ഗര്‍ഭാശയസംബന്ധമായ അര്‍ബുദരോഗം- യാഥാര്‍ത്ഥ്യം എന്ത്?
അര്‍ബുദം അഥവാ കാന്‍സര്‍രോഗം എന്നാല്‍ നമ്മുടെ ശരീരത്തിലെ ഏതെങ്കിലും കുറച്ച് കലകള്‍ നിയന്ത്രണാധീതമായി വിഘടിക്കുകയും വളരുകയും ചെയ്യുന്ന പ്രതിഭാസമാണ്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് വ്യക്തമല്ലെങ്കിലും ചില അര്‍ബുദരോഗം പാരമ്പര്യമായി കാണാറുണ്ട് . മറ്റു ചിലത് നമ്മുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്.

പ്രധാനമായും അഞ്ചു തരത്തിലാണ് ഗര്‍ഭാശയ സംബന്ധമായ അര്‍ബുദരോഗം കണ്ട ുവരുന്നത്. ഗര്‍ഭാശയമുഖത്തെ അര്‍ബുദം അഥവാ സെര്‍വൈക്കല്‍ കാന്‍സര്‍, അണ്ഡാശയ അര്‍ബുദം അഥവാ ഓവേറിയന്‍ കാന്‍സര്‍, ഗര്‍ഭാശയ അര്‍ബുദം അഥവാ യൂട്രൈന്‍ കാന്‍സര്‍, യോനീ നാളിയിലെ അര്‍ബുദം അഥവാ വജൈനല്‍ കാന്‍സര്‍, യോനീ മുഖത്തുണ്ട ാകുന്ന അര്‍ബുദം അഥവാ വള്‍വല്‍ കാന്‍സര്‍ എന്നിവയാണവ.

ഗര്‍ഭാശയദളത്തില്‍ ഉണ്ടാകുന്ന അര്‍ബുദം (സെര്‍വൈക്കല്‍ കാന്‍സര്‍)

ഗര്‍ഭാശയത്തിന്റെ ഏറ്റവും താഴെയായി യോനീനാളിയുടെ അടുത്താണ് ഗര്‍ഭാശയദളം അഥവാ ഗര്‍ഭാശയമുഖം കാണപ്പെടുന്നത്. ഇതിലുണ്ടാകുന്ന അര്‍ബുദബാധ ഫലവത്തായ രോഗനിര്‍ണയത്തിലൂടെ കണ്ടുപിടിക്കാവുന്നതും പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നതുമാണ്. തുടക്കത്തില്‍ ഒരു വിധത്തിലുള്ള ലക്ഷണങ്ങളും ഈ അര്‍ബുദം കാണിച്ചെന്നുവരില്ല.

എന്നാല്‍ പലപ്പോഴും രക്തം കലര്‍ന്ന ദ്രവം വരുന്നതായും ലൈംഗിക ബന്ധത്തിനു ശേഷമുള്ള രക്തസ്രാവമായും ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (HPV) എന്ന പ്രത്യേകതരം വൈറസ് ബാധയാണ് ഗര്‍ഭാശയമുഖത്തെ കാന്‍സറിലേക്ക് നയിക്കുന്ന പ്രധാനകാരണം.

പുകവലി, ഒകഢ അണുബാധ, ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, കൂടുതല്‍ പുരുഷന്‍മാരുമായുള്ള ലൈംഗികബന്ധം, കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുക, വളരെ നേരത്തേയുള്ള വിവാഹബന്ധം എന്നിവയാണ് മറ്റ് കാരണങ്ങള്‍. മേല്‍പ്പറഞ്ഞവ ഒഴിവാക്കുകയാണ് മികച്ച പ്രതിരോധ മാര്‍ഗം. ഗര്‍ഭാശയമുഖത്തെ അര്‍ബുദം തടയുന്നതിന് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

പാശ്ചാത്യ രാജ്യങ്ങളില്‍ കൗമാര പ്രായമാകുന്നതിനു മുന്‍പു തന്നെ 11-12 വയസ്സുള്ള പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഈ പ്രതിരോധ കുത്തിവെയ്പ്പ് നടത്തിവരുന്നുണ്ട ്. 15 വയസ്സിനു മുന്‍പായി എടുക്കുന്നുവെങ്കില്‍ രണ്ട ുതവണയായി ആറുമാസം ഇടവിട്ടാണ് കുത്തിവെയ്പ്പ് നല്‍കുന്നത്. 15 മുതല്‍ 26 വയസ്സുവരെയാണ് നമ്മുടെ നാട്ടില്‍ ഈ കുത്തിവെയ്പ്പ് കൊടുക്കുന്നത്. മൂന്നു തവണയായിട്ടാണ് ഇത് കൊടുക്കുന്നത്.

