ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം, നിലവിലുള്ള ജീവിതശൈലി മാറ്റാം
ഡോ. ഷർമദ് ഖാൻ BAMS, MD
Saturday, February 11, 2023 4:34 PM IST
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിനും അവ ഉണ്ടാകാതെ ആരോഗ്യത്തോടെയിരിക്കുന്നതിനും എന്തൊക്കെ ശ്രദ്ധിക്കണ മെന്ന് ആയുർവേദത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകുന്നുണ്ട്.അതിൽ ചില കാര്യങ്ങൾ വളരെ പ്രാധാന്യത്തോടെ എപ്പോഴും ഓർമിക്കേണ്ടതാണ്.
പഥ്യവും അപഥ്യവും
പഥ്യം എന്നത് ഒരു രോഗാവസ്ഥയെ ഒഴിവാക്കുന്നതിനായി രോഗി ശീലിക്കേണ്ട കാര്യങ്ങളാണ്. രോഗചികിത്സയിൽ മരുന്നു പോലെ പ്രധാനപ്പെട്ടതു തന്നെയാണ് നമുക്ക് ഹിതമായതിനെ ശീലിക്കലും അല്ലാത്തവയെ ഒഴിവാക്കലും. ശീലിക്കേണ്ടതിനെ പഥ്യമെന്നും ഒഴിവാക്കേണ്ടതിനെ അപഥ്യമെന്നും പറയും. അവയും കൂടി ശ്രദ്ധിച്ചാൽ മാത്രമേ കുറച്ചുമാത്രം മരുന്നുകൊണ്ട് കൂടുതൽ ഫലം കിട്ടുന്ന ചികിത്സ ചെയ്യുന്നതിനു സാധിക്കുകയുള്ളൂ.
രോഗകാരണങ്ങളെ ഒഴിവാക്കാം
ഓരോ രോഗത്തിലും രോഗകാരണങ്ങളെ ഒഴിവാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണ്. ഭക്ഷണമായാലും പ്രവർത്തികളായാലും അത് അത്യാവശ്യം തന്നെ. ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാൻ നിലവിലുള്ള ജീവിതശൈലി മാറ്റുകയാണു വേണ്ടത് എന്നു പറയുന്നത് ഇതുകൊണ്ടാണ്.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ അതാത് വ്യക്തികൾക്ക് അല്ലെങ്കിൽ രോഗികളായവർക്ക് നല്ലൊരു പരിധിവരെ സാധിക്കും. അതിനുവേണ്ടി പരമാവധി ശ്രമിക്കുക. അല്ലാതെ മരുന്ന് കഴിച്ചുമാത്രം പ്രമേഹവും രക്തസമ്മർദവും തൈറോയ്ഡും കൊളസ്ട്രോളും പോലുള്ള ജീവിതശൈലീരോഗങ്ങൾ മാറ്റാൻ കഴിയുമെന്ന ധാരണ ശരിയല്ല.
രോഗം നീണ്ടുനിന്നാൽ
രോഗിയായിരിക്കുന്ന കാലയളവ് വർധിക്കുന്നതിനനുസരിച്ച് മറ്റു പല രോഗങ്ങളും നിലവിലുള്ള രോഗത്തിന്റെ സെക്കൻഡറിയായി ഉണ്ടാവാനും അതോടൊപ്പം കൂടുതൽ ശക്തിയേറിയ പുതിയ രോഗങ്ങൾകൂടി ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. ആരോഗ്യനിലവാരം മോശമാകുന്നതിലൂടെ ജീവിതം തന്നെ താളംതെറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
(തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481