ഇരുന്പിന്റെ കുറവ് പരിഹരിക്കാം
Wednesday, January 4, 2023 9:32 PM IST
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല.
ഇവയിലുണ്ട് വിറ്റാമിൻ സി
പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. വിറ്റാമിൻ ഗുളികകൾ ഫിസിഷ്യന്റെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.
വിറ്റാമിൻ ബി12
കോഴി, താറാവ് ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളം. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്. ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായകം.
ഫോളിക്കാസിഡ്
കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവയിൽ ഫോളേറ്റുകളുണ്ട്.
വ്യായാമം ചെയ്യുന്പോൾ
വ്യായാമത്തിലേർപ്പെടുന്പോൾ ശരീരത്തിനു കൂടുതൽ ഓക്സിജൻ ആവശ്യമായിവരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനു ശരീരം കൂടുതൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കും.
കോള പാനീയങ്ങൾ ശീലമാക്കരുത്
ഭക്ഷണത്തിൽ നിന്ന് ഇരുന്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്.
കാപ്പി, ചായ, കോള പാനീയങ്ങൾ, ബീയർ, വൈൻ, കാൽസ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങൾ, കാൽസ്യം സപ്ളിമെന്റ്സ് തുടങ്ങിയവ ഇരുന്പിന്റെ ആഗിരണം തടയുന്നതായി പഠനങ്ങളുണ്ട്.
സ്വയംചികിത്സ ഒഴിവാക്കാം
ഹീമോഗ്ലോബിൻ തീരെ കുറവുളളവർ ഇത്തരം വിഭവങ്ങൾ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു ഡയറ്റീഷന്റെ നിർദേശം തേടണം. സ്വയം ചികിത്സ വേണ്ട. വിളർച്ചാലക്ഷണങ്ങൾ അവഗണിക്കരുത്.