ആഘോഷവേളകളിൽ അഴകേകാൻ സൗസിക
Friday, October 28, 2016 4:38 AM IST
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയുള്ള അർത്ഥം വരുന്ന സംസ്കൃത വാക്കാണിത്.

ഫാഷൻ രംഗം എന്നും അടക്കി വാഴുന്നത് വസ്ത്രങ്ങളാണ്. അതെന്നും പരീക്ഷിക്കാനും സ്വന്തം വാർഡോബുകളിലേക്ക് സ്വീകരിക്കാനും മലയാളിക്കും എന്നും താൽപര്യം തന്നെയാണ്.

അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കൂണു പോലെ മുളച്ചു പൊന്തുന്ന ബൊട്ടീക്കുകൾ. കുട്ടികൾക്കു വേണ്ടി, കൗമാരക്കാർക്കുവേണ്ടി അങ്ങനെ ഓരോ തരക്കാർക്കു വേണ്ടിയും ഇന്ന് വസ്ത്രശാലകളുടെ എണ്ണം അനുദിനം വർധിച്ചു വന്നു കൊണ്ടിരിക്കുകയാണ്.

പക്ഷേ, ചുമ്മാ ഒരെണ്ണം തുടങ്ങിയിട്ടു കാര്യമില്ല. വ്യത്യസ്തത കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കണം എങ്കിൽ മാത്രമെ വിപണി കീഴടക്കാൻ സാധിക്കു. അൽപ്പം ഡിസൈനിംഗ് വശമുള്ളയാൾ കൂടിയാണെങ്കിൽ പ്രവർത്തനം ഏറെ സുഗമമായിരിക്കും.

അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കമൽ രാജ് മാണിക്കത്ത് എന്ന ഡിസൈനറും അദേഹത്തിന്റെ സൗസിക എന്ന ബ്രൈഡൽ സ്റ്റോറും.

ആഘോഷവേളകളിൽ അഴകോടെ

ഒരു ഡിസൈനർ എന്ന നിലക്ക് 2007 ലാണ് അങ്കമാലി സ്വദേശിയായ കമൽ തന്റെ കരിയർ ആരംഭിക്കുന്നത്. പേരു കേട്ട ബ്രാൻഡുകൾക്കൊപ്പം മിഡിൽ ഈസ്റ്റിലും യുകെയിലുമൊക്കെയായിട്ടായിരുന്നു തുടക്കം.

ഇന്ത്യയിലേക്കു തിരിച്ചെത്തിയ കമൽ തന്റെ സ്വപ്ന സാക്ഷാത്കാരമായ സൗസിക എന്ന ഡിസൈനർ സ്റ്റോർ 2013–ൽ ബാംഗ്ലൂരിൽ ആരംഭിച്ചു. ഉപഭോക്‌താക്കൾക്കു മുന്നിൽ വ്യത്യസ്തമായ സവിശേഷതകളുള്ള ഹാൻഡി ക്രാഫ്റ്റഡ് ഡിസൈനുകളാണ് സൗസിക അവതരിപ്പിക്കുന്നത് എന്ന് കമൽ രാജ് പറയുന്നു.



ഈവനിംഗ് ഗൗണുകൾ, സൽവാർ സ്യൂട്ടുകൾ, അനാർക്കലികൾ, കുർത്തികൾ, സാരികൾ, സാരി ബ്ലൗസുകൾ എന്നിങ്ങനെ വസ്ത്ര വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സൗസികക്ക്.
ഇതിലൊക്കെയേറെ സൗസികയെ ജനപ്രിയമാക്കുന്നതും ആകർഷകമാക്കുന്നതും ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽ ലെഹംഗകൾ, സാരികൾ, സാരി ബ്ലൗസുകൾ, വധുവിന്റെ തോഴിമാർക്ക് അണിയാനുള്ള വസ്ത്രങ്ങൾ, ആദ്യ കുർബ്ബാന വസ്ത്രങ്ങൾ, മാമ്മോദീസ വസ്ത്രങ്ങൾ തുടങ്ങി ആഘോഷ വേളകളിൽ തിളങ്ങാനുള്ള വസ്ത്രങ്ങളാണ്.

കേരളത്തിലേക്ക്

ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയുള്ള അർത്ഥം വരുന്ന സംസ്കൃത വാക്കാണിത്.

മൂന്നു വർഷം കൊണ്ടു ജനപ്രീതി നേടിയെടുക്കുവാൻ സൗസികക്ക് കഴിഞ്ഞത് ഡിസൈനിംഗിലെ വൈവിധ്യം തന്നെയാണ്. ഇതിനുള്ള ക്രെഡിറ്റ് പൂർണമായും നൽകേണ്ടത് അതിനു പിന്നിൽ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡിസൈനർ കൂടിയായ കമലിനും.


