ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
Sunday, September 25, 2016 3:10 AM IST
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് വളർന്നിരിക്കുകയാണ് തളിപ്പറമ്പ് സ്വദേശി ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും, കാനാട്ട് ഒറിജിൽസും. കേരളത്തിലെ മണവാട്ടിമാരെ ഗൗണുകളുടെ ലോകത്തേക്ക് നയിച്ച് ഷൈനിംഗ് സ്റ്റാറായി വെട്ടിത്തിളങ്ങി വേറിട്ടുനിൽക്കുകയാണ് ഈ ഫാഷൻ ഡിസൈനർ.

തൃശൂരിൽ നിന്നും ബംഗളൂരുവിൽ താമസമുറപ്പിച്ച എലവത്തിങ്കൽ വാറുണ്ണി–ലിസി ദമ്പതികളുടെ മൂന്ന് മക്കളിലൊരാളായ ഷൈൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ സൂചിയുടേയും നൂലിന്റെയും ലോകത്തേക്ക് കടന്നിരുന്നു. തയ്യലിൽ അസാധാരണ മികവ് പ്രകടിപ്പിച്ച അമ്മയിൽ നിന്നും പകർന്നുകിട്ടിയ അറിവാണ് ബംഗളൂരുവിലെ പ്രശസ്തമായ മൗണ്ട് കാർമ്മൽ കോളജിൽനിന്ന് ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് ക്ലോത്തിംഗ് ബിരുദം നേടാൻ ഷൈനിന്് പ്രേരകമായത്.

1993 ൽ തളിപ്പറമ്പിലെ പ്രശസ്തമായ ലൂർദ്ദ് ആശുപത്രി ഉടമ ഡോ.കെ.ജെ.ദേവസ്യയുടെ മകൻ ഡോ.ജോസഫ് ബനവന്റെ ഭാര്യയായി എത്തിയതോടെയാണ് ചരിത്രം ഷൈനോടൊപ്പം നടന്നുതുടങ്ങിയത്. സ്ത്രീകൾ വെറുതെ വീട്ടിലിരിക്കരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഭർത്താവ് ഡോ.ബനവൻ. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററുടെ പദവി ഉൾപ്പെടെ വെച്ചുനീട്ടിയെങ്കിലും പഠിച്ച കാര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നായിരുന്നു ഷൈനിന്റെ താൽപര്യം. താരതമ്യേന ചെറിയ പട്ടണമായ തളിപ്പറമ്പിൽ ഇതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ചിന്തിക്കാതെ തന്നെ ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണം എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജൈത്രയാത്ര തുടരാൻ ഇവരെ പ്രാപ്തരാക്കിയിരിക്കുന്നു.

ആദ്യം മംഗലാപുരം മാർക്കറ്റിൽ നടത്തിയ ഇടപെടൽ വലിയ വിജയം കണ്ടില്ലെങ്കിലും എറണാകുളത്തെ വൻകിട വസ്ത്രവ്യാപാരികളുമായി ബന്ധപ്പെട്ടതോടെയാണ് മുന്നിലേക്കുള്ള മാർഗം തുറന്നുകിട്ടിയതെന്ന് ഷൈൻ ബനവൻ പറയുന്നു. കുട്ടികളുടെ ഉടുപ്പുകളിലായിരുന്നു തുടക്കം. ഷൈൻ രൂപകൽപ്പന ചെയ്ത വൈവിധ്യങ്ങളായ കുട്ടിയുടുപ്പുകൾ അതുവരെയുള്ള കുട്ടിയുടുപ്പുകളുടെ ചരിത്രം തന്നെ തിരുത്തിയെഴുതി.



സിനിമകളുടെ സ്വപ്നലോകത്ത് മാത്രം മലയാളി കണ്ട വെഡ്ഡിംഗ് ഗൗണുകൾ ഷൈൻ ബനവൻ ഇവിടെ യാഥാർത്ഥ്യമാക്കുകയായിരുന്നു. 2007 ൽ എറണാകുളത്തെ ഒരു വൻകിട വസ്ത്രവ്യാപാരിക്ക് വേണ്ടിയാണ് വിവാഹഗൗൺ ആദ്യമായി തയ്യാറാക്കിയത്. ക്രിസ്ത്യൻ വധുക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ആരംഭിച്ചതെങ്കിലും ഇന്ന് എല്ലാ വിഭാഗത്തിലും പെട്ടവരുടെ വിവാഹസൽകാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു വധു അണിയുന്ന ഷൈൻ ബനവന്റെ ഗൗണുകൾ. മുസ്ലിംകളുടെ മൈലാഞ്ചിയിടൽ വേളയിൽ അണിയുന്നത് ഷൈൻ നിർമ്മിച്ച ഗൗണുകളാണ്. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ ബ്രാന്റഡ് ഷോപ്പുകളിലും ഇന്ന് മണവാട്ടിമാർ അനശ്വര നിമിഷങ്ങളെ അവിസ്മരണീയമാക്കാൻ തേടിയെത്തിക്കൊണ്ടിരിക്കുന്നത് ഷൈൻ ബനവന്റെ ലോകോത്തര നിലവാരമുള്ള ഗൗണുകൾ തന്നെയാണ്.

സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാൻ ഏറ്റവും നല്ല അവസരങ്ങളാണ് തയ്യൽ രംഗത്തുള്ളതെന്ന് 23 വർഷത്തെ അനുഭവസമ്പത്തുകൊണ്ട് ഷൈൻ ബനവൻ പറയുന്നു. പക്ഷെ മലയാളി ഈ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും ഷൈനിന് അഭിപ്രായമുണ്ട്. മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിൽ ഫാക്ടറിയും പട്ടുവം, മരിയപുരം കോൺവെന്റുകളിൽ സബ് സെന്ററുകളും ഇപ്പോൾ കാനാട്ട് ക്രിയേഷൻസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.


സാരി ഡിസൈനിംഗ് മേഖലയിലും തന്റേതായ കരവിരുത് പ്രകടിപ്പിച്ച ഷൈൻ ബനവൻ ബെഡ്ഷീറ്റുകൾ, പില്ലോ കവറുകൾ എന്നിവയിലേക്കും കുട്ടിയുടുപ്പുകളുടെ നിർമ്മാണത്തിൽ കൂടുതലായും ശ്രദ്ധ പതിപ്പിക്കാനുള്ള ആലോചനയിലാണ്. സ്ത്രീകൂട്ടായ്മകളെ കൂടുതലായി ഉൾപ്പെടുത്തി അവരുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതികൾ ചെയ്യണമെന്ന ആഗ്രഹവും ഇവർ മറച്ചുവയ്ക്കുന്നില്ല. ആശുപത്രിത്തിരക്കുകൾക്കിടയിലാണെങ്കിലും ഭർത്താവ് ഡോ.ജോസഫ് ബനവൻ അത്യാവശ്യഘട്ടങ്ങളിൽ എല്ലാ സഹായങ്ങളും ചെയ്യാറുണ്ടെന്നും ഷൈൻ പറയുന്നു.

മെറ്റീരിയലുകൾ വിദേശത്തുനിന്ന്

ഗൗൺ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ നിർമ്മാണത്തിനുള്ള എല്ലാ മെറ്റീരിയലുകളുടെയും 85 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പുതിയ ഡിസൈൻ തുണികളും മറ്റ് നിർമാണ സാമഗ്രികളും തേടി ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ നേരിട്ടെത്തിയാണ് ഇവ ശേഖരിക്കുന്നത്. മൂന്ന് കോടിയോളം രൂപയാണ് കാനാട്ട് ക്രിയേഷൻസിന്റെ കഴിഞ്ഞ വർഷത്തെ ടേണോവർ.

ആവശ്യക്കാർക്ക് ഏത് തരത്തിലുള്ള വിവാഹസാരികളും ഗൗണുകളും ഇവിടെ തയ്യാറാക്കി നൽകുന്നുണ്ട്. 5000 മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന വെഡ്ഡിങ്ങ് ഗൗണുകളാണ് നിർമിക്കുന്നത്. സാരികളുടെ മിനിമം വില 25,000 രൂപയാണ്. മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നിഫ്റ്റ് കാമ്പസിൽ നിന്നും വസ്ത്രനിർമ്മാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുത്തൻ പ്രവണതകളെക്കുറിച്ച് കണ്ടറിഞ്ഞ് കാര്യക്ഷമമായി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടെന്ന് ഷൈൻ വ്യക്‌തമാക്കി. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നീളുന്ന ഫാക്ടറിയിലെ തിരക്കിനിടയിലും എറണാകുളം, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് സംബന്ധിച്ച യാത്രകൾക്കിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഷൈൻ സമയം കണ്ടെത്തുന്നുണ്ട്. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിഭാഗം കൺവീനറും, വൈഡബ്ല്യുസിഎ കണ്ണൂർ യൂണിറ്റ് പ്രസിഡന്റുമാണ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ലയൺസ് ക്ലബ്ബ് ഓഫ് കണ്ണൂർ, ബംഗളൂരു ഗാർഡൻ സിറ്റി കോളജ് എന്നിവ യുവസംരംഭകയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. അഥീന എസ്.ബനവൻ ഏക മകളാണ്.

സിൽവർ ജൂബിലിയോട് അടുത്തുകൊണ്ടിരിക്കുമ്പോൾ വിപണിയിൽ പുതിയമൽസരങ്ങൾ അനുദിനം രൂപപ്പെടുന്നുണ്ടെങ്കിലും ‘അൺപാരലൽ ക്രാഫ്റ്റ്സ്മ്രാൻഷിപ്പ്; എക്സപ്ഷണൽ ക്വാളിറ്റി‘ എന്ന മുദ്രാവാക്യം വെറും ടാഗ്ലൈൻ എന്നതിലുപരി ഒരു പ്രതിജ്‌ഞയായി മനസിലും ഉൽപ്പന്നത്തിലും പതിപ്പിക്കുന്നതിനാൽ ഈ രംഗത്ത് ഇപ്പോഴും തിളങ്ങിനിൽക്കുന്നത് ഷൈൻ ബനവൻ തന്നെയാണ്.

കരിമ്പം കെ.പി.രാജീവൻ