈൻ ആണ് കൊറിയൻ ബീഡ്സ് പാദസരങ്ങളുടേത്. കൗമാരക്കാർ മാത്രമല്ല, യുവതികളും ഇപ്പോൾ ഇത്തരം പാദസരങ്ങളുടെ ആരാധകരായി മാറിയിരിക്കുകയാണ്.

ഹാങിങ് ടൈപ്പ് പാദസരങ്ങളാണ് ഫാൻസി പാദസരങ്ങളിലെ മറ്റൊരിനം. ജീൻസ്, കാപ്രി, മിഡി... വസ്ത്രം ഏതുമാവട്ടെ അവയ്ക്കൊപ്പം ഈ പാദസരങ്ങൾ അണിയാമെന്നതാണ് മറ്റൊരു സവിശേഷത. യുവതികൾ ഫാൻസി സാരിക്കൊപ്പവും ഇത്തരം പാദസരങ്ങൾ അണിയാറുണ്ട്. 50 രൂപ മുതൽ 125 രൂപ വരെയാണ് വില.


കുന്ദൻ വർക്ക് ചെയ്ത ഹാങിങ് ടൈപ്പ് ആന്റ്വിക് ഗോൾഡ് പാദസരങ്ങൾക്ക് 100 മുതൽ 150 രൂപ വരെ വില വരും. ഒക്സിഡൈസ്ഡ് സിൽവർ പാദസരങ്ങളുടെ വില 50 മുതൽ 150 രൂപ വരെയാണ് വില.

നിറമുള്ള ചരടുകളിൽ മുത്തു പിടിപ്പിച്ചവ, വൈറ്റ്മെറ്റലിലും ബ്ലാക്ക് മെറ്റലിലും ഉള്ളവ, നേർത്ത നൂലുകളിൽ കാർട്ടൂൺ കഥാപാത്രങ്ങൾ കോർത്തിണക്കിയവ... ഇങ്ങനെ പോകുന്നു പാദസരങ്ങൾ. മറ്റൊരു സ്റ്റൈൽ കൂടി പെൺകൊടികൾ ഫോളോ ചെയ്യുന്നുണ്ട്. കറുത്ത നിറത്തിലോ അല്ലെങ്കിൽ ബഹുവർണങ്ങളിലോയുള്ള ചരട്, ഒരു കാലിൽ മാത്രം കെട്ടുക. പാദസരത്തിനു പകരമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഈ ചരടിൽ ഇൻട്രസ്റ്റ് അനുസരിച്ച് മുത്തുകളോ ഞാത്തുകളോ വർണക്കടലാസോയൊക്കെ കെട്ടിയിട്ട് കൂടുതൽ സ്റ്റൈലിഷാക്കാം. ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കാം എന്നതാണ് ഇത്തരം പാദസരങ്ങളുടെ ഗുണം. അധിക വിലയില്ലാത്തതിനാൽ പോക്കറ്റ് കാലിയാകുമെന്ന പേടിയും വേണ്ട.