കഞ്ഞിവെള്ളം ഉപയോഗിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാം; ചര്‍മത്തിന്റെ ആരോഗ്യത്തിന് കഞ്ഞിവെള്ളം
Wednesday, May 29, 2024 3:59 PM IST
കഞ്ഞിയും കഞ്ഞിവെള്ളവും കേരളീയര്‍ക്ക് സുപരിചിതം. കഞ്ഞിവെള്ളം പാകത്തിന് ഉപ്പിട്ട് കുടിക്കുന്ന ശീലം മലയാളികള്‍ക്കു സ്വന്തം. ഇങ്ങനെ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.
കഞ്ഞിവെള്ളം ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യവര്‍ധനവിനും ഉപയോഗ പ്രദമാണ് എന്നതാണ് വാസ്തവം. ചര്‍മ ആരോഗ്യത്തിനും സൗന്ദര്യ വര്‍ധനവിനും കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ചൊറിച്ചില്‍, ജലാംശം
കഞ്ഞിവെള്ളത്തിന് ചൊറിച്ചില്‍, നീര് തുടങ്ങിയവ പരിഹരിക്കാന്‍ സാധിക്കും. കഞ്ഞിവെള്ളത്തില്‍ ഫിനോളിക് ആസിഡുകള്‍, ഫ്ളേവനോയിഡുകള്‍ തുടങ്ങിയ സംയുക്തങ്ങള്‍ ഉണ്ട്.
ചൊറിച്ചില്‍ ശമിപ്പിക്കാനും ചൊറിഞ്ഞുണ്ടാകുന്ന ചുവപ്പ് നിറം കുറയ്ക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്. കഞ്ഞിവെള്ളത്തില്‍ ഇ, ബി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ചര്‍മത്തിന് ജലാംശം നല്‍കാനും പോഷിപ്പിക്കാനും കഞ്ഞിവെള്ളം സഹായകമാണ്.
ചര്‍മ തിളക്കം, മുഖക്കുരു
കഞ്ഞിവെള്ളത്തില്‍ ഉള്ള വിറ്റാമിനുകളും ധാതുക്കളും ചര്‍മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താന്‍ സഹായിക്കും. ചര്‍മത്തെ തിളക്കമാര്‍ന്നതും കൂടുതല്‍ ആകര്ഷണമുള്ളതുമാക്കാന് ഇതിലൂടെ സാധിക്കും.
കഞ്ഞി വെള്ളത്തിന് ആസ്ട്രിജന്റ് ഗുണങ്ങളുണ്ട്. ഇത് സുഷിരങ്ങള്‍ മുറുക്കാനും അധിക എണ്ണ ഉല്പാദനം കുറയ്ക്കാനും സഹായിക്കും. അങ്ങനെ മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കും.
കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫെറുലിക് ആസിഡ്, ഒറിസനോള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിന് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും.
കഞ്ഞിവെള്ളം പതിവായി പുരട്ടുന്നത് ഇരുണ്ട പാടുകളും ഹൈപ്പര്‍പിഗ്മെന്റേഷനും ഇല്ലാതാക്കും. കഞ്ഞിവെള്ളത്തില്‍ സ്വാഭാവിക എക്സ്ഫോളിയേറ്റിംഗ് എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് നിര്‍ജ്ജീവ ചര്‍മകോശങ്ങളെ നീക്കം ചെയ്യാനും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമാണ്.
മുറിവ്, സൂര്യതാപം
കഞ്ഞിവെള്ളത്തിലെ അന്നജം ചര്‍മത്തില്‍ സംരക്ഷണ കവചം ഉണ്ടാക്കുന്നു. ഇത് വീക്കം കുറയ്ക്കാനും മുറിവുകളും ചെറിയ ചര്‍മ അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സഹായിക്കും.
കഞ്ഞിവെള്ളത്തിന്റെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും സൂര്യതാപമേറ്റ ചര്‍മത്തിന് ഫലപ്രദമായ പ്രതിവിധിയാണ്.
സൂര്യതാപം ബാധിച്ച പ്രദേശങ്ങളില്‍ കഞ്ഞിവെള്ളം പുരട്ടുന്നത് രോഗശമനം പ്രോത്സാഹിപ്പിക്കുകയും വേദനയും വീക്കവും കുറയ്ക്കുകയും ചെയ്യും.