കാന്‍സര്‍ പ്രതിരോധത്തില്‍ ഏറ്റവും ഉത്തരവാദിത്വമുള്ള ചുമതല വഹിക്കാനുള്ളത് പുതുതലമുറയ്ക്ക്
ഡോ. കെ രാമദാസ്
Saturday, February 4, 2023 2:27 PM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ജനിച്ചവരോട് കാന്‍സറിനെ കുറിച്ച് അല്‍പം സംസാരിച്ചാലോ? 1997-നും 2012-നും ഇടയില്‍ ജനിച്ച ഡിജിറ്റല്‍ പ്രിയരായ ഇവര്‍ക്ക് കാന്‍സര്‍ വലിയ തോതില്‍ തടയാനാവുന്ന ഒരു രോഗമാണെന്ന് അറിയാമോ? ജനിതകമായി മാത്രം ഉടലെടുത്തതല്ല കാന്‍സര്‍ എന്നും നിങ്ങള്‍ കഴിക്കുകയും ജീവിക്കുകയും ചെയ്യുന്ന രീതികള്‍ വഴി ഈ രോഗത്തിന്‍റെ വരവിനെ നിങ്ങള്‍ക്കു സ്വാധീനിക്കാന്‍ കഴിയും എന്നും മനസിലാക്കുക.
ചില ജീവിത ശൈലികള്‍ നിങ്ങളേയും പ്രിയപ്പെട്ടവരേയും കാന്‍സര്‍ സാധ്യതയിലേക്ക് വലിയ തോതില്‍ കൊണ്ടു പോയേക്കും. അമിത മദ്യപാനം, സിഗററ്റ് വലി, ഏതെങ്കിലും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയവ കാന്‍സറിനു കാരണമാകാം. റെഡ് മീറ്റ് പതിവായി കഴിക്കുന്നതും ട്രാന്‍സ്ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും, അമിത വണ്ണം, വ്യായാമത്തിന്‍റെ കുറവ് എന്നിവയും ഏതെങ്കിലും വിധത്തിലുള്ള കാന്‍സറിനു കാരണമായേക്കാം എന്നാണ് അടുത്ത കാലത്തെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
പക്ഷേ, ഭയപ്പെടേണ്ടതില്ല. കാന്‍സര്‍ അപകട സാധ്യത വിലയിരുത്തലും പരിശോധനയും വളരെ നേരത്തെ തന്നെ നടത്താനാവുന്ന വിധത്തില്‍ സാങ്കേതികവിദ്യയും മരുന്നുകളും പുരോഗമിച്ചിട്ടുണ്ട്. പ്രതിരോധമാണ് ചികില്‍സയേക്കാള്‍ എപ്പോഴും നല്ലത്. ആരോഗ്യപരമായ ജീവിതം എന്നതിലുറച്ചു ജീവിക്കുന്നതാണ് ഏറ്റവും നല്ലത്.
നിങ്ങളുടെ ആരോഗ്യം മാറ്റിവെച്ചിട്ട് ഒന്നും ചെയ്യാനില്ല. സന്തുലിതമായ ഭക്ഷണം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, മദ്യത്തിലും പുകയിലയിലും നിന്നു മാറി നില്‍ക്കുക തുടങ്ങിയവ നിങ്ങളെ വര്‍ഷങ്ങളോളം ഫിറ്റ് ആക്കി നിലനിര്‍ത്തും. നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന കാന്‍സറുകള്‍ നേരത്തെ കണ്ടപിടിക്കുന്നതിനുള്ള പരിശോധനകള്‍ വഴി കാന്‍സര്‍ പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും.
ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളെ കുറിച്ച് സ്ഥിരമായി അവബോധത്തോടെ ഇരിക്കുക എന്നതാണ് കാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള സ്മാര്‍ട്ട് ആയ ഒരു മാര്‍ഗം. ക്രമരഹിതമായ ആര്‍ത്തവം, ക്രമമായി വളര്‍ന്ന് വരുന്ന മുഴകള്‍, ദീര്‍ഘകാലമായി ഭേദമാകാത്ത പരുക്കുകള്‍, അവയുടെ വലുപ്പം വര്‍ധിച്ചു വരിക, ശബ്ദത്തിന് ഉണ്ടാകുന്ന മാറ്റങ്ങള്‍, ആഹാരം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്, വിസര്‍ജ്ജന പ്രക്രിയകളിലുള്ള മാറ്റം, വായ്ക്കകത്തെ ഉണങ്ങാത്ത വൃണങ്ങള്‍, വിട്ടുമാറാത്ത ചുമ, ഒരു കാരണവുമില്ലാതെ രക്തം വരുന്നത്, വിശദീകരിക്കാനാവാത്ത രീതിയില്‍ ശരീര ഭാരം കുറയല്‍, അസ്വാഭാവികമായ മറ്റെന്തെങ്കിലും തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ സ്വയം പരിശോധിച്ചു കൊണ്ടിരിക്കണം.
