‘നായികയുടെ ദുഃഖ’ത്തിൽ വ്യാകുലപ്പെട്ട്..!
(ഡോ. ആശ ഉല്ലാസ്
Tuesday, February 28, 2023 3:10 PM IST
മരുന്നുകളും വ്യായാമങ്ങളും ആഹാരനിയന്ത്രണവും അണുവിട തെറ്റാതെ കൃത്യമായി പാലിക്കുന്നുണ്ട്. പക്ഷെ പ്രഷറും ഷുഗറും നിയന്ത്രണത്തിൽ വരുന്നുമില്ല. ഒരു വയോധികയുടെ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നത്തിന്റെ കാരണം ചികഞ്ഞപ്പോൾ കണ്ടെത്തിയതു ടിവി സീരിയൽ!
നായികയുടെ മാനസിക പിരിമുറുക്കങ്ങൾ തന്റേതുകൂടിയായി കരുതി, അതോർത്തു വ്യാകുലപ്പെട്ട് ഉറക്കംപോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ആ അമ്മ. ഇതുപോലെയുള്ള രോഗികൾ സമീപകാലത്തായി ഒരുപാടു പെരുകിയിട്ടുണ്ട്.
മലയാളി വീട്ടമ്മമാരുടെ പ്രാർഥനാസമയവും ആഹാരസമയവും ടെലിവിഷൻ കവർന്നെടുക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. വീട്ടിലെ ജോലികളൊക്ക കഴിയുമ്പോൾ ബോറടി മാറ്റാൻ ഒരു നേരമ്പോക്കെന്ന പേരിലാണ് പലരും ടിവിക്കു മുന്നിൽ വന്നിരിക്കുന്നത്. ക്രമേണ മദ്യംപോലെ അതൊരു ആസക്തിയായി മാറുന്നു. ഇനിയെന്തായിരിക്കും എന്ന ആകാംക്ഷ ജനിപ്പിച്ച് അവസാനം ഒരു എപ്പിസോഡ് പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയാകും.
ഒരുകാലത്ത് മാ പ്രസിദ്ധീകരണങ്ങളോടായിരുന്നു ഈ അടിമത്തം. ഇന്ന് ആ സ്ഥാനം സീരിയലുകൾ കൈയടക്കി. സീരിയൽ പ്രക്ഷേപണസമയത്തു വീട്ടിലെ അംഗങ്ങൾ വന്നാൽ അവർക്ക് ആഹാരം കൊടുക്കാനോ അതിഥികൾ വന്നാൽ മാന്യമായി സ്വീകരിക്കാനോ ഇത്തരക്കാർക്കു സാധിക്കുന്നില്ല. യുക്തിബോധമനസിനെ വൈകാരികമനസ് കീഴ്പ്പെടുത്തുന്ന കാഴ്ചയാണിത്.
വിനോദം എന്നതിലുപരി ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് സീരിയലുകൾ. അതുകൊണ്ടുതന്നെ നിലവാരമുള്ള സീരിയലുകളോട് നെറ്റി ചുളിക്കേണ്ട യാതൊരു അവശ്യകതയും ഇല്ല. മൂല്യചുതിയുള്ള, യാഥാർഥ്യവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത, അതിര് കടക്കുന്ന സീരിയലുകൾക്കും പരിപാടികൾക്കും മൂക്കുകയറിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ സീരിയലുകൾക്ക് അവാർഡ് നൽകാത്തതു വലിയരീതിയിൽ ചർച്ചയായിരുന്നു. നിലവാരമുള്ള കലാസൃഷ്ടി ഇല്ലാത്തതിനാലും സ്ത്രീവിരുദ്ധമായ സന്ദേശങ്ങൾ നൽകുന്നതിനാലുമാണു പുരസ്കാരം നല്കാത്തതെന്നാണു ജൂറി അഭിപ്രായപ്പെട്ടത്. ഇതിനെ പിന്തുണച്ചും വിമർശിച്ചും നിരവധിപ്പേർ രംഗത്തെത്തുകയുംചെയ്തു. ഈ സംഭവത്തോടെ സീരിയലുകളുടെ ഉള്ളടക്കം ഒന്നുകൂടി ചർച്ചചെയ്യപ്പെടാനിടയായി.
ബ്രേക്കിംഗ് ന്യൂസുകൾക്കും സെൻസേഷണൽ വാർത്തകൾക്കും പിറകെ പോകാതെ ബഹളങ്ങളൊന്നുമില്ലാതെ വാർത്തകളും പരിപാടികളും അവതരിപ്പിക്കുന്ന രീതിയാണ് അന്നും ഇന്നും ദൂരദർശന്റേത്. ആഴ്ചയിൽ ഒന്നുവീതമുള്ള ദൂരദർശൻ യുഗത്തിൽനിന്നു മെഗാസീരിയലുകളായി പരിണാമപ്പെട്ടത്, ചാനലുകളുടെ കടന്നുവരവോടെയാണ്.
മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ എല്ലാവരും പലവിധ മാനസികആരോഗ്യസ്ഥിതിയിലുള്ളവരാണ്. ഇവരിലേക്കെല്ലാം പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടിയുടെ ആശയങ്ങൾ എല്ലാവരിലും ഒരുപോലെ എത്തണം എന്നു പറയാൻ നമുക്കാവില്ല. എങ്കിലും ആരോഗ്യകരമായ കലാസ്വാദനത്തെയാണ് ചാനലുകൾ പ്രോത്സാഹിപ്പിക്കേണ്ടത്.
സിനിമയിലെപോലെ ചാനലുകളിലെ പരിപാടികൾക്ക് സെൻസർബോർഡും സർട്ടിഫിക്കേഷനും പ്രയോഗികമായ കാര്യം അല്ല. എങ്കിലും പ്രക്ഷേപണം ചെയ്യുന്നതിന് മുൻപ് പരിപാടി ചാനൽ എത്തിക്സ് കമ്മിറ്റി കണ്ടു വിലയിരുത്തുക എന്നതു ചിന്തിക്കാവുന്ന കാര്യംതന്നെയാണ്. ചാനലുകൾതന്നെ പരിപാടികൾക്ക് സ്വയം ഒരു മാനദണ്ഡം നിർണയിക്കുന്നതും നല്ലത്.
പരിപാടികൾ സമൂഹത്തിനു ഗുണകരമാകണം. അത് ചിന്തിക്കേണ്ട ബാധ്യത ചാനലിനാണ്. ചാനലുകൾ കൂടുമ്പോൾ മത്സരവും കൂടും. എന്നുകരുതി കാണുന്നവർ കണ്ടാൽ മതിയെന്നു പറഞ്ഞ്, എന്തും കാണിച്ച് ആളെ കൈയിലെടുക്കുന്നതു ശരിയല്ല, അതല്ല ചാനൽ റേറ്റിംഗ്.
(ഡോ. ആശ ഉല്ലാസ് ഫേസ്ബുക്കിൽ കുറിച്ചത്)