ആദ്യത്തെ തവണ എടുത്തതിനുശേഷം ഒരുമാസം കഴിഞ്ഞ് രണ്ടാമത്തെ കുത്തിവെയ്പ്പ് എടുക്കണം. മൂന്നാമത്തെ കുത്തിവെയ്പ്പ് ആറാം മാസത്തിലുമാണ് എടുക്കേണ്ടത്. ഈ കുത്തിവെയ്പ്പ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍, യോനീ കാന്‍സര്‍ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമ്മെ സഹായിക്കും.

അണ്ഡാശയ അര്‍ബുദം (ഓവേറിയന്‍ കാന്‍സര്‍)

പ്രധാനപ്പെട്ട അര്‍ബുദമാണ് അണ്ഡാശയ അര്‍ബുദം അഥവാ ഓവേറിയന്‍ കാന്‍സര്‍. രക്തസ്രാവമാണ് ഇതിന്റെ മുഖ്യ ലക്ഷണം. പ്രധാനമായും മാസമുറ നീണ്ട ുനിന്നതിനുശേഷമുള്ള രക്തസ്രാവം. വയറുവേദന, വയറുനിറഞ്ഞെന്ന തോന്നല്‍, ക്രമം തെറ്റിയ മലമൂത്രവിസര്‍ജ്ജനം, വയറുവീര്‍പ്പ് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ ആണെങ്കിലും ഒരു വലിയ വിഭാഗം ആളുകളില്‍ യാതൊരു രോഗലക്ഷണങ്ങളും അണ്ഡാശഅര്‍ബുദം കാണിക്കാറില്ല.

പ്രായം ചെന്നവരിലും സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, കുടലിലും മറ്റുമുള്ള കാന്‍സര്‍ ബാധയോയുള്ള അടുത്ത ബന്ധുക്കളുള്ളവരിലും ഈ രോഗസാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നതിലൂടേയും കുടുംബാസൂത്രണത്തിന്റെ ഭാഗമായി ട്യൂബല്‍ ലൈഗേഷന്‍ ഓപ്പറേഷന്‍ ചെയ്യുന്നതിലൂടേയും ഈ രോഗം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ പാപ്പ് സ്മിയര്‍ ടെസ്റ്റിലൂടെ കണ്ട ുപിടിക്കാന്‍ സാധിക്കുമെങ്കിലും അണ്ഡാശയ കാന്‍സര്‍ കണ്ട ുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. തുടരെയുള്ള സ്‌കാനിംഗിങ്ങിലൂടേയും പരിശോധനകളിലൂടേയും ഇത് കണ്ട ുപിടിക്കാന്‍ ഒരു പിരിധിവരെ കഴിയും.


ഗര്‍ഭാശയ അര്‍ബുദം

സ്ത്രീ ജനനേന്ദ്രീയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അര്‍ബുദരോഗമാണ് ഗര്‍ഭാശയ അര്‍ബുദം. ഇത് കുറച്ചുകൂടെ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു അര്‍ബുദരോഗമാണ്. മാസമുറ നിന്നതിനുശേഷമുള്ള രക്തസ്രാവം, വയറുവേദന, ക്രമം തെറ്റിയുള്ള രക്തസ്രാവം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഈ അര്‍ബുദബാധ രണ്ടു തരത്തില്‍ വരാം. ഗര്‍ഭാശയത്തിന്‍റെ അകത്തുള്ള പാടയില്‍ നിന്നും വരുന്ന അര്‍ബുദവും ഗര്‍ഭാശയ ഭിത്തിയില്‍ നിന്നും വരുന്ന അര്‍ബുദവും. തുടക്കത്തില്‍ കണ്ട ുപിടിച്ചാല്‍ എളുപ്പത്തില്‍ പൂര്‍ണമായും ചികിത്സിച്ചു ഭേഗമാക്കുവാന്‍ സാധിക്കുന്ന അര്‍ബുദരോഗം കൂടിയാണിത്.

