തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്
ഡോ. ഷർമദ് ഖാൻ BAMS, MD
Tuesday, February 21, 2023 4:04 PM IST
ജീവിതശൈലീരോഗമായ തൈറോയ്ഡ് രോഗം, പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിസം ഇല്ലാത്തവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്. തൈറോയ്ഡ് രോഗമുള്ളവർക്കുള്ള ഏക സമാധാനം മരുന്ന് മാത്രമാണെന്നാണ് പലരുടേയും ധാരണ.
എന്നാൽ മരുന്നെത്ര കഴിച്ചിട്ടും മരുന്നിന്റെ അളവ് കൂട്ടി കഴിക്കേണ്ടിവരുന്നതല്ലാതെ തൈറോയ്ഡ് രോഗങ്ങൾ പരിഹരിക്കപ്പെടുന്നില്ല. തൈറോയ്ഡ് രോഗത്തിലും ജീവിതശൈലിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കണം.
ഒഴിവാക്കേണ്ട ഭക്ഷണം
സോയാബീൻ, കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, മുള്ളങ്കി, മധുരക്കിഴങ്ങ്, നിലക്കടല, കോഫി, പാൽ, മദ്യം, പുകവലി, പഞ്ചസാര തുടങ്ങിയവ തൈറോയ്ഡ് രോഗികൾ ഒഴിവാക്കുകയാണ വേണ്ടത്.
ഉപയോഗിക്കാം
നേർപ്പിച്ച നാരങ്ങാവെള്ളം, ശരിയായ മലശോധന ലഭിക്കുന്ന വിധമുള്ള ഭക്ഷണം, ബ്ലൂബെറി, സ്ട്രോബെറി, ഗ്രേപ്സ്, കിവി, ഓറഞ്ച്, ഇഞ്ചി, ആപ്പിൾ, മഞ്ഞൾ, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.
മത്സ്യവും മറ്റ് കടൽ വിഭവങ്ങളുമാണ് തൈറോയ്ഡ് രോഗങ്ങളുള്ളവർക്ക് ഏറ്റവും നല്ലത്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽവിഭവങ്ങൾ കഴിക്കണം. കല്ലുപ്പ് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.
അയഡിൻ സന്പുഷ്ട ഭക്ഷണം
അയഡിൻ സമ്പുഷ്ടമായ മണ്ണിൽ വിളഞ്ഞ പച്ചക്കറികൾ, പഴം, ചിക്കൻ, മത്തി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ചെമ്മീൻ, ഞണ്ട്, കാരറ്റ്, അണ്ടിപ്പരിപ്പുകൾ, സ്ട്രോബറി, അരി, ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി തുടങ്ങിയവ അയഡിൻ സമ്പുഷ്ട ഭക്ഷണങ്ങളാണ്.
ചെറുനാരങ്ങാനീര്
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സുഖകരമാക്കാൻ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
പഞ്ചസാരയും കൃത്രിമ മധുരവും നിറങ്ങളും കൃത്രിമ രുചിയും ചേർത്ത ഭക്ഷണം, ഫാറ്റ് ഫ്രീ, ഷുഗർ ഫ്രീ, ലോ ഫാറ്റ് തുടങ്ങിയ ലേബലുള്ള ഭക്ഷണങ്ങൾ, കടുക്, ചോളം, മധുരക്കിഴങ്ങ്, മരച്ചീനി, കാബേജ്, കോളി ഫ്ളവർ ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികൾക്ക് നല്ലതല്ലെന്ന് അറിയാമെങ്കിലും ഇവയിൽ ചിലതിന്റെ രുചി വൈവിധ്യം പലർക്കും ഒഴിവാക്കാനാകില്ല.
അതിനാൽ കപ്പ കഴിക്കണമെങ്കിൽ നന്നായി വേവിച്ച് അതിനൊപ്പം കടൽമത്സ്യമോ ചിക്കനോ കറിവച്ചതുകൂടി കഴിക്കണം. എന്നാലും അതൊരു സ്ഥിരം ഭക്ഷണമാക്കാൻ ശ്രമിക്കുകയുമരുത്. (തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481