ബാംഗ്ലൂരിലാണ് ആദ്യത്തെ ഷോറൂം തുറന്നത്. രണ്ടാമത്തേത് ഷാർജയിലും. ഓഗസ്റ്റിലാണ് ജന്മനാടായ കേരളത്തലെ ആദ്യത്തെ ബ്രൈഡൽ സ്റ്റോർ പനമ്പള്ളി നഗറിൽ ആരംഭിക്കുന്നത്. അടുത്തു തന്നെ കോയമ്പത്തൂരും ഹൈദരാബാദും സ്റ്റോറുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്.
ഇന്ത്യ ബീച്ച് ഫാഷൻ വീക്കിൽ സമ്മർ ഡൈവ് 2016 ൽ ഹെഡ് ഫുൾ ഒഫ് ഡ്രീംസ് എന്ന കളക്ഷനുമായി പങ്കെടുത്തതോടെ അന്താരാഷ്ര്‌ട തലത്തിലേക്ക് സൗസിക എന്ന ബ്രാൻഡ് നെയിം ഉയർന്നിരിക്കുകയാണ്. ബാഗ്ലൂർ ഫാഷൻ വീക്കിൽ സൗസിക മൂന്നു തവണ പങ്കെടുത്തു. ഇന്ദിര നഗർ ക്ലബ്, എൻഎആർ ഇന്ത്യ കോൺഫറൻസ്, ഇൻഡിഗോ ഗോൾഫ് ലിങ്ക് തുടങ്ങിയ നിരവധി ഷോ കളിലും ഇവർ പങ്കെടുത്തിരുന്നു.



ഡൽഹി, മുംബൈ, ഗോവ, മാംഗളൂർ എന്നിവിടങ്ങളിൽ ബെല്ലാഗിയോ കാസിനോയുടെ ലോഞ്ചിംഗിന്റെ ഭാഗമായി സ്പ്രിംഗ് സമ്മർ കളക്ഷൻ 2016 എന്ന ഷോയും സംഘടിപ്പിച്ചിരുന്നു.

ബാംഗ്ലൂരിലാണ് കമലിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും എല്ലാ സ്റ്റോറുകളിലെയും ഡിസൈനിംഗ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് കമൽ തന്നെയാണ്. കൊച്ചിയിലെ സ്റ്റോർ ആരംഭിച്ചതെയുള്ളു എങ്കിലും നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് കമൽ പറയുന്നു.

ആപ്പിനായുള്ള തയാറെടുപ്പിൽ

സൗസിക ബ്രൈഡൽ സ്റ്റോറിനു ലഭിക്കുന്ന സ്വീകാര്യത മനസിലാക്കി ഡിസൈൻ യുവർ ഡ്രസ് എന്ന പേരിൽ ഒരു വെബ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ് കമൽ.
സ്റ്റൈൽടാഗ്, എക്സ്ക്ലൂസിലി ഡോട്ട് ഇൻ, ഗിൾസ്ട്രീറ്റ് തുടങ്ങിയ ഓൺ ലൈൻ മൾട്ടി ഡിസൈനർ സ്റ്റോറുകളുമായും ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ളിപ്കാർട്ട്, പേടിഎം, റെഡിഫ്, ലൈംറോഡ് തുടങ്ങിയവയുമായും സൗസിക സഹകരിക്കുന്നുണ്ട്.

പാർവതി നായർ, ഹരിപ്രിയ, നേഹ ഷെട്ടി, സഞ്ജന ഗൽറാണി, ശിൽപ ബി. മഞ്ജുനാഥ്, കാർത്തിക നായർ, തുളസി നായർ, നേഹ സക്സേണ എന്നിവർക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയിട്ടുമുണ്ട് കമൽ.

ഉപഭോക്‌താവിന്റെ താൽപര്യത്തെ മുൻ നിർത്തിയാണ് ഒരോ ഡിസൈനുകളും ചെയ്തു നൽകുന്നത്. ഒരിക്കലെങ്കിലും സ്റ്റോർ സന്ദർശിച്ചവർക്ക് പേരു പോലെ തന്നെ പുതുമയുള്ള അനുഭവമായി സൗസികയുടെ ഡിസൈനുകളും മാറും എന്നതാണ് സൗസികയെയും കമലിനെയും വ്യത്യസ്തമാക്കുന്നത്.