ഗ്ലോക്കോമ ചികിത്സ വൈകിയാൽ...
ഡോ. അഞ്ജു ഹരീഷ്
Tuesday, March 21, 2023 4:58 PM IST
ഇൻട്രാ ഓകുലാൽ പ്രഷർ(IOP) കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥയാണ് നോർമൽ ടെൻഷൻ ഗ്ലോക്കോമ. നേത്രനാഡിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതോ മൃദുവായ നേത്രനാഡിയോ കാരണമാകാം.
കൺജെനിറ്റൽ ഗ്ലോക്കോമ
ഇതുകൂടാതെ നവജാതശിശുക്കളിൽ കൺജെനിറ്റൽ ഗ്ലോക്കോമ ഉണ്ടാകാം.
ഓപ്പൺ ആംഗിൾ ഗ്ലോക്കോമ
ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്ക് ആരംഭത്തിൽ കാര്യമായ ലക്ഷണങ്ങൾ കാണില്ല. നേത്രനാഡിക്ക് തകരാർ ഉണ്ടാകുമ്പോൾ കാഴ്ചയുടെ പരിധിയിൽ ശൂന്യ മേഖലകൾ (scotomas) ഉണ്ടാകുന്നു. ഇത് തുടക്കത്തിൽ വശങ്ങളിലെ കാഴ്ചയെ മാത്രമേ ബാധിക്കൂ. അതുകൊണ്ട് രോഗിക്ക് കാഴ്ചക്കുറവ് അനുഭവപ്പെടാറില്ല.
എന്നാൽ രോഗം സങ്കീർണമാകുമ്പോൾ കാഴ്ചയുടെ പരിധി ചുരുങ്ങി ഒരു കുഴലിനുള്ളിലൂടെ കാണുന്ന അവസ്ഥയിലേക്ക് പോകുന്നു. ഈ സ്റ്റേജിനെ ടണൽ വിഷൻ എന്ന് പറയുന്നു. അപ്പോഴേക്ക് കാഴ്ച മങ്ങിത്തുടങ്ങും.
ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
കടുത്ത തലവേദന, കണ്ണുകഴപ്പ്, ചുവപ്പ്, ഓക്കാനവും ഛർദിയും ഉണ്ടായി കാഴ്ച മങ്ങുക എന്നിവയാണ് ലക്ഷണങ്ങൾ. ഐറിസ് മുന്നോട്ടു തള്ളിവന്ന് അക്വസ് ഹ്യൂമർ ദ്രാവകം ഡ്രെയിനേജ് ആംഗിളിലൂടെ പുറത്തേക്ക് ഒഴുകുന്നതിനെ തടയുന്നു. അങ്ങനെ കണ്ണിന് മർദം കൂടുകയും ചെയ്യുന്നു. ഈ അവസ്ഥ ഉടനെ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടേക്കാം.
ഗ്ലോക്കോമ സാധ്യത ആർക്കെല്ലാം
നവജാത ശിശുക്കളിൽ മുതൽ മുതിർന്നവരിൽ വരെ ആർക്കും ഗ്ലോക്കോമ ഉണ്ടാകാം.
എന്നാൽ സാധാരണയായി അപകടസാധ്യത ഉള്ളവർ:
1. 40 വയസ്സിനു മുകളിൽ പ്രായം
2. ഗ്ലോക്കോമ കുടുംബ പശ്ചാത്തലമായി ഉള്ളവർ (family history) (തുടരും)
വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്റ് ഓഫ്ത്താൽമോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം.