ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
Wednesday, October 7, 2015 2:15 AM IST
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും അതൊരു വിസ്മയവാർത്തയായിരുന്നു. ഇരുട്ടിനെ തോൽപ്പിച്ചാണ് ജിബി ആ നേട്ടത്തിലെത്തിയത്. ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു അത്.

തൃശൂർ ചിറ്റാട്ടുകരയിൽ പുലിക്കോട്ടിൽ ചിമ്മൻ വീട്ടിൽ ജോസിന്റെയും ബ്ലസിയുടെയും മകളായി ജനിച്ച ജിബിക്ക് രണ്ടു കണ്ണുകൾക്കും കാഴ്ചയില്ല. ഏഴാം ക്ലാസുവരെ കുന്നംകുളത്തെ ബ്ലൈൻഡ് സ്കൂളിലായിരുന്നു ജിബിയുടെ പഠനം. രാവിലെയും വൈകീട്ടും പിതാവ് ജോസ് മകൾക്കു വഴികാട്ടിയാവും. പഠിപ്പിച്ചിരുന്നത് കാഴ്ചയില്ലാത്ത എൽസി ടീച്ചറും.

കാഴ്ചയില്ലായ്മ ജിബി ഒരിക്കലും ഒരു കുറവായി കണക്കാക്കിയില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പ്ലാസ്റ്റിക് വയർകൊണ്ട് കുട നിർമിച്ച് സംസ്‌ഥാനതലത്തിൽ സമ്മാനംനേടി. മറ്റം ഫൊറോനയിൽ വേദോപദേശ ക്ലാസിലും കിട്ടി നിരവധി സമ്മാനങ്ങൾ. കുന്നംകുളത്തെ സ്കൂൾ അധികൃതർ നൽകിയ ബ്രെയിൽ ലിപിയിലുള്ള ബൈബിൾ അവളുടെ ആത്മവിശ്വാസത്തെ ഒരിക്കലും താഴാതെ നിർത്തി. ഹൃദയത്തോടു ചേർത്തുവച്ച വചനങ്ങൾ അവൾക്കെന്നും താങ്ങായി.


പഠനകാലത്തെല്ലാം ആങ്ങളയും കൂട്ടുകാരും യാത്രകൾക്ക് ഒപ്പം ചേർന്നു. ബസ്സുകാർ ഈ കുഞ്ഞുപെങ്ങളെ കയറാനും ഇറങ്ങാനും സഹായിച്ചു. തേഞ്ഞിപ്പലത്ത് യൂണിവേഴ്സിറ്റി ഓഫീസിലേക്കും പഠനയാത്രകൾക്കും കൂട്ടുകാർ കൈപിടിച്ചു. ചിറ്റാട്ടുകര പള്ളി ഗായകസംഘത്തിലെ മികച്ച ഗായികകൂടിയാണ് ജിബി.

പിതാവ് റിട്ടയേഡ് അധ്യാപകനാണ്. അമ്മ ബ്ലസി ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ അധ്യാപികയായി ജോലിചെയ്യുന്നു. സഹോദരൻ ജിൻസ് ബിഎഡ് ബിരുദധാരിയാണ്. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും പാസായ ജിബി ഇനിയൊരു ജോലിക്കായി കാത്തിരിക്കുകയാണ്. അവിടെയും ആത്മവിശ്വാസം ഈ പെൺകുട്ടിക്കു വെളിച്ചമാകുന്നു.

<യ> –ജോബ് സ്രായിൽ