പിരിയില്ലൊരിക്കലും...
Wednesday, October 12, 2016 4:41 AM IST
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ കൈപിടിച്ചോടുന്ന സ്കൂൾ കുട്ടികളുടെ വേഷമായിരുന്നു ഇരുവരുടേതും. ഡിംപിൾ റോസും മേഘ്ന വിൻസെന്റും. വളർന്നപ്പോഴും ചേർത്തുപിടിച്ച ആ കൈകൾ അഴിയരുതേയെന്ന് അവർ ആത്മാർഥമായി ആഗ്രഹിച്ചു. അതിനുള്ള പോംവഴി ഡിംപിൾ തന്നെ കണ്ടെത്തി. മേഘ്നയെ തന്റെ ചേട്ടന്റെ വധുവാക്കുക. ആ സൗഹൃദം ഇന്നും തുടരുകയാണ്. മിനി സ്ക്രീനിലെ അപൂർവസൗഹൃദത്തിന്റെ കഥ പറയുകയാണ് സീരിയൽ അഭിനേത്രികളായ ഡിംപിളും മേഘ്നയും... തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം എറണാകുളം ദർബാർഹാൾ മൈതാനിയിലെ സിമന്റു ബെഞ്ചിലിരുന്ന് അവർ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചു... ഒപ്പം പ്രതിശ്രുത വരൻ ഡോണുമുണ്ടായിരുന്നു. ആ വിശേഷങ്ങളിലേക്ക്...

ബാല്യകാല സഖികളുടെ ആദ്യകഥ പറഞ്ഞു തുടങ്ങിയത് മേഘ്നയാണ്.

മേഘ്ന : ഞങ്ങൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൃഷ്ണപക്ഷക്കിളി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. സ്കൂൾകുട്ടികളുടെ വേഷത്തിൽ കൈപിടിച്ച് ഓടുന്ന ഒരു രംഗമായിരുന്നു ആദ്യ സീൻ. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്.

(ബാക്കി ഞാൻ പറയാം എന്ന മട്ടിൽ ഡിംപിൾ ഇടയ്ക്കു കയറി)

ഡിംപിൾ : അന്ന് മൂവിക്കുശേഷം പിന്നെ ഞങ്ങൾ കാണുന്നത് കൈരളിയിലെ താരോൽസവം എന്ന റിയാലിറ്റി ഷോയിൽവെച്ചാണ്. സെലിബ്രിറ്റിസിനെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുളള ഒരു ഷോ ആയിരുന്നു അത്. അവിടെ വച്ചാണ് ഞങ്ങൾ ഇത്രയും ക്ലോസ് ആയത്. ഞാനും മേഘ്നയും ഒരേ കാറ്റഗറി സ്വഭാവമുള്ളവരാണ്. വല്യ ബഹളങ്ങൾ ഒന്നും ഇല്ല. വളരെ സൈലന്റ് ആയിരുന്നു രണ്ടുപേരും. അതു തന്നെയാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. പക്ഷേ ഫാമിലിയിൽ ഞങ്ങൾ വളരെ ആക്ടിവാണ്.

മേഘ്ന : ഞങ്ങളെക്കാൾ കൂടുതൽ കൂട്ട് ഞങ്ങളുടെ അമ്മമാരാണ്. അവര് എപ്പോഴും കണക്ട് ആണ്. മിക്കപ്പോഴും വിളിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചിലപ്പോഴൊക്കെ രണ്ട് വീട്ടിലേക്കും വിസിറ്റിംഗിന് പോവാറുണ്ട്.