നിങ്ങളുടെ ശരീരത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ മാതാപിതാക്കളെ അറിയിക്കുകയോ ഏറ്റവും വേഗത്തില്‍ ഡോക്ടറെ കണ്‍സള്‍ട്ടു ചെയ്യുകയോ വേണം. ഒന്നോര്‍ക്കുക, നേരത്തെ കാന്‍സര്‍ കണ്ടെത്തുന്നത് ചികില്‍സയുടെ വിജയത്തിന്‍റെ കാര്യത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.
നേരത്തെ തന്നെ കാന്‍സര്‍ കണ്ടെത്തുന്നതിനെ കുറിച്ചു നിങ്ങളുടെ കുടുംബാംഗങ്ങളോടു പരസ്യമായി ആശയ വിനിമയം നടത്തുന്നതും ഏറെ പ്രധാനപ്പെട്ടതാണ്. നേരത്തെയുള്ള കാന്‍സര്‍ സൂചനാ ലക്ഷണങ്ങള്‍, ജീവിത ശൈലി, കാലാകാലങ്ങളിലുള്ള ആരോഗ്യ പരിശോധനകള്‍, പരിശോധനാ പരിപാടികളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയെ കുറിച്ച് നിങ്ങള്‍ക്ക് ഉത്തരവാദിത്തത്തോടെ അവരെ ബോധവല്‍ക്കരിക്കാം.
നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പുകവലിയോ മദ്യപാനമോ ഉണ്ടെങ്കില്‍ അവരെ മികച്ച ആരോഗ്യ സേവനദാതാക്കള്‍ നടത്തുന്ന ഹെഡ്, നെക് ഓറല്‍ കാന്‍സര്‍ പരിശോധനാ പരിപാടികള്‍ക്കായി പേരു നല്‍കണം. സ്തന, സെര്‍വിക്കല്‍ (ഗര്‍ഭാശയം), അല്ലെങ്കില്‍ വനിതകളുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ പരിശോധനയ്ക്കായി കാലാകാലങ്ങളിലുള്ള വനിതാ വെല്‍നെസ് പരിപാടികള്‍ക്കായി നിങ്ങളുടെ അമ്മ, സഹോദരി, മറ്റ് വനിതാ ബന്ധുക്കള്‍ എന്നിവരെ രജിസ്റ്റര്‍ ചെയ്യാം.
ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളുടെ ലഭ്യതയും വളരെ എളുപ്പമായതിനാല്‍ പുതുതലമുറയ്ക്ക് വൈദ്യശാസ്ത്രപരമായി അംഗീകാരമുള്ള വ്യവസ്ഥാപിത വെബ്സൈറ്റുകളില്‍ നിന്ന് കാന്‍സറിനെ കുറിച്ചു വായിക്കുകയും മനസിലാക്കുകയും ചെയ്യാന്‍ എളുപ്പമാണ്. കാന്‍സറുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഇന്‍റര്‍നെറ്റില്‍ ഇതിന്‍റെ ബാഹുല്യവും ഏറെയാണ്.
ഇത്തരം കാര്യങ്ങളിലേക്കു വീഴാതിരിക്കുക എന്നതാണ് ഏറെ പ്രധാനപ്പെട്ടത്. നിങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫ്ളുവന്‍സര്‍മാരുണ്ടാകും.
കൃത്യമായ അവബോധം വളര്‍ത്താന്‍ അവര്‍ക്കു സാധിക്കും. നിങ്ങളുടെ കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, സമൂഹം എന്നിവര്‍ക്കിടയില്‍ ഒരു ഇന്‍ഫ്ളുവന്‍സറായി മാറുന്നതും നിങ്ങള്‍ക്കു പരിഗണിക്കാം. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിനെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും മോശം ഭക്ഷണ ശീലങ്ങളുടെ അപകടങ്ങളെ കുറിച്ച് അവര്‍ക്ക് അറിവു പകരുകയും എല്ലാം നിങ്ങള്‍ക്കു ചെയ്യാം. ഒറ്റപ്പെട്ട ജീവിതശൈലിയും ഒട്ടും നല്ലതല്ല. അതുകൊണ്ട് കൂട്ടുകാരുമായി ഇടകലരുകയും ഇടയ്ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകു കയും ചെയ്യണം.
