ദന്തക്ഷയത്തിനിടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കാം
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
Wednesday, December 28, 2022 2:53 PM IST
പല്ലിൽ പോട് വലുതായി കുട്ടികളിലെ റൂട്ട് കനാൽ അഥവാ പൾപെക്ടമി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ പല്ലെടുത്തു കളയേണ്ടിവരുന്നു. സ്ഥിരദന്തങ്ങൾ വരാൻ താമസമുണ്ടെങ്കിൽ ഭാവിയിൽ പല്ലു നിരതെറ്റി വരാനുള്ള സാധ്യത കൂടുന്നു.
കുട്ടികളിലെ ദന്തക്ഷയം തടയാൻ
അമ്മയ്ക്ക് അല്ലെങ്കിൽ കുഞ്ഞിനെ നോക്കുന്നവർക്ക് ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും പാൽ കൊടുക്കുന്നതിനെക്കുറിച്ചും ശരിയായ അറിവു പകരുക എന്നതാണ് ഇതു തടയാൻവേണ്ടി ചെയ്യേണ്ടത്.
ബാക്ടീരിയ പടരുന്നതു തടയാം
അമ്മ അല്ലെങ്കിൽ കുട്ടിയെ പരിപാലിക്കുന്നവരുടെ വായിലുള്ള ബാക്ടീരിയയെ കുറയ്ക്കുക എന്നുള്ളതാണ് ഇതു തടയാൻ ചെയ്യേണ്ടത്.
* ഇതിനുവേണ്ടി ക്ലോർഹെക്സിഡിൻ അടങ്ങിയ മൗത്ത് റിൻസുകൾ, ജെൽ, ടൂത്ത് പേസ്റ്റ് എന്നിവ അമ്മ അല്ലെങ്കിൽ കുഞ്ഞിനെ പരിപാലിക്കുന്നവർ ഉപയോഗിക്കേണ്ടതാണ.്
* കുഞ്ഞും അമ്മയും ഒരേ പാത്രം ഉപയോഗിക്കുന്നതും അമ്മയുടെ വായിൽ കുഞ്ഞ്
വിരലിടുന്നതും ഒഴിവാക്കുക.
ദന്താരോഗ്യ ബോധവത്കരണം
ശരിയായ ദന്താരോഗ്യ ബോധവത്കരണം കുട്ടികളുടെ മാതാപിതാക്കളിൽ ദന്തക്ഷയത്തെക്കുറിച്ചുള്ള അറിവു വർധിപ്പിക്കാനും അതുവഴി ഇതു തടയാനും സാധിക്കുന്നു.
മധുരം കഴിച്ചാൽ ദന്തശുചിത്വം ഉറപ്പാക്കണം
* മധുരപദാർഥങ്ങൾ അടങ്ങിയ കുപ്പി കുട്ടിയുടെ വായിൽ വച്ച് ഉറക്കാതിരിക്കാൻ ശ്രദ്ധിക്കുക.
* ആദ്യത്തെ പല്ലു മുളയ്ക്കുകയും മറ്റു മധുരമടങ്ങിയ ഭക്ഷണം കഴിക്കലും തുടങ്ങിയാൽ കുട്ടിയുടെ ഇഷ്ടപ്രകാരമുള്ള മുലയൂട്ടൽ നിർത്തുക.
* പല്ലു മുളയ്ക്കുന്നതിന്റെ മുന്പ് മുലയൂട്ടിക്കഴിഞ്ഞാൽ മോണ ഒരു കോട്ടണ് തുണി ഉപയോഗിച്ചു വൃത്തിയാക്കുക.
* ഒരു വയസാകുന്പോൾ കപ്പുപയോഗിച്ച് കുടിക്കാൻ പ്രോത്സാഹിപ്പിക്കുക. 12-14 മാസമുള്ളപ്പോൾ പാൽക്കുപ്പിയുടെ ഉപയോഗം നിർത്തേണ്ടതാണ്.
* ഇടനേരങ്ങളിൽ മധുരമടങ്ങിയ ഭക്ഷണം
കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ കഴിച്ചുകഴിഞ്ഞാൽ ദന്തശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്. (തുടരും)
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ,
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903