സൗഹൃദം വിവാഹത്തിലേക്ക്

ഡിംപിൾ : എന്റെ അമ്മാമ്മയ്ക്ക് വല്യ ആഗ്രഹമായിരുന്നു. അമ്മാമ്മ മരിക്കുന്നതിനു മുൻപ് എന്റെയും ചേട്ടന്റെയും കല്യാണം കാണണമെന്ന്. അങ്ങനെ എനിക്കും ചേട്ടനും വേണ്ടി കല്യാണ ആലോചനകൾ തുടങ്ങി. അതിനുമുൻപ് ഞാൻ താരോൽസവത്തിന്റെ സമയത്തുതന്നെ എനിക്ക് മേഘ്നയെ ഇഷ്ടമായിരുന്നു. എന്റെ മമ്മിയോട് ചേട്ടനു വേണ്ടി നമുക്ക് മേഘ്നയെ ആലോചിച്ചാലോ എന്ന് ഞാൻ പറയുകയും ചെയ്തു. അന്ന് പക്ഷേ ചേട്ടനും മേഘ്നയ്ക്കും കല്യാണം കഴിക്കാൻ പ്രായമായിട്ടോന്നുമില്ല. അതുകൊണ്ട് അതത്ര സീരിയസായി കണ്ടില്ല. പിന്നീട് അമ്മാമ്മയുടെ ആഗ്രഹപ്രകാരം കല്യാണം ആലോചിച്ച് തുടങ്ങിയപ്പോൾ ഞാൻ വീണ്ടും മേഘ്നയുടെ കാര്യം എടുത്തിട്ടു. അന്ന് മേഘ്ന ചന്ദനമഴയിൽ അഭിനയിച്ച് തുടങ്ങിയതെയുള്ളൂ. അതിൽ എഗ്രിമെന്റ് ഉണ്ടായതുകൊണ്ട് അന്ന് അത് നടക്കാതെ പോയി. അടുത്തതിനെക്കുറിച്ച് ആലോചിക്കാം എന്ന മട്ടിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് അമ്മാമ്മ മരിച്ചത്. അങ്ങനെ ഞങ്ങൾ കല്യാണ്യാലോചന ഉപേക്ഷിച്ചു. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ആലോചിക്കുന്നത്. ഈ സമയത്ത് മേഘ്നയ്ക്കും കല്യാണം ആലോചിച്ച് തുടങ്ങിയിരുന്നു. മേഘ്നയ്ക്ക് കല്യാണം ആലോചിക്കുന്ന സമയത്ത് ആദ്യം ഡോണി(എന്റെ ചേട്ടൻ)ന്റെ കാര്യം ആലോചിക്കുമെന്ന് മേഘ്നയുടെ മമ്മി നേരത്തെ പറഞ്ഞിരുന്നു. ഒരു ദിവസം ചേട്ടൻ പെണ്ണു കാണാൻ പോയിവന്നിട്ട് മേഘനയുടെ മമ്മി എന്റെ മമ്മിയെ വിളിച്ച് കാര്യങ്ങൾ തിരക്കുന്ന സമയത്ത് ഞങ്ങൾക്ക് തോന്നി ഇനി വേറൊന്നും ആലോചിക്കണ്ട മേഘ്ന തന്നെ മതിയെന്ന്. ചേട്ടന് വരാൻ പോകുന്ന കുട്ടിയെക്കുറിച്ച് എനിക്കായിരുന്നു കൂടുതൽ സങ്കല്പങ്ങൾ. ചേട്ടൻ ഒരു സഹോദരൻ എന്നതിനെക്കാൾ നല്ല ഫ്രണ്ട് ആണ്.

അതുകൊണ്ട് ഞങ്ങളുമായി ഒത്തുപോകുന്ന ഒരു പെൺകുട്ടിയെ തന്നെയാണ് ഞങ്ങൾക്ക് കിട്ടിയത്.

മേഘ്ന : ഇവരുടെ ഫ്രണ്ട്ഷിപ്പ് കണ്ടിട്ട് ഞാൻ പണ്ടു പറഞ്ഞിട്ടുണ്ട് എനിക്കും ഇതുപോലെ ഒരു ചേട്ടൻ വേണമെന്ന്. നമ്മളെ ശരിക്കും കൊതിപ്പിക്കും ഇവരുടെ റിലേഷൻഷിപ്പ്. ഡിംപിളിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ചേട്ടനാണ്. വളരെ കെയറിംറും സപ്പോർട്ടിങുമാണ്.

