പാദങ്ങളിൽ വ്രണം, സ്പർശനശേഷി നഷ്ടമാകൽ
ഡോ. എം. പി. മണി
Wednesday, January 25, 2023 6:53 PM IST
പ്രമേഹം ബാധിക്കുന്നവരിൽ പാദങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സിരകളിൽ നാശം ഉണ്ടാകുന്നതാണ് പാദങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്. പാദങ്ങളിൽ സ്പർശന ശേഷി ഇല്ലാതായി എന്നുവരാം. ചിലരിൽ പാദങ്ങൾ എവിടെയെങ്കിലും തട്ടുകയോ മുറിവുകൾ ഉണ്ടാവുകയോ ചെയ്താൽ പോലും അറിയില്ല. രക്തപ്രവാഹം പ്രശ്നങ്ങൾ നിറഞ്ഞതാകും.
അങ്ങനെയാണ് ചില പ്രമേഹ ബാധിതരിൽ പാദത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നതും അണുബാധകൾ ഉണ്ടാകുന്നതും മുറിവ് കരിയാതെ വരുന്നതും. ഇങ്ങനെയുള്ള വ്രണങ്ങൾ ശരിയായ രീതിയിൽ ചികിത്സിക്കാതിരിക്കുകയോ ചികിത്സ ഫലിക്കാതിരിക്കുകയോ ചെയ്യുന്നവരിലാണ് ആ ഭാഗം പിന്നീട് മുറിച്ചുമാറ്റേണ്ടി വരാറുള്ളത്.
വൃക്കകൾക്കു നാശം...
വൃക്കകൾ ശരീരത്തിലെ മർമ പ്രധാനമായ അവയവങ്ങളാണ്. ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറത്തുകളയുന്നത് വൃക്കകളാണ്. പ്രമേഹത്തിന്റെ ഭാഗമായി വൃക്കകളിൽ നാശം സംഭവിക്കുന്നവരിൽ വൃക്കരോഗങ്ങൾ ഉണ്ടാവും. മൂത്രത്തിൽ പ്രോട്ടീൻ, ഇടയ്ക്കിടെ മൂത്രം ഒഴിക്കേണ്ടതായി വരിക, രക്തസമ്മർദം എപ്പോഴും ഉയർന്ന നിലയിൽ കാണുക, പാദങ്ങൾ, കണങ്കാലുകൾ, കൺതടങ്ങൾ, കൈകൾ എന്നിവിടങ്ങളിൽ നീര്, മനംപുരട്ടൽ, ഛർദി എന്നിവ ആയിരിക്കും അതിന് അനുബന്ധമായി കാണുന്ന അസ്വസ്ഥതകൾ.
രക്തക്കുഴലുകളിൽ...
പ്രമേഹ ബാധിതരിൽ രക്തക്കുഴലുകളിൽ സംഭവിക്കുന്ന നാശം വളരെയധികം ഗൗരവമുള്ള ഒരു പ്രശ്നമാണ്. മരവിപ്പ്, വേദനയും ചൂടും അറിയാനുള്ള ശേഷി ഇല്ലാതാവുക എന്നിവയാണ് അതിന്റെ പ്രധാന പ്രശ്നങ്ങൾ. ഇതോടൊപ്പം പേശികളിൽ ചില ഭാഗങ്ങളിൽ തുടിപ്പുകളും കോച്ചിവലിയും കാണാൻ കഴിയും. വ്രണങ്ങളും അണുബാധകളും വേറെ പ്രശ്നങ്ങളാണ്.
മോണയിൽ
പ്രമേഹ ബാധിതരായ ഒരുപാടുപേരിൽ മോണകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. മോണകളിലെ ധമനികൾക്കു കട്ടി കൂടുന്നതാണ് പ്രധാന കാരണം. ധമനികൾക്ക് കട്ടി കൂടുമ്പോൾ ആവശ്യമായ രക്തം ആവശ്യമുള്ള ഭാഗങ്ങളിൽ എത്തുകയില്ല. പല്ലുകൾക്ക് ഇടയിലും മോണകളിലും അണുബാധ ഉണ്ടാവുകയാണെങ്കിൽ മോണകളിൽ നിന്നു രക്തം വരികയും മോണകളിൽ വേദന അനുഭവപ്പെടുകയും ചെയ്യും. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393