അന്‍പത് വയസ്സിനു മുകളിലുള്ളവര്‍, അമിത ഭാരമുള്ളവര്‍, ഹോര്‍മോണ്‍ ചികിത്സ എടുക്കുന്നവര്‍, കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍, വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വളരെ താമസിച്ച് ആര്‍ത്തവം നില്‍ക്കുന്നവര്‍ എന്നിവരിലാണ് ഈ രോഗബാധ കൂടുതലും കണ്ട ുവരുന്നത്. രക്തബന്ധമുള്ള ആളുകള്‍ക്ക് കുടലിലെ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ഉള്ളവര്‍ക്കും രോഗസാധ്യത കൂടുതലാണ്.

ആരോഗ്യമുള്ള ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗം തടയാം. ഈ അര്‍ബുദത്തില്‍ സ്‌കാനിംഗ് ടെസ്റ്റിലൂടെ അകത്തുളള പാടയുടെ കട്ടിക്കൂടുതല്‍ കണ്ടെ ത്താറുണ്ട് അത് പരിശോധിച്ചാല്‍ രോഗം കണ്ട ുപിടിക്കാവുന്നതാണ്. അതിനായി D&C ടെസ്റ്റ് ചെയ്യേണ്ടിവരും
.
യോനീനാളിയിലും യോനീമുഖത്തുമുള്ള കാന്‍സറുകള്‍

യോനീനാളിയിലും യോനീമുഖത്തുമുള്ള കാന്‍സര്‍ രോഗബാധകള്‍ അപൂര്‍വമായി കാണാറുണ്ട ്. രക്തം കലര്‍ന്നസ്രവം പോകുന്നതും യോനിയിലെ നിറവ്യത്യാസം, തടിപ്പ്, ചൊറിച്ചില്‍ എന്നിവയും രോഗത്തിനു മുന്നോടിയായി കാണപ്പെടാറുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തേടേണ്ട താണ്.

പ്രതിവിധി

കാന്‍സര്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ അടുത്തതായി അത് ഏത് ഘട്ടത്തിലാണ് എന്നു കണ്ട ുപിടിക്കേണ്ട തുണ്ട്. അതിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നേക്കാം. അതിനു ശേഷമാണ് ചികിത്സകള്‍ നിശ്ചയിക്കുന്നത്. പ്രധാനമായും മൂന്നു തരത്തിലുള്ള ചികിത്സകളാണ് ചെയ്യുന്നത്. ശസ്ത്രക്രിയ, റേഡിയേഷന്‍, മരുന്നുകള്‍ കൊണ്ട ുമാത്രം ചികിത്സിക്കുന്ന കീമോതെറാപ്പി.

തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ഒരുവിധം എല്ലാ അര്‍ബുദരോഗവും പൂര്‍ണമായി ചികിത്സയിലൂടെ ഭേദമാക്കാനാകും. മിക്കവാറും ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ അവയവവും അനുബന്ധകലകളും പൂര്‍ണമായി നീക്കം ചെയ്താല്‍ ആദ്യഘട്ടത്തിലുള്ള അര്‍ബുദബാധ മാറ്റാന്‍ സാധിക്കും. രോഗം മറ്റു ഭാഗത്തേക്കു പടര്‍ന്നിട്ടുണ്ടെ ങ്കില്‍ കീമോതെറാപ്പിയും റേഡിയേഷനും വേണ്ട ിവന്നേക്കാം.

സ്ത്രീ ജനനേന്ദ്രീയ അര്‍ബുദരോഗങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുന്ന മുറക്കുതന്നെ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയും ചികിത്സതേടുകയും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഏറെക്കുറെ തടയാനാകും. ശരിയായ ചികിത്സയിലൂടെ ആദ്യഘട്ടത്തിലുള്ള അര്‍ബുദരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകും.

ഡോ.ഗീത പി
ഗൈനക്കോളജി - ഒബ്‌സ്റ്റെട്രിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ്
കിംസ്‌ഹെല്‍ത്ത്, തിരുവനന്തപുരം