ഒഫീഷ്യൽ പെണ്ണുകാണൽ

ഡിംപിൾ : താരോൽസവം ചെയ്യുന്ന സമയത്ത് മേഘ്നയെ ചേട്ടൻ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുണ്ട്. വീട്ടിൽ എല്ലാം ഉറപ്പിച്ച് കഴിഞ്ഞാണ് ചേട്ടനോട് മേഘനയുടെ കാര്യം പറയുന്നത്. ചേട്ടനും അപ്പോൾ കുഴപ്പം ഒന്നും പറഞ്ഞില്ല.

മേഘ്ന : അന്ന് കണ്ടിരുന്ന സമയത്ത് ജസ്റ്റ് ഹായ് ബൈ ബന്ധമെ ഡോൺ ചേട്ടനുമായി ഉണ്ടായിരുന്നുള്ളു. ഞാനും ഡിംപിളും ഒരേ ഫീൽഡിൽ ആയതുകൊണ്ട് ഇത് പ്രേമവിവാഹം ആണെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.

ഡിംപിൾ : അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ ഞങ്ങൾ നാലുപേരുമാത്രമാണ് ആദ്യം മേഘ്നയെ കാണാൻ പോകുന്നത്. ശരിക്കും അത് പെണ്ണുകാണൽ ചടങ്ങിനെക്കാൾ ഉപരി ഒരു ഫാമിലി ഗെറ്റ് ടുഗതർ ആയിരുന്നു. മേഘ്നയുടെ വീട്ടിലും അവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒഫീഷ്യൽ പെണ്ണുകാണൽ ഫെബ്രുവരി 14 ന് വാലന്റൈൻസ്ഡേക്കായിരുന്നു. അന്ന് രണ്ട് ഫാമിലിയിൽ നിന്നും എല്ലാ ബന്ധുക്കളും ഉണ്ടായിരുന്നു. എല്ലാവരും റെഡ് കളർ ഡ്രെസ്സ് കോഡിൽ ആയിരുന്നു എത്തിയത്. എല്ലാ ഫംഗ്ഷനുകളും ഞങ്ങൾ ആഘോഷിക്കാറുണ്ട്. അതു പോലെ തന്നെയായിരുന്നു ഇതും.

മേഘ്ന : ഭയങ്കര കളർഫുൾ ആയ ദിവസമായിരുന്നു അത്. ഞാൻ ശരിക്കും എക്സൈറ്റഡ് ആയിപ്പോയി. ഇവർ വന്നപ്പോ ഒരുപാട് ഗിഫ്റ്റോക്കെയായിട്ടാണ് വന്നത്. അതിന്റെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ എൻഗേജ്മെന്റ് എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. അന്ന് വീട്ടുകാർ തമ്മിൽ പറഞ്ഞ് ഉറപ്പിക്കുക മാത്രമാണ് നടന്നത്.

മനസ്സമ്മതം കഴിഞ്ഞു കല്യാണം ജനുവരിയിൽ

മേഘ്ന : ഏപ്രിൽ പത്തിനായിരുന്നു മനസമ്മതം. കല്യാണത്തിന് കുറെയധികം സമയം ഉള്ളതുകൊണ്ട് കുറച്ച് ഗ്രാന്റായിട്ടാണ് ഞങ്ങൾ എൻഗേജ്മെന്റ് നടത്തിയത്. ആദ്യം ഇതുപോലെ സോഷ്യൽ മീഡിയയിൽ കല്യാണം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ പരന്നിരുന്നു. പലരും കല്യാണം കഴിഞ്ഞു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. ജനുവരിയിൽ ആണെന്നാണ് എനിക്കു അവരോട് പറയാൻ ഉള്ളത്.



