രോഗപ്രതിരോധത്തിനു മാന്പഴം
Saturday, April 20, 2019 2:55 PM IST
വി​റ്റാ​മി​നു​ക​ളാ​യ എ,​ സി, ഇ, ​ധാ​തു​ക്ക​ളാ​യ പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം, കോ​പ്പ​ർ, ഫോ​സ്ഫ​റ​സ്, നാ​രു​ക​ൾ എ​ന്നി​വ​യു​ടെ സ​മൃ​ദ്ധ​മാ​യ ഉ​റ​വി​ട​മാ​ണ് മാ​ന്പ​ഴം. പ്രീ ​ബ​യോട്ടി​ക് ഡ​യ​റ്റ​റി നാ​രു​ക​ൾ, പോ​ളി ഫീ​നോ​ളി​ക് ഫ്ളേ​വ​നോ​യ്ഡ് ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ് സം​യു​ക്ത​ങ്ങ​ൾ എ​ന്നി​വ​യും മാ​ന്പ​ഴ​ത്തി​ലു​ണ്ട്. 1000ൽ​പ്പ​രം മാ​ന്പ​ഴ ഇ​ന​ങ്ങ​ളു​ണ്ട്. ഒ​രു ക​പ്പ് മാ​ന്പ​ഴ​ത്തി​ൽ(225 ഗ്രാം) ​വി​റ്റാ​മി​ൻ സി 76 ​ഉം വി​റ്റാ​മി​ൻ എ 25 ​ഉം പ്രോ​ബ​യോട്ടി​ക് ഫൈ​ബ​ർ 9 ഉം ​പൊട്ടാ​സ്യം 7 ഉം ​ശ​ത​മാ​നം വീതം അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ച​ർ​മ​ാ​രോ​ഗ്യ​ത്തി​ന് മാ​ന്പ​ഴം

മാന്പഴത്തിൽ ധാ​രാ​ള​മു​ള​ള വി​റ്റാ​മി​ൻ സി​യും മ​റ്റ് ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളും ച​ർ​മ​ത്തിന്‍റെ സ്വാ​ഭാ​വി​ക തി​ള​ക്ക​വും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഒ​പ്പം വി​റ്റാ​മി​ൻ എ​യും ബീ​റ്റാ ക​രോട്ടി​നും ച​ർ​മ​ത്തി​നു ഭം​ഗി​യും മൃ​ദു​ത്വ​വും ന​ല്കി യൗ​വ​നം നി​ല​നി​ർ​ത്തു​ന്നു. മു​ഖ​ക്കു​രു, ക​റു​ത്ത പാ​ടു​ക​ൾ, കു​രു​ക്ക​ൾ തു​ട​ങ്ങി​യ​വ കു​റ​യ്ക്കു​ന്നു. ച​ർ​മ​ത്തി​ൽ സ്വാ​ഭാ​വി​ക ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. മാ​ന്പ​ഴ​ത്തി​ലു​ള​ള ആന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ ച​ർ​മ​കോ​ശ​ങ്ങ​ളി​ൽ അ​ടി​യു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കി കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നും മാ​ന്പ​ഴം സ​ഹാ​യ​കം. അ​തി​ലു​ള്ള വി​റ്റാ​മി​ൻ എ ​താ​ര​നെ​തി​രേ പൊ​രു​തു​ന്നു. അ​തി​ലു​ള​ള വി​റ്റാ​മി​ൻ ഇ ​ത​ല​യോട്ടി​യി​ലെ ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്നു, മു​ടി​വ​ള​ർ​ച്ച കൂട്ടുന്നു.

ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​ന്

മാ​ന്പ​ഴ​ത്തി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് സം​യു​ക്ത​ങ്ങ​ൾ വി​വി​ധ​ത​രം കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. കു​ട​ൽ, സ്ത​ന​ങ്ങ​ൾ, പ്രോ​സ്റ്റേ​റ്റ്, ച​ർ​മം, ശ്വാ​സ​കോ​ശം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ, ലു​ക്കേ​മി​യ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു മാ​ന്പ​ഴം ഗു​ണ​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ണം. ഒ​പ്പം അ​തി​ലു​ള​ള നാ​രു​ക​ൾ​ക്കും വി​റ്റാ​മി​ൻ സി​യ്ക്കും കാ​ൻ​സ​റി​നെ​തി​രേ പോ​രാ​ടാ​നു​ള​ള ക​രു​ത്തു​ണ്ട്. മാ​ന്പ​ഴ​ത്തി​ലു​ള​ള കാ​ൻ​സ​ർ വി​രു​ദ്ധ സം​യു​ക്ത​ങ്ങ​ൾ ആ​രോ​ഗ്യ​മു​ള​ള സാ​ധാ​ര​ണ കോ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി ദോ​ഷ​ക​ര​മാ​യ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്നു.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്

