ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളുടെ ലഭ്യതയും വളരെ എളുപ്പമായതിനാല്‍ പുതുതലമുറയ്ക്ക് വൈദ്യശാസ്ത്രപരമായി അംഗീകാരമുള്ള വ്യവസ്ഥാപിത വെബ്സൈറ്റുകളില്‍ നിന്ന് കാന്‍സറിനെ കുറിച്ചു വായിക്കുകയും മനസിലാക്കുകയും ചെയ്യാന്‍ എളുപ്പമാണ്. കാന്‍സറുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഇന്‍റര്‍നെറ്റില്‍ ഇതിന്‍റെ ബാഹുല്യവും ഏറെയാണ്.
ഇത്തരം കാര്യങ്ങളിലേക്കു വീഴാതിരിക്കുക എന്നതാണ് ഏറെ പ്രധാനപ്പെട്ടത്. നിങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫ്ളുവന്‍സര്‍മാരുണ്ടാകും.
കൃത്യമായ അവബോധം വളര്‍ത്താന്‍ അവര്‍ക്കു സാധിക്കും. നിങ്ങളുടെ കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, സമൂഹം എന്നിവര്‍ക്കിടയില്‍ ഒരു ഇന്‍ഫ്ളുവന്‍സറായി മാറുന്നതും നിങ്ങള്‍ക്കു പരിഗണിക്കാം. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിനെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും മോശം ഭക്ഷണ ശീലങ്ങളുടെ അപകടങ്ങളെ കുറിച്ച് അവര്‍ക്ക് അറിവു പകരുകയും എല്ലാം നിങ്ങള്‍ക്കു ചെയ്യാം. ഒറ്റപ്പെട്ട ജീവിതശൈലിയും ഒട്ടും നല്ലതല്ല. അതുകൊണ്ട് കൂട്ടുകാരുമായി ഇടകലരുകയും ഇടയ്ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകു കയും ചെയ്യണം.
നിങ്ങളുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും കാന്‍സര്‍ മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ സാധ്യമായ എല്ലാ രീതികളിലും അവരെ സഹായിക്കാനായി മുന്നോട്ടു വരാം. ഡോക്ടറെ കാണാനായുള്ള യാത്രകളില്‍ അവരെ അനുഗമിക്കാം. അവര്‍ക്കായി ഗുണമേന്‍മയുള്ള രീതിയില്‍ സമയം ചെലവഴിക്കാം.
അവര്‍ക്കായി ചെറിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാം. ഓര്‍മിക്കുക, കാന്‍സര്‍ രോഗികള്‍ വൈകാരികമായ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ഉപാധികളില്ലാത്ത സ്നേഹം അവരെ സംബന്ധിച്ച് വളരെ വലുതാണ്.
നിങ്ങള്‍ക്കറിയാവുന്നതു പോലെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയില്‍ ഗണ്യമായ പുരോഗതിയാണു കൈവരിച്ചിട്ടുള്ളത്. കാന്‍സര്‍ ചികില്‍സാ രംഗത്തു മുന്നേറ്റം കൈവരിക്കാനും ഇതു സഹായകമായിട്ടുണ്ട്.
ആദ്യ ഘട്ടത്തിലെ കാന്‍സര്‍ നിര്‍ണയം മുതല്‍ പുരോഗമിച്ച ഘട്ടങ്ങളിലെ കാന്‍സര്‍ പരിരക്ഷ വരെയുള്ള കാര്യങ്ങളില്‍ വൈദ്യശാസ്ത്ര ഇടപെടല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കാന്‍സര്‍ ചികില്‍സാ രംഗത്തു വന്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ സഹായകമായിട്ടുണ്ട്. ആധുനീക വൈദ്യോപകരണങ്ങളുടെ ഇക്കാലത്ത് താങ്ങാനാവുന്ന ചെലവില്‍ കാന്‍സര്‍ രോഗനിര്‍ണയവും ചികില്‍സയും പരിചരണവുമെല്ലാം ലഭ്യമാണ്.
കാന്‍സര്‍ സാധ്യതയുള്ള വ്യക്തികളിലെ വിലയിരുത്തലിനായി നിര്‍മിത ബുദ്ധി അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനുകളും വികസിപ്പിച്ചിട്ടുണ്ട്. വിദൂര സ്ഥലങ്ങളിലുള്ള രോഗികള്‍ക്കു പോലും ഡോക്ടറുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന വിധത്തില്‍ ടെലി മെഡിസിനിലുള്ള മുന്നേറ്റമാണ് മറ്റൊന്ന്. ഒന്‍പതിനും 15 നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ എടുത്ത് സെര്‍വിക്കല്‍ കാന്‍സര്‍ തടയാനാവും എന്നു നിങ്ങള്‍ക്കറിയാമോ? എച്ച്പിവി പരിശോധനയേയും സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തേയും കുറിച്ചു കൂടുതല്‍ അറിയാനായി നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കണം.
അതുകൊണ്ട് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന്‍റെ ചുമതല ഏറ്റെടുത്ത് ഈ രംഗത്തെ അപര്യാപ്തതകള്‍ ഇല്ലാതാക്കാനുള്ള കാമ്പയിനില്‍ പങ്കാളിയാകു. ഈ ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാന്‍ പറ്റുന്ന ഇടമാക്കി മാറ്റാനും കാന്‍സര്‍ ഒഴിവാക്കി ആരോഗ്യകരമായ ജീവിതം നയിക്കാനും നിങ്ങള്‍ക്ക,് പ്രത്യേകിച്ച് പുതുതലമുറയ്ക്ക് ഏറെ ചെയ്യാനുണ്ട്.
ഡോ. കെ രാമദാസ്, ഡയറക്ടര്‍, ക്ലിനിക്കല്‍ ഓപറേഷന്‍സ് ആന്‍റ് അലൈഡ് സര്‍വീസസ്, കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