ഡിംപിൾ : ഒരു പെർഫക്ട് പ്ലാനർ

മേഘ്ന : എൻഗേജ്മെന്റ് ഫംഗ്ഷൻ മുഴുവനും അറേഞ്ച് ചെയ്തത് ഡിംപിൾ ആണ്. അക്കാര്യത്തിൽ ഞാൻ ഡിംപിളിനെ സമ്മതിച്ചു. കാരണം അത്ര മനോഹരമായിരുന്നു ആ ഫംഗ്ഷൻ. ശരിക്കും എനിക്ക് ഒരു വലിയ സർപ്രൈസ് തന്നെയായിരുന്നു. എല്ലാ കാര്യങ്ങളും ഡിംപിളിന്റെ പ്ലാൻ അനുസരിച്ച്. എന്റെ ഡ്രസ്സ് ഡിസൈൻ ചെയ്തതും ഡിംപിളാണ്. എൻഗേജ്മെന്റിന് ചട്ടയും മുണ്ടുമാണ് എന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല, അന്ന് രാവിലെയാണ് ഞാൻ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തുന്നത്. അതുവരെ ഞാൻ ഇടാൻ പോകുന്ന ഡ്രസ്സിന്റെ ഒരു ഫോട്ടോ പോലും കിട്ടിയില്ല. എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു.അത് എന്തായാലും തെറ്റിയില്ല. മൊത്തത്തതിൽ ന്യൂജനറേഷൻ ചട്ടയും മുണ്ടുമാണ്. ക്ലിക്കാവുകയും ചെയ്തു.

ഡിംപിൾ : ഡിസൈനിംഗ് എനിക്ക് വളരെ താൽപര്യമുളള കാര്യമാണ്. അതുകൊണ്ട് മേഘ്നയും ചേട്ടനും ഇടുന്ന ഡ്രസ് എന്റെ സ്വപ്നമായിരുന്നു. പരീക്ഷണം എന്തായാലും സക്സസ് ആയല്ലോ ? പിന്നീട് പലരും ഡിസൈൻ ചെയ്തുതരാമോ എന്ന് ചോദിച്ചിരുന്നു. മാനേജ്മെന്റ് കമ്പനികൾ നമ്മുടെ ഫംഗ്ഷന്റെ അറേഞ്ച്മെന്റ്സിനെക്കുറിച്ച് ചോദിച്ചിരുന്നു.


മേഘ്ന : ഈശ്വരാ പരീക്ഷണം ചീറ്റിപ്പോയിരുന്നെങ്കിൽ... പക്ഷേ ഇവൾ നല്ല ഐഡിയ ഒക്കെ ഉള്ള കൂട്ടത്തിലാണ്. വെഡിംഗ് റിംഗ് ബോക്സും ഒറിജിനൽ തടിയിൽ പണിയിപ്പിച്ചതാണ്. പിന്നെ ഉടമ്പടി എഴുതി ഉണ്ടാക്കിയത് ചാക്കിലാണ്. നാത്തൂൻ ആക്കാൻ പോകുന്നത് കൊണ്ട് പുകഴ്ത്തുന്നതല്ല ശരിക്കും വളരെ ക്രിയേറ്റീവാണ്.


അമൃതയ്ക്ക് ആരാധകർ ഏറെ

മേഘ്ന : പുറത്തുപോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. എല്ലാവരും അമൃത എന്നാണ് വിളിക്കുന്നത്. പലർക്കും എന്റെ ശരിക്കുമുളള പേര് പോലുമറിയില്ല. അമൃത എന്നുള്ള വിളി ഞാൻ ആസ്വദിക്കാറുണ്ട്. അവരുടെ സ്നേഹം കാണുമ്പോൾ ശരിക്കും മനസു നിറയും. അവരിൽ ഒരാളായിട്ടാണ് എന്നെ കാണുന്നത്. ഓടിവന്ന് സംസാരിക്കും. വിശേഷങ്ങൾ ചോദിക്കും. മോൾക്ക് വേണ്ടി പ്രാർഥിക്കാം എന്നൊക്കെ പറയും. അവരുടെയൊക്കെ പ്രാർഥനയും അനുഗ്രഹവുമാണ് എന്നെ ഇവിടെ വരെ എത്തിച്ചതും. ഇത്രയും നല്ലൊരു ഫാമിലിയെ കിട്ടിയതും.