മാ​ന്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ എ ​പ്ര​തി​രോ​ധ​ശ​ക്തി​ക്കു പ്ര​ധാ​നം. ച​ർ​മം, മ്യൂ​കോ​സ​ൽ സ്ത​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും സ​ഹാ​യ​കം. വി​റ്റാ​മി​ൻ സി​യും ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. രോ​ഗാ​ണു​ക്ക​ളു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്നു. ര​ക്ത​കോ​ശ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. കൂ​ടാ​തെ മാ​ന്പ​ഴ​ത്തി​ലു​ള​ള 25ൽ​പ്പ​രം ക​രോട്ടി​നോ​യ്ഡു​ക​ളും പ്ര​തി​രോ​ധ​ത്തി​നു ഗു​ണ​ക​രം. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പൊ​ൽ പ​നി, ജ​ല​ദോ​ഷം, അ​ണു​ബാ​ധ എ​ന്നി​വ​യെ അ​ക​റ്റി​നി​ർ​ത്താം.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​

കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്താം; മാ​ന്പ​ഴം ശീ​ല​മാ​ക്കി​യാ​ൽ. അ​തി​ൽ ധാ​രാ​ള​മു​ള​ള വി​റ്റാ​മി​ൻ സി, ​പെ​ക്റ്റി​ൻ, നാ​രു​ക​ൾ എ​ന്നി​വ ര​ക്ത​ത്തി​ലെ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ, ട്രൈ ​ഗ്ലി​സ​റൈ​ഡു​ക​ൾ എ​ന്നി​വ​യു​ടെ തോ​തു കു​റ​യ്ക്കു​ന്നു. മാ​ന്പ​ഴ​ത്തി​ൽ പൊട്ടാ​സ്യ​വും ഇ​ഷ്ടം​പോ​ലെ. നാ​ഡീ​വ്യ​വ​സ്ഥ​ക​ളി​ലേ​ക്കു​ള​ള ര​ക്ത​പ്ര​വാ​ഹം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​തു​വ​ഴി ഹൃ​ദ​യ​മി​ടി​പ്പിന്‍റെയും ര​ക്ത​സ​മ്മർ​ദ​ത്തിന്‍റെയും നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും പൊട്ടാ​സ്യം മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.


ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

മാ​ന്പ​ഴം മാ​ത്ര​മ​ല്ല വി​റ്റാ​മി​ൻ എ ​അ​ട​ങ്ങി​യ എ​ല്ലാ ഫ​ല​ങ്ങ​ളും ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു മു​ത​ൽ​ക്കൂട്ടാണ്. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​യ നി​ശാ​ന്ധ​ത, തി​മി​രം, മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, ക​ണ്ണു​ക​ളി​ലെ ജ​ലാം​ശം ന​ഷ്ട​മാ​ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും വി​റ്റാ​മി​ൻ എ ​അ​വ​ശ്യം.

മാ​ന്പ​ഴ​ത്തി​ലു​ള​ള ഫ്ളേ​വ​നോ​യ്ഡു​ക​ളാ​യ ബീ​റ്റാ ക​രോട്ടി​ൻ, ആ​ൽ​ഫ ക​രോട്ടി​ൻ, ബീ​റ്റ ക്രി​പ്റ്റോ​സാ​ന്തി​ൻ എ​ന്നി​വ മി​ക​ച്ച കാ​ഴ്ച​യ്ക്കു സ​ഹാ​യ​കം. ഒ​രു ദി​വ​സം ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റാ​മി​ൻ സി​യു​ടെ 25 ശ​ത​മാ​നം ഒ​രു ക​പ്പ് നു​റു​ക്കി​യ മാ​ന്പ​ഴ​ത്തി​ലു​ണ്ടെ​ന്നു വി​ദ്ഗ്ധ​ർ പ​റ​യു​ന്നു. ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യ​ത്തി​നും ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​നും ഏ​കാ​ഗ്ര​ത​യ്ക്കും മാ​ങ്ങ​യി​ലെ ഗ്ലൂട്ടാ​മൈ​ൻ ആ​സി​ഡ്, വി​റ്റാ​മി​ൻ ബി6 ​എ​ന്നി​വ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ണ​ഫ​ലം.