നിങ്ങളുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും കാന്‍സര്‍ മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ സാധ്യമായ എല്ലാ രീതികളിലും അവരെ സഹായിക്കാനായി മുന്നോട്ടു വരാം. ഡോക്ടറെ കാണാനായുള്ള യാത്രകളില്‍ അവരെ അനുഗമിക്കാം. അവര്‍ക്കായി ഗുണമേന്‍മയുള്ള രീതിയില്‍ സമയം ചെലവഴിക്കാം.
അവര്‍ക്കായി ചെറിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാം. ഓര്‍മിക്കുക, കാന്‍സര്‍ രോഗികള്‍ വൈകാരികമായ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ഉപാധികളില്ലാത്ത സ്നേഹം അവരെ സംബന്ധിച്ച് വളരെ വലുതാണ്.
നിങ്ങള്‍ക്കറിയാവുന്നതു പോലെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയില്‍ ഗണ്യമായ പുരോഗതിയാണു കൈവരിച്ചിട്ടുള്ളത്. കാന്‍സര്‍ ചികില്‍സാ രംഗത്തു മുന്നേറ്റം കൈവരിക്കാനും ഇതു സഹായകമായിട്ടുണ്ട്.
ആദ്യ ഘട്ടത്തിലെ കാന്‍സര്‍ നിര്‍ണയം മുതല്‍ പുരോഗമിച്ച ഘട്ടങ്ങളിലെ കാന്‍സര്‍ പരിരക്ഷ വരെയുള്ള കാര്യങ്ങളില്‍ വൈദ്യശാസ്ത്ര ഇടപെടല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കാന്‍സര്‍ ചികില്‍സാ രംഗത്തു വന്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ സഹായകമായിട്ടുണ്ട്. ആധുനീക വൈദ്യോപകരണങ്ങളുടെ ഇക്കാലത്ത് താങ്ങാനാവുന്ന ചെലവില്‍ കാന്‍സര്‍ രോഗനിര്‍ണയവും ചികില്‍സയും പരിചരണവുമെല്ലാം ലഭ്യമാണ്.
കാന്‍സര്‍ സാധ്യതയുള്ള വ്യക്തികളിലെ വിലയിരുത്തലിനായി നിര്‍മിത ബുദ്ധി അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനുകളും വികസിപ്പിച്ചിട്ടുണ്ട്. വിദൂര സ്ഥലങ്ങളിലുള്ള രോഗികള്‍ക്കു പോലും ഡോക്ടറുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന വിധത്തില്‍ ടെലി മെഡിസിനിലുള്ള മുന്നേറ്റമാണ് മറ്റൊന്ന്. ഒന്‍പതിനും 15 നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ എടുത്ത് സെര്‍വിക്കല്‍ കാന്‍സര്‍ തടയാനാവും എന്നു നിങ്ങള്‍ക്കറിയാമോ? എച്ച്പിവി പരിശോധനയേയും സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തേയും കുറിച്ചു കൂടുതല്‍ അറിയാനായി നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കണം.
അതുകൊണ്ട് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന്‍റെ ചുമതല ഏറ്റെടുത്ത് ഈ രംഗത്തെ അപര്യാപ്തതകള്‍ ഇല്ലാതാക്കാനുള്ള കാമ്പയിനില്‍ പങ്കാളിയാകു. ഈ ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാന്‍ പറ്റുന്ന ഇടമാക്കി മാറ്റാനും കാന്‍സര്‍ ഒഴിവാക്കി ആരോഗ്യകരമായ ജീവിതം നയിക്കാനും നിങ്ങള്‍ക്ക,് പ്രത്യേകിച്ച് പുതുതലമുറയ്ക്ക് ഏറെ ചെയ്യാനുണ്ട്.
ഡോ. കെ രാമദാസ്,
ഡയറക്ടര്‍, ക്ലിനിക്കല്‍ ഓപറേഷന്‍സ് ആന്‍റ് അലൈഡ് സര്‍വീസസ്, കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