നല്ല കഥയാണേൽ സിനിമയിലേക്കും

മേഘ്ന : സിനിമയിലേക്ക് ക്ഷണം ഒരുപാട് വരുന്നുണ്ട്. പക്ഷേ ഇപ്പോ ഞാൻ സീരിയലിൽ മാത്രമേ കോൺസൺട്രേറ്റ് ചെയ്യുന്നുളളു. കൂടാതെ എം. ബി. എ പഠിക്കുന്നുണ്ട്. ഇനി നല്ല കഥ വരികയാണെങ്കിൽ തീർച്ചയായും സിനിമയിൽ ഒരു കൈ നോക്കും.

ഡിംപിൾ : ഞാനിപ്പോൾ ഏഷ്യാനെറ്റിലെ പ്രോഗ്രാംസ് മാത്രമെ ചെയ്യുന്നുളളു. മറ്റൊന്നിലും കമ്മിറ്റഡ് ആയിട്ടില്ല.

അമൃതയെപ്പോലെയല്ല

മേഘ്ന : അമൃത ഒരു ഐഡിയൽ മരുമകൾ ആണ്. ഞാൻ എന്തായാലും അമൃതയുടെ അത്രയും പെർഫക്ട് അല്ല.

ഡിംപിളൊരു പാചകറാണി

മേഘ്ന : പാചകറാണി ഡിംപിൾ ആണ്. കൈരളിയിലെ കുക്കറിഷോയിലെ വിന്നർ ആയിരുന്നു ഇവൾ. ഞാൻ അത്യാവശ്യം കറിയൊക്കെ ഉണ്ടാക്കും. അല്ലാതെ വല്യ പാചക പരീക്ഷണങ്ങൾ ചെയ്യാറില്ല. ഡിംപിൾ പല വെറൈറ്റീസ് കേക്ക്, പുഡിംഗ്, ചൈനീസ് ഐറ്റംസ് ഒക്കെ ഉണ്ടാക്കും.

ഡിംപിൾ : മേഘ്ന അത്യാവശ്യം കുക്ക്ചെയ്യുന്നയാളാണ്. വീട്ടിൽ ചെല്ലുമ്പോൾ നമ്മൾ ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ആയതുകൊണ്ടാണല്ലോ കല്യാണം ആലോചിച്ചത്. (ഡിംപിൾ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിട്ട് ഉണ്ടാക്കുമായിരുന്നു എന്ന് മേഘ്ന )

ഡോൺ എന്ന സുന്ദരൻ

മേഘ്ന : പണ്ടുകാലത്തെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട് അമ്മയെയും പെങ്ങളെയും നന്നായിട്ട് നോക്കുന്നയാൾ ഭാര്യയെയും പൊന്നുപോലെ നോക്കുമെന്ന്. ഡോൺ ചേട്ടൻ ദുബായിൽ ബിസിനസ് ചെയ്യുന്നയാളാണ്. ആ തിരക്കിനിടയിലും ഡിംപിളിനെയും അമ്മയെയും സ്നേഹിക്കുന്നതിലോ കെയർ ചെയ്യുന്നതിലോ ഒരു പിശുക്കും കാണിക്കാറില്ല. അതുതന്നെയാണ് എനിക്കും ഇഷ്ടമായത്. എന്നെ നന്നായിട്ട് മനസിലാക്കുന്നയാളാണ്. ഇതുവരെ ഒരൂ കാര്യത്തിനും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല.

