ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ? ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്.
ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ? ഓണസദ്യക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും. ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
പാചകത്തിന് ഏതു തരം എണ്ണ ഉപയോഗിച്ചാലും അളവിൽ കുറയ്ക്കണം. കേരളീയ വിഭവങ്ങളിൽ അല്പം വെളിച്ചണ്ണ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പ്രത്യേകിച്ചും അവിയൽ വെന്തുവാങ്ങിയ ശേഷം അല്പം വെളിച്ചെണ്ണ തൂവിയാൽ അതിനു പ്രത്യേക സ്വാദും മണവും ലഭിക്കും.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ, നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്