നാരുകൾ സമൃദ്ധം

മാ​ന്പ​ഴ​ത്തി​ൽ ധാ​രാ​ളം നാ​രു​ക​ളു​ണ്ട്. ദ​ഹ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​തി​നും കു​ട​ലിന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും നാരുകൾ സ​ഹാ​യ​കം. ക്രോ​ണ്‍​സ് രോ​ഗം പോ​ലെ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യി​ലെ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​ക​മെ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ആ​മാ​ശ​യ അ​ൾ​സ​ർ, മ​ല​ബ​ന്ധം എ​ന്നി​വ ത​ട​യു​ന്ന​തി​നും മാ​ന്പ​ഴം ഫ​ല​പ്ര​ദം. ഭ​ക്ഷ​ണ​ത്തി​ലെ കാ​ർ​ബോ​ഹൈഡ്രേറ്റുകൾ പ്രോട്ടീ​ൻ എ​ന്നി​വ​യെ വി​ഘ​ടി​പ്പി​ച്ച് ഉൗ​ർ​ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു മാ​ന്പ​ഴ​ത്തി​ലു​ള​ള ചി​ല​ത​രം എ​ൻ​സൈ​മു​ക​ൾ സ​ഹാ​യ​കം. മാ​ന്പ​ഴ​ത്തി​ലു​ള​ള ടാ​ർ​ടാ​റി​ക് ആ​സി​ഡ്, മാ​ലി​ക് ആ​സി​ഡ്, ചെ​റി​യ തോ​തി​ലു​ള​ള സി​ട്രി​ക് ആ​സി​ഡ് എ​ന്നി​വ ശ​രീ​ര​ത്തി​ലെ ആ​ൽ​ക്കൈ​ലൈ​ൻ തോ​ത് ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. മെ​റ്റ​ബോ​ളി​ക് അ​സി​ഡോ​സി​സ്, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, അ​സ്ഥി​ക​ൾ ദു​ർ​ബ​ല​മാ​ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം.

കാർബൈഡ് മാന്പഴം വേണ്ട

ശു​ദ്ധ​മാ​യ നാടൻ ​മാ​ങ്ങ ക​ഴി​ക്ക​ണ​മെ​ങ്കി​ൽ മു​റ്റ​ത്തു മാ​വി​ൻ തൈ ​നട്ടു ന​ന​യ്ക്ക​ണം. രാ​സ​വ​സ്തു​ക്ക​ൾ പ്ര​യോ​ഗി​ച്ചു മൂ​പ്പെ​ത്തും മു​ന്പേ പ​ഴു​പ്പി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന മാ​ന്പ​ഴം ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ല. അ​ത്ത​രം മാ​ന്പ​ഴം വി​ല്ക്കു​ന്ന​തു നി​രോ​ധി​ച്ച് സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യിട്ടുണ്ട്. കാ​ൽ​സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ഴു​പ്പി​ച്ച മാ​ങ്ങ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കാ​ൽ​സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ഴു​പ്പി​ച്ച മാ​ന്പ​ഴം ക​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സ്, സെ​യി​ൽ​സ് ടാ​ക്സ്, മോട്ടോർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്മെ​ൻ​റ് എ​ന്നി​വ​ർ​ക്കു നി​ർ​ദേ​ശം ന​ല്കി​യിട്ടുണ്ട്. ഒ​പ്പം നമ്മ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. കീടനാശിനി ഉൾപ്പെടെയുള്ള രാസമാലിന്യ സാന്നിധ്യമുള്ള മാന്പഴം വി​പ​ണി​യി​ലു​ണ്ടെ​ന്നു ശ്ര​ദ്ധ​യി​ൽ​പ്പെട്ടാൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നെ അ​റി​യി​ക്ക​ണം.