ഇഷ്ടം മോഡേൺ വേഷങ്ങൾ

മേഘ്ന : എല്ലാത്തരം വേഷങ്ങളും ഇഷ്ടമാണെങ്കിലും മോഡേൺ വേഷങ്ങൾ ആണ് കൂടുതൽ ധരിക്കാറ്. സാരി സീരിയലിൽ മാത്രമേ ഉടുക്കു. ഡോൺ ചേട്ടനും മോഡേൺ ഡ്രസ് ധരിക്കുന്നതാണ് കൂടുതൽ ഇഷ്ടം. നമ്മൾ പോകുമ്പോൾ ആൾക്കാർ നമ്മളെ ശ്രദ്ധിക്കണം. എന്നുവച്ച് വൾഗറായുള്ള ഡ്രസിംഗ് അല്ല. നല്ല ഭംഗിയുള്ള ഡ്രസുകളായാൽ എല്ലാവരും നോക്കുമല്ലോ.

ചേട്ടനും അനുജത്തിയും തന്ന പണി

മേഘ്ന : അത് ശരിക്കും ഒരു പണി തന്നെയായിരുന്നു. ഞാൻ ജീവിതത്തിൽ ഒരിക്കലും അത് മറക്കില്ല. ഒരു ഗിഫ്റ്റ് കൊടുക്കാൻ പോയതാണ് ഞാൻ. കിട്ടിയതോ നല്ല ഉഗ്രൻ പണി. അത് ഡിംപിൾ പറയുന്നതാണ് നല്ലത,് എന്നാലെ കേൾക്കാൻ ഒരു സുഖമുളളു.



(അന്നു കിട്ടിയ പണിയുടെ ചമ്മൽ മാറാതെ മേഘ്ന കേട്ടുകൊണ്ടിരുന്നു)

ഡിംപിൾ : മേഘ്നയ്ക്ക് ട്രീറ്റ് കൊടുക്കുന്ന പരിപാടി അൽപം കൂടുതലാണ്. നിസാരകാര്യത്തിനു പോലും ആരു പറഞ്ഞാലും ട്രീറ്റ് ചെയ്യും. അങ്ങനെയാണ് ഞങ്ങളൊരു പണികൊടുത്തത്. ഞാനും ചേട്ടനും കൂട്ടുകാരും പറ്റിക്കൽ പരിപാടി ആസൂത്രണം ചെയ്തു. എന്നിട്ട് മേഘ്നയെ വിളിച്ചു വരുത്തി. കസിൻസ് വരാറാകുന്നതെ ഉളളു. എന്റെ ഫ്രണ്ട് പൂജിതയുടെ ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ട്. നമുക്ക് അവിടെ വരെ ഒന്ന് പോകാമെന്ന് പറഞ്ഞ് ഞാൻ മേഘ്നയെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയി. അവിടെ സംസാരിച്ചിരുന്ന സമയത്ത് കാമറാമാൻ വന്ന് മേഘ്നയോടു ചോദിച്ചു. ഒന്നു പോസ് ചെയ്യാമോ എന്ന്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു. മേഘ്നയുടെ ഫോട്ടോഷൂട്ട് നടക്കുമ്പോൾ പൂജിത പെട്ടെന്ന് ദേഷ്യപ്പെട്ടു. എന്നെ വിളിച്ച് വരുത്തിയിട്ട് ഇവളുടെ ഫോട്ടോ എടുക്കുന്നോ എന്നൊക്കെ ചോദിച്ചു.

മേഘ്ന : ബാക്കി ഞാൻ പറയാം. കാരണം അനുഭവിച്ചത് ഞാനാണല്ലോ. പൂജിത ദേഷ്യപ്പെട്ട് തുടങ്ങിയതും സീൻ കോൺട്രയായി. അപ്പോഴേക്കും ഡയറക്ടർ ദേ വന്നു. മേഘ്ന പൂജിതയെക്കാൾ കൂടുതൽ ഫെമിലിയർ ആയതുകൊണ്ടാണ് ഫോട്ടോ എടുത്തത് എന്ന് കേട്ടതോടെ പൂജിത വീണ്ടും ദേഷ്യപ്പെട്ടു. എല്ലാ ദേഷ്യവും പൂജിത എന്റെ നേരെയാണ് കാണിക്കുന്നത്. ഇതൊക്കെ കണ്ടപ്പോൾ ഞാൻ ശരിക്കും വല്ലാതായി. എനിക്ക് എത്രയും പെട്ടന്ന് അവിടെ നിന്നു പോകാൻ തോന്നി. ഞാൻ ഡിംപിളിനോട് പറഞ്ഞു നമുക്ക് പോകാം, ഇനി ഇവിടെ നിന്നാൽ ശരിയാവില്ലായെന്ന്. ഡോൺ ചേട്ടൻ ആണെങ്കിൽ ഫോണും എടുക്കുന്നില്ല. ഞാൻ ഡിംപിളിനെ വിളിച്ചിട്ട് പോകാനിറങ്ങിയപ്പോൾ ദേ ഡിംപിൾ പറയുന്നു, ചേട്ടൻ ഇല്ലാതെ ഞാൻ എങ്ങോട്ടും ഇല്ലെന്ന്. ആ സമയത്ത് എനിക്ക് വന്ന ദേഷ്യവും സങ്കടവും ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ എന്താണെങ്കിലും പോവാ ഡിംപിൾ വരുന്നെങ്കിൽ വാ എന്നു പറഞ്ഞ് ഞാൻ ഇറങ്ങി. അപ്പോഴേക്കും ചേട്ടനും വന്നു. എന്നിട്ട് ഫോട്ടോ ഉപയോഗിക്കരുതെന്ന് പറയാനുളള തീരുമാനത്തിൽ എത്തി. അങ്ങനെ ഞാൻ വീണ്ടും ആ റൂമിലേക്ക് കയറിച്ചെന്നു. എന്നിട്ട് ഡയറക്ടറോട് പറഞ്ഞു സാർ എന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന്. അത് കേട്ടതും ഡയറക്ടർ ചൂടായി. ഞാനാണ് ആരുടെ ഫോട്ടോ വേണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നേ. മേഘ്നയ്ക്ക് എന്താണ് പ്രശ്നം. പൂജിതയോട് പോകാൻ പറ. ഇതു കേട്ടതും പൂജിതയും ഡയറക്ടറും തമ്മിൽ അടിയായി. രംഗം ഒന്ന് തണുപ്പിക്കാൻ വേണ്ടി പൂജിതയോട് ഞാൻ മാപ്പു പറയാം എന്ന് പറഞ്ഞു. നീയാരാ എന്നോട് മാപ്പു പറയാൻ എന്ന രീതിയിൽ പൂജിത വീണ്ടും എന്നോട് ദേഷ്യപ്പെട്ടു. ഞാൻ ഏതാണ്ടു കരയുന്ന അവസ്‌ഥയിലായി. ഞാൻ പെട്ടന്ന് ഡിംപിളിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഡിംപിൾ വേഗം മുഖം തിരിച്ചു. ഡിംപിൾ ചിരിക്കുന്ന പോലെ തോന്നി. പിന്നെ ഞാൻ ആലോചിച്ചപ്പോൾ ഓരോന്നായി എന്റെ മനസിലേക്ക് വന്നു. ഒരു ഫോട്ടോയുടെ കാര്യം പറഞ്ഞ് ഇവർ എന്തിനാണ് ഇങ്ങനെ വഴക്കുണ്ടാക്കുന്നത്. ഡോൺ ചേട്ടനെ പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. എത്ര തിരക്കിലാണെങ്കിലും ചേട്ടൻ ഫോൺ എടുക്കുന്നതാണ്. പിന്നെ കാമറകൾ എല്ലാം റോളിലാണ്. ഇത്രയുമൊക്കെ ആയപ്പോഴേക്കും എനിക്ക് കാര്യം മനസിലായി. ഞാൻ ഡിംപിളിനോട് ചോദിച്ച് ഇത് വല്ല ഗുലുമാൽ പ്രോഗ്രാമാണോന്ന്. അപ്പോ എല്ലാവരും ചിരിക്കാൻ തുടങ്ങി. അന്ന് കിട്ടിയ പണിയുടെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല.

മായാവതി കെ.ബി.